ഒരു പതിറ്റാണ്ടിലധികം ഒറ്റമുറിയിൽ ഒളിവു ജീവിതം നയിച്ച റഹ്മാനും സജിതയും ഒടുവിൽ നിയമപരമായി വിവാഹിതരായി. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം. നെന്മാറ സബ് റജിസ്ട്രാർ ഓഫിസിൽ ഇന്നു രാവിലെ 10 നാണു വിവാഹം നടന്നത്. അയിലൂർ കാരക്കാട്ടു പറമ്പിൽ റഹ്മാനും അയൽവാസി സജിതയുമാണ് 11 വർഷം ഒറ്റമുറി ജീവിതം നയിച്ചത്.
കെ. ബാബു എംഎൽഎ മുഖ്യസാന്നിധ്യമായി. 2010 ൽ റഹ്മാനൊപ്പം കഴിയാനാണ് സജിത വീടു വിട്ടിറങ്ങിയത്. റഹ്മാൻ തന്റെ വീട്ടിലെ ചെറിയ മുറിയിൽ വീട്ടുകാർ പോലും അറിയാതെ സജിതയെ താമസിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഇരുവരും ആരുമറിയാതെ വിത്തനശ്ശേരിയിൽ വാടക വീട്ടിലേക്കു മാറി. ഇതിനിടെ റഹ്മാനെ കാണാനില്ലെന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി.
ALSO READ
റഹ്മാന്റെ സഹോദരൻ നെന്മാറയിൽ വച്ചു റഹ്മാനെ കണ്ടു. ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. ഇരുവരും സ്വന്തം ഇഷ്ട പ്രകാരമാണു താമസിക്കുന്നതെന്നു മൊഴി നൽകിയതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റി വിവാഹത്തിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. വിവാഹ വസ്ത്രവും മറ്റും സംഘടന നൽകി.
വിവാഹിതരായെങ്കിലും വീട്ടുകാരുമായി അടുക്കാൻ കഴിയാത്തതിന്റെ വേദനയിലാണ് ഇരുവരും. സജിതയുടെ വീട്ടുകാർ ഒപ്പമുണ്ടെങ്കിലും റഹ്മാന്റെ വീട്ടുകാർ ഇപ്പോഴും പിണക്കത്തിലാണ്. പത്തു വർഷത്തോളം ആ വീട്ടിലാണ് സജിത ഒളിച്ച് താമസിച്ചത്. തങ്ങളെ സജിതയും റഹ്മാനും കബളിപ്പിച്ചുവെന്ന വികാരമാണ് വീട്ടുകാർക്കുള്ളത്.
എന്നാൽ വീട്ടുകാരെ ഭയന്നായിരുന്നു ഇക്കാര്യം പുറത്തറിയിക്കാതെ ഇരുവരും ജീവിച്ചത്. ഒടുവിൽ ഇവരുടെ ഒളിവ് ജീവിതം നാടറിഞ്ഞപ്പോൾ ഞെട്ടിയത് വീട്ടുകാരായിരുന്നു. പ്രശ്‌നം ഒത്തു തീർക്കാനും പിണക്കം മാറ്റാനും ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നാട്ടുകാർ ഇടപെടുന്നുണ്ട്. പ്രശ്‌നം തീരും എന്ന പ്രതീക്ഷയിലാണ് റഹ്മാൻ. വീട്ടുകാർ തന്നെ മനസ്സിലാക്കാത്തതിൽ വേദനയുണ്ടെന്ന് റഹ്മാൻ പറയുന്നു.
ALSO READ
റിസയുടെ മകൾക്ക് താൻ മൂത്താപ്പ ആയിരുന്നു, അവൾ എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്: സായ് കുമാർ
പത്തു വർഷത്തെ ഒളിവ് ജീവിതം മാസങ്ങൾക്ക് മുൻപ് അവസാനിച്ചിരുന്നുവെങ്കിലും, വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. അങ്ങനെയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. സജിതയുടെ വീട്ടുകാരും ചടങ്ങിനെത്തിയിരുന്നു. ഒളിവ് ജീവിതം സംബന്ധിച്ച് ഇപ്പോഴും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമെല്ലാം അന്വേഷിയ്ക്കുന്നുണ്ട്. തങ്ങളെ ഇനിയെങ്കിലും വെറുതേ വിടണമെന്ന് സജിതയും റഹ്മാനും പറയുന്നു.
ഒളിവിൽ താമസിച്ചുവെന്ന വാദത്തിൽ ഇരുവരും ഉറച്ചു നിൽക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലും സംഭവം ശരിയാണെന്ന് വ്യക്തമായി. ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ് പൊലീസ് സംഭവം സ്ഥിരീകരിച്ചത്.