ഇരുപതുകൊല്ലം കാത്തിരുന്നു വീട്ടുകാരുടെ എതിര്‍പ്പ് ഒന്ന് മാറ്റാന്‍; വീട്ടില്‍ സമ്മതിച്ചില്ല എന്ന് പറഞ്ഞ് ഒളിച്ചോടുന്നവരും ആത്മഹത്യചെയ്യാന്‍ ഒരുങ്ങുന്നവരും വായിക്കണം രാമദാസന്റേയും രജനിയുടേയും ദിവ്യ പ്രണയസാഫല്യത്തിന്റെ കഥ

39

തിരുവനന്തപുരം: ഇരുപതുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാമദാസനും രജനിയ്ക്കും പ്രണയസാഫല്യം, ആ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും. സ്പീക്കറുടെ സാന്നിധ്യത്തില്‍ വരണമാല്യം ചാര്‍ത്തുമ്പോള്‍ വര്‍ഷങ്ങളായി മോഹിച്ച പ്രണയസാഫല്യം ഇരുവരുടെയും കണ്ണില്‍ നിറഞ്ഞുനിന്നു. വീട്ടുകാരുടെ എതിര്‍പ്പുമൂലം 20 കൊല്ലം കാത്തിരിക്കേണ്ടിവന്നെങ്കിലും ഒടുവില്‍ ശുഭപര്യവസാനമായി.

Advertisements

പ്രണയകഥയിലെ നായകനും നായികയും നിയമസഭാ സെക്രട്ടറിയേറ്റിലെ അണ്ടര്‍സെക്രട്ടറിമാര്‍. അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്) രാമദാസന്‍ പോറ്റിയുടെയും അണ്ടര്‍ സെക്രട്ടറി രജനിയുടെയും (44) വിവാഹമാണ് നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ സഫലമായത്. വ്യാഴാഴ്ച ശ്രീപദ്മം കല്യാണമണ്ഡപത്തില്‍ നടന്ന വിവാഹത്തിന് കാര്‍മികനായത് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. പ്രണയകഥ കേട്ട് ഇരുവരെയും വിവാഹത്തിന് നിര്‍ബന്ധിച്ചതും അദ്ദേഹം. കോയമ്പത്തൂരില്‍ മുട്ടുവേദനയ്ക്കു ചികിത്സയിലായിരുന്ന സ്പീക്കര്‍, വിവാഹത്തില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച തലസ്ഥാനത്തെത്തിയത്.

1996 ജൂലായില്‍ നിയമസഭാ സെക്രട്ടേറിയറ്റില്‍ അസിസ്റ്റന്റുമാരായാണ്ഇരുവരും ജോലിയില്‍ കയറുന്നത്. അക്കൗണ്ട്‌സ് വിഭാഗത്തി (സര്‍വീസസ്) ലായിരുന്നു നിയമനം. ഏറെത്താമസിയാതെ ഇരുവരും ഇഷ്ടത്തിലായി.സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പിന്തുണച്ചെങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് വിവാഹമെന്ന സ്വപ്‌നത്തിന് മങ്ങലേല്‍പ്പിച്ചു.

വിവാഹത്തിന് വീട്ടുകാരുടെ എതിര്‍പ്പ് തടസ്സമായപ്പോള്‍ ഇരുവരും കാത്തിരുന്നു. കാലംപോകേ ബന്ധുക്കളുടെ എതിര്‍പ്പ് കുറഞ്ഞു. കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി. ഇനിയെങ്കിലും ഒരുമിച്ചു ജീവിക്കണമെന്ന തീരുമാനത്തിലെത്തി. ഒടുവില്‍, ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും സാക്ഷിയാക്കി രാമദാസന്‍ പോറ്റി രജനിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.

അച്ഛന്റെയും അമ്മയുടെയും കൈപിടിച്ചാണ് രജനി കതിര്‍മണ്ഡപത്തിലെത്തിയത്. പത്തനംതിട്ട ചിറ്റാര്‍ സ്വദേശികളായ ജി.രാമന്റെയും രത്‌നമ്മാളിന്റെയും മകളാണ് രജനി. കടയ്ക്കല്‍ കുമ്മിള്‍ ആയ്‌ക്കോട്ട് പുത്തന്‍മഠത്തില്‍ പരേതരായ എന്‍ശങ്കരന്‍പോറ്റിയുടെയും ഭാഗീരഥി അമ്മാളിന്റെയും മകനാണ് രാമദാസന്‍ പോറ്റി.

Advertisement