മോളേ നീ എന്താണ് എപ്പോഴും കരയുന്നത്. വിശക്കുന്നതുകൊണ്ടാണോ…? അമ്മ ചോറു തരാം കേട്ടോ.. പലപ്പോഴും കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്മമാര്‍ വിചാരിക്കുന്നത് വിശപ്പുകൊണ്ട് മാത്രമാണെന്നാണ്. കുഞ്ഞുങ്ങളുടെ കരച്ചില്‍ അമ്മമാരെയും വേദനിപ്പിക്കും
ഞാന്‍ എന്തിനാണ് കരയുന്നതെന്ന് അമ്മയെ പറഞ്ഞു മനസിലാക്കാന്‍ കുഞ്ഞിനുമാകില്ല. വര്‍ത്തമാനം പറഞ്ഞുതുടങ്ങാത്ത കുഞ്ഞുങ്ങള്‍ അമ്മയെ തന്റെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള ഒരു മാര്‍ഗമായിട്ട് കരുതുന്നത് കരച്ചിലിലൂടെയാണ്.
കുഞ്ഞുങ്ങള്‍ കരയുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും.
അമ്മേ.. എനിക്കുറക്കം വരുന്നു.
കുഞ്ഞുങ്ങള്‍ കണ്ണുതിരുമ്മിക്കൊണ്ട് കരയുന്നത് കാണാറില്ലേ. അതൊരു സൂചനയാണ്. ‘എനിക്കുറക്കം വരുന്നുണ്ട്’ ഞാന്‍ ഉറങ്ങാന്‍ പോകുകയാ’എന്നൊക്കെയുള്ളതിന്റെ സൂചന. കുട്ടി ഇടയ്ക്കുണര്‍ന്നു കരഞ്ഞു തുടങ്ങുമ്പോള്‍ അമ്മമാര്‍ മനസിലാക്കണം.
ചിലപ്പോള്‍ കൊതുക് കടിക്കുന്നുണ്ടാകും. അല്ലെങ്കില്‍ ഉറക്കത്തില്‍ മൂത്രമൊഴിച്ചുകാണും. ഇത്തരത്തിലുള്ള പല കാരണങ്ങള്‍കൊണ്ട് കുഞ്ഞുങ്ങള്‍ കരയുന്നത്.
കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന സമയത്ത് ശബ്ദകോലാഹലങ്ങള്‍ അവരുടെ ഉറക്കം നഷ്ടപ്പെടുത്തും. കുട്ടികള്‍ ഉറങ്ങുമ്പോള്‍ ശല്യപ്പെടുത്തുന്ന രീതിയില്‍ ബഹളം വയ്ക്കാതിരിക്കുക.
കുളിപ്പിച്ചുകഴിയുമ്പോഴും ഭക്ഷണം കഴിച്ചുകഴിയുമ്പോഴും പലപ്പോഴും കുഞ്ഞുങ്ങള്‍ കോട്ടുവായിടാറുണ്ട്.അവര്‍ക്ക് ഉറക്കം വന്നിട്ടാണത്. അപ്പോഴവര്‍ക്ക്് നന്നായുറങ്ങാനുള്ള സാഹചര്യമുണ്ടാക്കിക്കൊടുക്കുക.
അമ്മേ വിശക്കുന്നു.
കുഞ്ഞുങ്ങള്‍ കരയുമ്പോഴേ ചില അമ്മമാര്‍ ചോദിക്കും വാവേ.. നിനക്കു വിശക്കുന്നുണ്ടല്ലേ?? കുഞ്ഞുങ്ങള്‍ക്ക് വിശക്കുന്നുണ്ടെന്ന് അമ്മയ്ക്ക് തിരിച്ചറിയാനാകും. അമ്മയുടെ കൈയില്‍ ഇരിക്കുന്ന കുഞ്ഞ് ദേഹമാകെ ഒന്നു പരതും. പാലു വേണമെന്നാണ് സൂചിപ്പിക്കുന്നത്.
പാലു കുടിച്ചുകഴിഞ്ഞാല്‍ അവര്‍ കളിചിരികളിലേക്ക് തിരികെ വരുന്നതായി കാണാം. ചില കുഞ്ഞുങ്ങള്‍ കൈവിരലുകള്‍ വായിലിടുന്നത് കാണാറുണ്ട്. എനിക്കു ഭക്ഷണം വേണം എന്നു പറയുന്നതിനുള്ള സൂചനയാവാമത്.
അമ്മേ തണുക്കുന്നു.
ചൂട് അധികമായാലും തണുപ്പധികമായാലും കുഞ്ഞുങ്ങള്‍ക്കത് സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അപ്പോള്‍ അവര്‍ കരഞ്ഞുതുടങ്ങും. കുളിപ്പിച്ചാല്‍ തോര്‍ത്താന്‍ വൈകിയാല്‍, വെള്ളത്തിന് ഇത്തിരി തണുപ്പ് കൂടുതലായാല്‍ അപ്പോഴെല്ലാം കുഞ്ഞുങ്ങള്‍ കരയും.
കുഞ്ഞുങ്ങളെ കുളിപ്പിക്കും മുമ്പായി തോര്‍ത്താനുള്ള ടൗവ്വല്‍, ബേബി സോപ്പ്, ലോഷന്‍ഇവയെല്ലാം കരുതിവയ്ക്കണം.
കുളിപ്പിച്ചു കഴിഞ്ഞാലുടന്‍ നന്നായി തോര്‍ത്തുക. ഇല്ലെങ്കില്‍ കുഞ്ഞിന് ജലദോഷമുണ്ടാകാനുള്ള സാധ്യതയേറെയാണ്. നാപ്കിന്‍ മാറിയശേഷം കുഞ്ഞുങ്ങളുടെ ശരീരം കഴുകാറുണ്ട്.
എന്നാല്‍ പല അമ്മമാരും ശരീരത്തിലെ വെള്ളം തുടച്ചുകളയാറില്ല. ശരീരം കഴുകിയശേഷം തുടച്ചെടുക്കുക. ഇങ്ങനെ ചെയ്തിെല്ലങ്കില്‍ കുഞ്ഞുങ്ങള്‍ കരഞ്ഞു തുടങ്ങും.
തണുപ്പും ചൂടും കൂടിയ വെള്ളം കുളിപ്പിക്കാനുപയോഗിക്കാതിരിക്കുക. കുളിപ്പിക്കുന്ന വെള്ളത്തില്‍ ഡെറ്റോള്‍ ഒഴിക്കരുത്. കുഞ്ഞുങ്ങളുടെ മൃദുവായ ശരീരത്തില്‍ ഇത്തരം അണുനാശിനികള്‍ പിടിച്ചെന്നുവരില്ല. ചൂടുള്ള കാലാവസ്ഥയില്‍ കുഞ്ഞിന്റെ ശരീരം ഒന്നാകെ പൊതിയുന്ന വസ്ത്രങ്ങള്‍ അണിയിക്കരുത്.
എനിക്കീ ചേച്ചിയെ അറിയില്ല.
കുഞ്ഞുങ്ങളെ അപരിചിതര്‍ എടുക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ വളരെ ഉച്ചത്തില്‍ കരയും. അപരിചിതരുടെ ശബ്ദം കേള്‍ക്കുന്നതുമൂലവും കുട്ടികള്‍ അസ്വസ്ഥരാകാറുണ്ട്.
എന്തെങ്കിലും പാര്‍ട്ടികളില്‍ പോകുമ്പോഴും വീട്ടില്‍ അതിഥികള്‍ വരുമ്പോഴും ഉറക്കെയാണ് കുട്ടികള്‍ ഇത്തരത്തില്‍ കരയുന്നത്. അമ്മയോ അച്ഛനോ എടുത്ത് അയ്യേ.. വാവ എന്തിന് കരയുന്നത്..??എന്ന് ചോദിച്ച് ഒന്നു തലോടിയാല്‍ മതി, ദാ കരച്ചില്‍ പോയി ചിരിപൊട്ടും.
എനിക്കു കളിക്കണം.
ചില കുഞ്ഞുങ്ങള്‍ അവര്‍ക്ക് ഇഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ കരയാറുണ്ട്. ആ കളിപ്പാട്ടങ്ങളോടൊപ്പം കളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവും.
കുഞ്ഞ് കരയുന്നത് ആ കളിപ്പാട്ടത്തെ ചൂണ്ടിയാണെങ്കില്‍ അതിനരികിലേക്ക് അമ്മയെ എത്തിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ആ കളിപ്പാട്ടം കുഞ്ഞിന് ഇഷ്ടപ്പെട്ടു കഴിഞ്ഞു. അത് എന്തുമാകാം. സ്പൂണ്‍, ഗ്ലാസ് ഇങ്ങനെ പല വസ്തുക്കളും കുഞ്ഞുങ്ങള്‍ ആഗ്രഹിക്കും.
എനിക്കീ ഉടുപ്പ് വേണ്ട.
കുഞ്ഞുങ്ങളുടെ ഇഷ്ടമറിഞ്ഞുവേണം വസ്ത്രം ധരിപ്പിക്കാന്‍. ചില കുഞ്ഞുങ്ങള്‍ക്ക് അയഞ്ഞു കിടക്കുന്ന ഉടുപ്പുകളോടാണ് താത്പര്യം. ദേഹം മുഴുവന്‍ പൊതിയുന്ന വസ്ത്രങ്ങള്‍ ധരിപ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയും. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളറിഞ്ഞു വസ്ത്രം തിരഞ്ഞെടുക്കണം.
എനിക്കു വയ്യ.
പാലു കൊടുത്തിട്ടും ഇഷ്ടമുള്ള വസ്തുക്കള്‍ കൊടുത്തിട്ടും കരച്ചില്‍ നില്‍ക്കുന്നില്ലായെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞിനു മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാകും.
പനി, ദേഹത്തുവേദന, ചെവിവേദന ഇങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളെ അലട്ടാം. എത്രയും വേഗം ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
കുഞ്ഞുങ്ങള്‍ കൈയുയര്‍ത്തിപ്പിടിച്ച് കരയുന്നത് കാണാറില്ലേ? തന്നെ എടുക്കണമെന്ന് കുഞ്ഞ് ആഗ്രഹിക്കുന്നുണ്ടാകും. കുഞ്ഞിനെ കൈയിലെടുത്ത് നെഞ്ചോടു ചേര്‍ക്കുമ്പോള്‍ അമ്മയുടെ ചൂട് അല്ലെങ്കില്‍ അപ്പന്റെ ചൂട് അറിയും.
അവിടെ കുഞ്ഞിന്റെ മനസില്‍ രൂപപ്പെടുന്നത് ഒരു സുരക്ഷിതത്വമാണ്. കുഞ്ഞു കൈയുയര്‍ത്തിപ്പിടിച്ച് എന്തെങ്കിലുമൊക്കെ ശബ്ദം പുറപ്പെടുവിക്കുകയാണെങ്കില്‍ കുഞ്ഞിനെ എടുക്കുക. അവന്‍/അവള്‍ കരച്ചില്‍ നിര്‍ത്തും തീര്‍ച്ച.