എന്റെ മകളുടെ മുഖത്ത് നോക്കി ‘കുട്ടിക്ക് അച്ഛന്റെ കുറവ് തോന്നില്ലേ?’ എന്നൊക്കെ ചോദിച്ചവരുണ്ട്: വൈറലായി ജസീനയുടെ കഥ

136

ഭർത്താവിൽ നിന്ന് വിവാഹമോചിതരായ സ്ത്രീകളെ പണ്ട് കാലത്ത് സമൂഹം മുൻവിധിയോടെ നോക്കിക്കണ്ടിരുന്ന കാലമൊക്കെ ഏറെ മാറി. കരുത്തോടെ സിംഗിൾ മദറായി തനിച്ച് മക്കളെ വളർത്തി ജീവിത വിജയം കൊയ്ത എത്രയോ അമ്മമാർ അഭിമാനമായി മാറിയ കാലമാണ് ഇപ്പോൾ.

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ബാലികാ ദിനം. ഈ ദിനത്തിൽ സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടുന്ന ഒരു സിംഗിൾ മദറിനെ കുറിച്ച് നിങ്ങളറിയണം. വിവാഹബന്ധം പിരിഞ്ഞ് മകളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത കരുത്തയായ ഒരമ്മ, എഴുത്തുകാരിയും സാമൂഹികപ്രവർത്തകയും സൈക്കളോജിസ്റ്റുമായ ജസീന ബക്കർ. ചുറ്റും നിന്ന് പരിഹസിക്കുകയും അടക്കം പറയുകയും ചെയ്യുന്നവർക്ക് മുന്നിൽ നിന്ന് തലയുയർത്തി ജീവിച്ച് കാട്ടിക്കൊടുക്കുന്ന ഒരമ്മയുടെ ജീവിത കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. വനിത മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജസീന തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിയ്ക്കപ്പെടുന്നത്.

Advertisements

ALSO READ

84 മത് വയസിൽ ആരോരുമില്ലാത്ത ആ അമ്മയ്ക്ക് സഹായവുമായി സുരേഷ് ഗോപി

ഒരു സ്ത്രീ സമൂഹത്തിന് മുന്നിൽ അവരുടെ ആകുലതകൾ പറഞ്ഞ് കരഞ്ഞാൽ കൂടുന്നത് അനുകമ്പയും സഹതാപവുമാണ്. അതേസമയം ഉറച്ച ശബ്ദത്തിൽ അവകാശങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങിയാൽ ‘ധിക്കാരി’ എന്ന പട്ടമാണ് കിട്ടുന്നത്. ബന്ധം വേർപെടുത്തിയ സ്ത്രീയുടെ എല്ലാ ചലനങ്ങളും സസൂക്ഷ്മം വീക്ഷിക്കാൻ കുറച്ച് പേരുണ്ട്. എവിടെ പോകുന്നു, എന്ത് വേഷമാണ് ധരിക്കുന്നത്, അവൾ സംസാരിക്കുന്നത് എങ്ങനെയാണ് എന്നൊക്കെ ഇക്കൂട്ടർ നോക്കും. സിംഗിൾ മദേഴ്‌സിന് പൊതുവേ നൽകിയിരിക്കുന്നത് ദുഖഃപുത്രിയുടെ ഇമേജാണെന്നും ജസീല പറയുന്നുണ്ട്.

ഈ നോട്ടക്കാരുടെ അളവുകോലിൽ നിന്ന് അണുവിട അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പ്രശ്‌നമാണ്. ചിരിച്ച് കൊണ്ടൊരു സെൽഫി പോസ്റ്റ് ചെയ്താൽ പോലും ബഹളം വെക്കും ഇക്കൂട്ടരെന്നും ജസീല അഭിമുഖത്തിൽ പറഞ്ഞു. എറണാകുളത്തേക്ക് മാറിത്താമസിക്കേണ്ട അവസ്ഥയിൽ സിംഗിൾ മദറിന് ഫ്‌ലാറ്റോ വീടോ കിട്ടാൻ പ്രയാസമാണെന്നും ജസീല പറഞ്ഞു. ഞാൻ എന്ത് ചെയ്യുന്നു എന്നതിലുപരി ഭർത്താവ് എന്ത് ചെയ്യുന്നു എന്നാണ് പലർക്കും അറിയേണ്ടത്. ഈ ചോദ്യം വരുന്നതിന് മുൻപ് സിംഗിൾ മദറാണെന്ന് അങ്ങോട്ട് പറയാറാണ് പതിവെന്നും ജസീല പറയുന്നുണ്ട്.

മകൾ മെഹക്കിന് രണ്ട് വയസ്സുള്ളപ്പോൾ മുതൽ വീട്ടിൽ പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു. മെഹക്കിനിപ്പോൾ 13 വയസ്സായി. അവൾക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് വിവാഹമോചനം ലഭിച്ചത്. പുറത്തു നിന്ന് നോക്കുന്നവർക്കുള്ളത്ര ‘ബുദ്ധിമുട്ടൊന്നും’ ഏതായാലും ഞങ്ങൾക്കില്ലെന്ന് ജസീന പറയുന്നു. പുറത്തുള്ളവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ സന്തോഷങ്ങളുടെ അതിരിലേക്ക് കടത്താറുമില്ലെന്ന് ജസീന പറഞ്ഞു. ഇന്ന് സെലിബ്രിറ്റികളടക്കം വിവാഹബന്ധം വേർപിരിയുന്നതിനെ കുറിച്ചും സിംഗിൾ പാരന്റിങ്ങിനെ കുറിച്ചും ഒക്കെ തുറന്ന് സംസാരിക്കുന്നതു കൊണ്ട് പുതിയ തലമുറക്കാർ ഇത്തരം കാര്യങ്ങളോട് വളരെ മെച്ചപ്പെട്ട രീതിയിലാണ് സമീപിക്കുന്നതെന്നും ജസീല കൂട്ടിച്ചേർത്തു.

മോളോടു പറഞ്ഞു കൊടുക്കാറുള്ളത് നമ്മൾ രണ്ടു പേരും തന്നെ പൂർണരാണ് എന്നാണ്. അച്ഛനും, അമ്മയും, കുട്ടികളുമുള്ള ചിത്രം കാട്ടിയാണ് കുട്ടിയെ ചെറിയ ക്ലാസ്സ് മുതൽ ‘ഹാപ്പി ഫാമിലി’ എന്ന് പറഞ്ഞ് പഠിപ്പിക്കുന്നത്. അതിലൂടെ പറയാതെ പറയുന്നത് അതല്ലാത്തതെല്ലാം സങ്കടമാണെന്നല്ലേ. അതൊക്കെ മാറ്റേണ്ടതിന്റെ ആവശ്യകത സർക്കാരും കരിക്കുലം പ്ലാൻ ചെയ്യുന്നവരും ഒക്കെ ചിന്തിക്കണമെന്നും ജസീല ഓർമ്മിപ്പിക്കുന്നുണ്ട്.

ALSO READ

ഇപ്പോഴും അക്കാര്യം ഓർക്കുമ്പോൾ സങ്കടം വരും, ഇത്രപെട്ടന്ന് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല : നെടുമുടി വേണുവിനെ കുറിച്ച് കവിയൂർ പൊന്നമ്മ

മോളോട് ഞാനാണ് നിന്റെ അച്ഛനും അമ്മയും എന്ന് പറയാറില്ല. അവൾക്ക് അമ്മ തന്നെ ധാരാളം എന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടാകും. ഇനി അഥവാ എന്തെങ്കിലും കാര്യം ചെയ്യാൻ സാധിച്ചിട്ടില്ലെങ്കിൽ മമ്മയ്ക്ക് ഇപ്പോ അതു പറ്റാത്ത കൊണ്ടാണ് എന്ന് മാത്രമേ അവൾ പറയൂ. അല്ലാതെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു എന്ന് അവൾ പറയാറില്ല. വേറൊരാളുടെ അഭാവം ഞങ്ങളിൽ എന്തെങ്കിലും കുറവുണ്ടാക്കുന്നില്ല എന്ന സന്ദേശമാണ് എല്ലാവർക്കും കൊടുക്കാറെന്നും ജസീല പറഞ്ഞു.

‘ഇനി കല്യാണം കഴിക്കുന്നില്ലേ’ എന്നാണ് സ്ഥിരമായി കേൾക്കുന്ന ചോദ്യം. അത് പുറത്തു നിന്നൊരാൾ പറഞ്ഞ് എനിക്ക് തോന്നേണ്ട സംഗതിയല്ലല്ലോ. എന്റെ മകളുടെ മുഖത്ത് നോക്കി ‘കുട്ടിക്ക് അച്ഛന്റെ കുറവ് തോന്നില്ലേ?’ എന്നൊക്കെ ചോദിച്ചവരുമുണ്ടെന്ന് ജസീല. ഇവർക്കൊക്കെ നല്ലത് പറയാൻ ഇല്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള സാമാന്യ ബോധം പുലർത്തിക്കൂടേയെന്നും ജസീല ചോദിക്കുന്നുണ്ട്.

മകളുമായി ഒറ്റയ്ക്ക് ജീവിതം തുടങ്ങിയപ്പോൾ ജോലിസംബന്ധമായിട്ടുള്ള കാര്യങ്ങളായിരുന്നു ആദ്യം നേരിടേണ്ടി വന്ന വെല്ലുവിളി. കുഞ്ഞിനെ സുരക്ഷിതമായ സ്ഥലത്ത് നിർത്തിയിട്ടു ജോലിക്കു പോകണം, അന്ന് നാട്ടിൽ ഡേ കെയർ സെന്ററുകളില്ല. ജോലി കളയാനും പറ്റില്ല. ഇതൊക്കെ മറികടന്നാണ് മോളെ കൂടെ കൂട്ടി ജോലി തുടങ്ങിയത്. പിന്നീട് മോൾ കുറച്ചു വലുതായ ശേഷമാണ് നല്ലൊരു ജോലി തിരഞ്ഞെടുത്തത്.

സൈക്കോളജിസ്റ്റ് എന്ന നിലയിൽ പെൺകുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ നേരിട്ടറിയാം. വീട്ടുകാരുടെ പോലും സപ്പോർട്ടില്ലാത്ത പല പെൺകുട്ടികളും എന്റെയടുത്ത് വരാറുണ്ട്. സോഷ്യൽ മീഡിയയിൽ വീടുവിട്ട് ഇറങ്ങി പോരാമായിരുന്നില്ലേ എന്ന് പറയുന്നവർ പോലും സ്വന്തം മക്കളുടെ കാര്യത്തിൽ ഈ പരിഗണനയല്ല കാട്ടാറുള്ളത് എന്നതാണ് വസ്തുതയെന്നും ജസീല പറയുന്നു.

എപ്പോഴും ആശയക്കുഴപ്പം പ്രശ്‌നങ്ങളിലേക്കും വഴക്കിലേക്കുമെത്തിക്കുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടികൾക്ക് കടുത്ത മാനസിക പിരിമുറുക്കങ്ങൾ അനുഭവപ്പെടാറുണ്ട്. എന്നാൽ നമ്മുടെ ചുറ്റുമുള്ളവർ നമ്മെ പഠിപ്പിക്കുന്നത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി കുട്ടികളുടെ പ്രശ്‌നങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങളെയും പൊരുത്തക്കേടുകളെയും സഹിച്ച് ശ്വാസംമുട്ടി നിൽക്കാനാണ്. സന്തോഷമില്ലാത്ത ഇടങ്ങളിൽ നിന്ന് ശ്വാസംമുട്ടുന്നത് മണ്ടത്തരമാണെന്നും ജസീല അഭിമുഖത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്.

 

Advertisement