ഇതാവണമെടാ പൊലീസ്; ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവന്‍ തിരിച്ച് നല്‍കാന്‍ റോഡിലെ ബ്ലോക്ക് മാറ്റി ആംബുലന്‍സിന് വഴിയൊരുക്കാന്‍ പോലീസുകാരന്‍ കൂടെ ഓടിയത് ഒരു കിലോ മീറ്ററിലേറെ; സോഷ്യല്‍ മീഡിയയില്‍ താരമായി വൈക്കം സ്വദേശി രഞ്ജിത്ത്

28

തിരുവനന്തപുരം: ദൈവത്തെ നമ്മള്‍ നേരിട്ടു കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ മിക്കവരും പറയുന്നത് അതെ എന്നാകും. കാരണം വേറൊന്നുമല്ല ജീവന്‍ തിരിച്ച്‌ നല്‍കുന്നവന്‍ ആരോ അവനാണ് ദൈവം.

അത്തരത്തില്‍ നോക്കുകയാണെങ്കില്‍ നമുക്ക് ഈ പൊലീസുകാരനെയും വിളിക്കാം ദൈവമെന്ന്. അയാള്‍ തിരിച്ച്‌ നല്‍കിയത് ഗുരുതാരാവസ്ഥയിലായിരുന്നു രോഗിയുടെ ജീവന്‍ തന്നെയായിരുന്നു. അതിന് ആധാരമാകുന്ന സംഭവം ഇങ്ങനെ..

Advertisements

ചെങ്ങന്നൂര്‍ സഞ്ജീവനി ഹോസ്പിറ്റലില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് കോട്ടയം ടൗണിന് മുന്നില്‍ വച്ചാണ് ട്രാഫിക് ബ്ലോക്കില്‍ പെട്ടത്.

മുന്നോട്ട് പോകാന്‍ ഒരു ഇഞ്ച് സ്ഥലം പോലും ഇല്ലാത്ത തരത്തില്‍ വാഹനങ്ങളുടെ നീണ്ട നിര. അപ്പോഴാണ് രക്ഷകനെപ്പോലെ ആ പൊലീസുകാരന്‍ ആംബുലന്‍സിന് വഴിയൊരുക്കാന്‍ അവതിരിച്ചത്.

ആംബുലന്‍സിന് മുന്നില്‍ ഒരുകിലോമീറ്ററോളം ഓടി വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാരന്‍ ആംബുലന്‍സിന് വഴിയൊരുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായി.

ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയ പങ്കുവച്ചത്. ആ പൊലീസുകാരന്‍ ആരെന്ന് തേടിയും വീഡിയോയ്ക്ക് താഴെ അന്വേഷണം എത്തി.

വൈക്കം കുലശേഖരപുരം സ്വദേശി രഞ്ജിത്ത് രാധാകൃഷ്ണന്‍ ആയിരുന്നു വീഡിയോയിലെ ആ താരം. എന്നാല്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുമ്ബോഴും തന്റെ ജോലി മാത്രമാണ് ചെയ്തത് എന്നു പറഞ്ഞ് പുഞ്ചിരിക്കുകയാണ് രഞ്ജിത്ത് എന്ന 34കാരന്‍.

കോട്ടയം എ.ആര്‍. ക്യാമ്ബിലെ സി.പി.ഒ ആയ രഞ്ജിത്തിന് ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഹൈവേ പൊലീസിന്റെ വാഹനത്തിലായിരുന്നു അന്ന് ഡ്യൂട്ടി. കോട്ടയം ടൗണിന് മുന്‍പ് ബി.എസ്.എന്‍.എ. ഓഫീസിന് മുന്നില്‍ വച്ചായിരുന്നു ആംബുലന്‍സ് ബ്ലോക്കില്‍ പെട്ടത് എന്ന് രഞ്ജിത്ത് പറയുന്നു.

പതിവായി ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥലമാണ്. വാഹനങ്ങളുടെ നീണ്ട നിര കാരണം മുന്നോട്ട് ഓടി വാഹനങ്ങളെ മാറ്റി വഴിയൊരുക്കാനേ പറ്റുമായിരുന്നുള്ളൂ. അങ്ങനെയാണ് ആംബുലന്‍സിന് മുന്നില്‍ ഓടി വാഹനങ്ങളെ മാറ്റേണ്ടി വന്നതെന്ന് രഞ്ജിത്ത് പറയുന്നു.

ആംബുലന്‍സില്‍ ഡ്രൈവര്‍ അഫ്‌സല്‍ ഉസ്മാനും നഴ്‌സ് ശ്യാമും സഹായിയും അഫ്‌സലിന്റെ സഹോദരനുമായ മുഹമ്മദ് ആഷിക്കുമാണ് ഉണ്ടായിരുന്നത്.

ആഷിക്കാണ് വീഡിയോ എടുത്ത് ഫേസ്‌ബുക്കില്‍ ഇട്ടത്. തങ്ങളെ സഹായിച്ച പൊലീസുകാരന് ആഷിക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.തന്റെ ജോലിയോടും ആംബുലന്‍സിലുണ്ടായിരുന്ന രോഗിയോടും രഞ്ജിത്ത് കാണിച്ച ആത്മാര്‍ഥതയ്ക്ക് അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ.

Advertisement