ജിമ്മിലും പോയില്ല യോഗയും ചെയ്തില്ല; നൂറ്റിയഞ്ചില്‍ നിന്നും എഴുപത്തിയഞ്ച് കിലോയിലേക്ക് ഡോക്ടര്‍ പിന്റോ എത്തിയത് ഇങ്ങനെ

35

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.പൊരിച്ചതും എണ്ണയിൽ വേവിച്ചതുമായ ഭക്ഷണങ്ങൾ മാക്സിമം ഒഴിവാക്കണം. ദിവസേന എക്സർസൈസ് ചെയ്യണം. ശരീര ഭാരം കുറച്ചെടുക്കാൻ ഇതൊക്കെ ചെയ്തേ മതിയാകൂ- കൺസൾട്ടിംഗിനു വന്ന രോഗിയുടെ മുഖത്തു പോലും നോക്കാതെയാണ് ഡോക്ടർ പിന്റോ അത് പറഞ്ഞൊപ്പിച്ചത്. പറഞ്ഞമാത്രയിൽ ‘ആരാ ഈ ഉപദേശിക്കുന്നേ…’എന്ന മട്ടിൽ ഊഴംകാത്തെത്തിയ രോഗിയും തിരിച്ചൊരു നോട്ടമെറിഞ്ഞു. ഡോക്ടറുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ആക്കിയ ഒരു ചിരി പിന്നാലെയെത്തി.

അപകർഷതാബോധവും നാണക്കേടും സമംചേർന്ന ആ നിമിഷത്തിൽ ഡോക്ടർ പിന്റോയുടെ മനസ് മന്ത്രിച്ചു. ‘ഞാനീ പൊണ്ണത്തടിയും വച്ചിട്ട് രോഗികളെ ഉപദേശിച്ചിട്ട് എന്ത് കാര്യം. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങൾ ഒഴിവാക്കാനും ശരീരഭാരം നിയന്ത്രിക്കാനും അവരോട് ഞാനെങ്ങനെ പറയാനും.’–തീർത്തും സ്വാഭാവികമാണ് ആ ചിന്ത.

Advertisements

എൺപതും തൊണ്ണൂറും കടന്ന് സെഞ്ച്വറിയടിച്ച് നൂറ്റിയഞ്ച് നോട്ടൗട്ടായി നിൽക്കുന്ന ശരീരം ഭാരം. ഫാസ്റ്റ് ഫുഡിനോടും ജങ്ക് ഫുഡ്സിനോടുമുള്ള അടങ്ങാത്ത പ്രണയം വേറെ. എണ്ണപ്പലഹാരങ്ങളേയും സ്നാക്സുകളേയും കൂട്ടുകാരനാക്കിയുള്ള ജീവിതം. അമിതവണ്ണം ഡോക്ടർ പിന്റോയ്ക്ക് നൽകിയ അപകർഷതാബോധത്തിൽ ന്യായമൊക്കെയുണ്ട്.

ആശാന് അക്ഷരമൊന്നു പിഴച്ചാൽ ശിഷ്യന് അമ്പത്തിയെന്ന് പിഴക്കുന്ന കാലത്ത് അമിതവണ്ണമുള്ള ഒരു ഡോക്ടർ ഹെൽത്ത് ടിപ്പ് പറഞ്ഞു കൊടുത്താലോ. കഥ കഴിഞ്ഞതു തന്നെ. കിതച്ചു തുപ്പി, വിയർത്തുകിളിച്ച് റൗണ്ട്സിനു പോകുമ്പോൾ കിട്ടുന്ന പരിഹാസച്ചിരികൾ, അമിത വണ്ണം നൽകിയ ഇരട്ടപ്പേരുകൾ, എല്ലാത്തിനും മേലെ ഒരു ഡോക്ടർക്ക് ചേരാത്ത ശരീര ഭാഷ. ഇനിയും ഇങ്ങനെ പോയാൽ ഈ പൊണ്ണത്തടി തന്നെയും കൊണ്ടേ പോകുവെന്ന് ഡോക്ടർക്ക് വെളിപാടുണ്ടായി.

ശരീരത്തോടും മനസ്സിനോടുമുള്ള, ക്രാഫ്റ്റ് ആശുപത്രിയിലെ മുപ്പത്തിഞ്ചുകാരന്‍ ഡോക്ടറുടെ മല്ലയുദ്ധം അവിടെ തുടങ്ങുകയായി. 105ൽ നിന്ന് 96 കിലോയിലേക്ക്…അതു കൊണ്ടും സംതൃപ്തിയടയാതെ 75ലേക്കൊരു സേഫ് ടേൺ. ഡോക്ടർ ‘വനിത ഓൺലൈനോടു’ പറയുന്നു, വിപ്ലവകരമായ ആ വണ്ണംകുറയ്ക്കലിന്റെ കഥ.

ജങ്ക് ഫുഡിനെ പ്രണയിച്ച ഡോക്ടർ

‘പ്രണയത്തിന് വേണ്ടി എത്ര ദൂരം പോകും നിങ്ങൾ.. കാൽപ്പനികതയും പ്രണയവും മുറ്റിനിൽക്കുന്ന ചില പൈങ്കിളി ഫോർവേഡ് മെസേജുകളിലെ വരികളാണിത്. എന്റെ കാര്യവും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാ. പക്ഷേ ചെറിയൊരു വ്യത്യാസം മാത്രം. ഇഷ്ടഭക്ഷണത്തിനു വേണ്ടി എത്ര ദൂരം വേണമെങ്കിലും ഡ്രൈവ് ചെയ്തു പോകാനായിരുന്നു എനിക്ക് പ്രിയം’– ഡോക്ടറുടെ ബലംപിടുത്തമില്ലാതെ പിന്റോ പറഞ്ഞു തുടങ്ങുകയാണ്.

സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ പൊണ്ണത്തടിയുടെ പേരിൽ ഒരുപാട് കളിയാക്കലുകൾ കേട്ടിട്ടുണ്ട്. ആനയെന്നും പൊണ്ണത്തടിയനെന്നുമൊക്കെയുള്ള ‘ചെല്ലപ്പേരുകൾ’ വേറെയും. ബർഗറിനേയും ബ്രോസ്റ്റഡിനേയും പ്രണയിച്ച് ഫാസ്റ്റ്ഫുഡിനെ ജീവശ്വാസമാക്കി. കണ്ണിൽക്കണ്ടതെല്ലാം തിന്നു നടന്നിരുന്ന കാലത്ത് ഇങ്ങനെയൊക്കെ കേട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. അന്ന് കേട്ട കുത്തുവാക്കുകൾ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ക്രോസ് റോഡിൽ വച്ച് മറന്നു കളയാവുന്നതേയുള്ളൂ.

പക്ഷേ സ്റ്റെതസ്കോപ്പും തൂക്കി നടക്കുന്ന ഒരു ഡോക്ടർ പഴയ കോളേജ് പയ്യനെപ്പോലെ ശരീരത്തെ തോന്നിയ മാതിരി വിട്ട്, കണ്ണിൽക്കണ്ടതും ഇഷ്ടപ്പെട്ടതും ഒക്കെ വാരിത്തിന്ന് പൊണ്ണത്തടിയുമായി നടന്നാൽ അത് കൈയ്യിലിരിപ്പിന്റെ കുഴപ്പമെന്നേ നാട്ടുകാര് പറയൂ. എല്ലാം സഹിക്കാം ഡയറ്റും ഉപദേശങ്ങളും വാരിക്കോരി നൽകുന്ന ഒരു ഡോക്ടർ തന്നെ ഇങ്ങനെയായാലോ. പൊരിച്ചതും എണ്ണയിൽ വേവിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ബിഎംഐ കൺട്രോൾ ചെയ്യണമെന്നും നാട്ടുകാരെ ഉപദേശിക്കാന്‍ എനിക്ക് എന്തവകാശം. അതു വരെയില്ലാത്ത നാണക്കേടും അപകർഷതാബോധവും വർക്ക് ഔട്ട് ആയി തുടങ്ങിയത് അവിടെ നിന്നാണ്. അപ്പോഴും എരിച്ചു കളയേണ്ടത് ഇത്തരം ബോധങ്ങളെയല്ല, എന്റെ ശരീര ഭാരത്തെയാണ് എന്ന് തിരിച്ചറിയാൻ ഏറെവൈകി.

ആരും ക്ഷമിക്കും, ശരീരം ക്ഷമിക്കില്ല

ഇഷ്ട ഭക്ഷണങ്ങളോടുള്ള പ്രിയം അതൊരു ഡ്രഗ് അഡിക്ഷൻ മാതിരിയാണ്. പറിച്ചു കളയണണെന്ന് നമ്മൾ വിചാരിക്കും പക്ഷേ എന്തു കാര്യം. എക്സലിൽ നിന്ന ഞാൻ ഡബിൾ എക്സൽ വസ്ത്രങ്ങളിലേക്ക് മാറിയിട്ടു പോലും എനിക്കു ബുദ്ധിയുദിച്ചില്ല. നമ്മുടെ മുന്നിൽ ഓപ്ഷൻസും ന്യായീകരണവും ആവോളമുണ്ടല്ലോ…പിന്നെ വണ്ണം കൂടിയാലെന്ത് കുറഞ്ഞാലെന്ത്.

കെഎഫ്സി ചിക്കനും ബർഗറും പിസയും ബ്രോസ്റ്റഡുമെല്ലാം പിന്നെയും പലവരു എന്റെ ദേഹത്ത് കയറിയിറങ്ങി. പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളെ പിരിയുന്നത് എന്നെക്കൊല്ലുന്നതിനു സമമായിരുന്നു. ഫാസ്റ്റ് ഫുഡുകളെ മാത്രം കുറ്റം പറയാനൊക്കില്ല കേട്ടോ. രാവിലെ ചുരുങ്ങിയത് അഞ്ചും ആറും ഇഡ്ഡലിയെങ്കിലും നിർബന്ധമാണ്. ഇതിനിടയ്ക്ക് ചായയും എണ്ണയിൽ വറുത്ത പലഹാരങ്ങളും കൂട്ടിന്. ചിക്കനോ ബീഫോ ഇല്ലാത്ത ഉച്ചഭക്ഷണം ജീവിതത്തിൽ ഉണ്ടായിട്ടേയില്ല എന്നു പറയുന്നതാകും ശരി.

വൈകുന്നേരം ചായയും മൂന്നോ നാലോ സ്നാക്സും മസ്റ്റ്. രാത്രിയിലെ കാര്യം പിന്നെ പറയണോ ഇതിന്റെയൊക്കെ ഡബിളാണ്. അത്ഭുതമൊന്നും സംഭവിച്ചില്ല, 75ലും എൺപതിലും നിന്നിരുന്ന ശരീരം പതിയെ പതിയെ തൊണ്ണൂറിന്റെ പടികടന്നത് അൽപം ഞെട്ടലോടെ ഞാൻ മനസിലാക്കി. സെഞ്ച്വറി കടക്കാൻ പിന്നെ അധികനാൾ വേണ്ടിവന്നില്ല, ഇക്കണ്ട കൈയ്യിലിരുപ്പ് തന്നെ ധാരാളം, ഒടുവിൽ അതും സംഭവിച്ചു. വെയിംങ് മെഷീന്റെ നീ‍ഡിൽ ആ മാന്ത്രിക സംഖ്യയിൽ ഇടിച്ചു നിന്നു. പിന്റോ റാഫേൽ 105 കിലോ.

റൗണ്ട്‍സിൽ വട്ടംകറങ്ങി

സമയബന്ധിതമായി റൗണ്ട്സ് പൂർത്തിയാക്കേണ്ടുന്ന ഘട്ടം വന്നപ്പോഴാണ് ഈ ശരീരം എനിക്കൊരു പാരയായി മാറുമെന്ന് ഞാൻ മനസിലാക്കുന്നത്. ലിഫ്റ്റ് കാത്തു നിന്നാല്‍ പണി നടക്കില്ല എന്ന ഘട്ടം വന്നപ്പോഴാണ്, പടി കയറാൻ തുടങ്ങിയത്. പിന്നെ സംഭവിച്ചതെല്ലാം കോമഡിയാണ്. ആദ്യത്തെ നില കയറിയപ്പോൾ ക്ഷീണിച്ചു രണ്ടാമത്തേലേക്കെത്തുമ്പോൾ വിയർത്തു പിന്നെ കിതച്ചു നാലിലേക്കെത്തിയപ്പോൾ തളർന്നും അഞ്ചാം നിലയിലേക്കെത്തിയപ്പോൾ എന്റെ കാര്യത്തില്‍ തന്നെ ഒരു തീരുമാനമായി. ഒന്നോർത്തു നോക്കൂ, ഡോക്ടർ വിയർത്ത് കുളിച്ച് രോഗിയുടെ അടുത്തേക്ക് എത്തുകയാണ്.

എന്ത് ബോറാണല്ലേ. ചില സമയങ്ങളിൽ ഈ പണി തന്നെ വെറുത്തു പോയിട്ടുണ്ട്. എന്റെ ജോലി എന്റെ പാഷൻ അതിനും മേലെ എന്റെ ശരീരം വളരുന്നത് എനിക്കു സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. നമ്മുടെ കൂട്ടുകാർ പോലും മാറി നിന്ന് ഈ പൊണ്ണത്തടിയുടെ പേരിൽ കളിയാകുന്നത് കണ്ടപ്പോൾ സങ്കടം വന്നു. ഇങ്ങനെ എത്രനാൾ എന്ന ചോദ്യവും ബാക്കി. ഒടുവിൽ മനസില്ലാ മനസോടെ ഞാനാ തീരുമാനം എടുത്തു പൊണ്ണത്തടിയെ പടിയടച്ചു പിണ്ഡം വയ്ക്കുക.

ജിമ്മിലും യോഗയിലും നോ രക്ഷ

വണ്ണം കൂടിയെന്നു ചെയ്താൽ ചെറുപ്പക്കാർ ആദ്യമെന്താ ചെയ്യുക. ജിമ്മിലേക്ക് വണ്ടിവിടും. ഞാനും വേറിട്ടു നിന്നില്ല. ജിമ്മിൽ ചെന്ന് ദക്ഷിണവച്ച് തുടങ്ങുകയാണ്. കുറച്ചു മാസങ്ങൾ. പക്ഷേ ശരീരം വഴങ്ങുന്ന ഭാവമില്ലായിരുന്നു. പിന്നെ യോഗയിലായി പരീക്ഷണം. ഈ ശരീരം വച്ചിട്ട് ആല ആസനങ്ങളും ചെയ്യുന്നതു പോയിട്ട് കാണുന്നതു പോലും തലകറങ്ങുമായിരുന്നു.

എന്ത് ചെയ്യാൻ യോഗയോടും ഗുഡ്ബൈ പറഞ്ഞു. ജിമ്മും യോഗയുമൊക്കെ കാലറി ബേൺ ചെയ്യാൻ സഹായിക്കുമെന്നതൊക്കെ ശരി തന്നെ. പക്ഷേ എന്റെ ശരീരഭാഷയ്ക്ക് ഈ പരിപാടിയൊന്നും ചേർന്നു പോകില്ലായിരുന്നു. കുറേ പേരുടെ അനുഭവങ്ങൾ കേട്ടു. ഒത്തിരി മാഗസിനുകൾ വായിച്ചു. ഒടുവിൽ മാർഗം ഡോക്ടറായ ഞാൻ തന്നെ കണ്ടുപിടിച്ചു. യുദ്ധം ചെയ്യേണ്ടത് ജിമ്മിലെ ഡംബൽസിനോടോ യോഗയിലെ ഭാരം ആവിയാക്കുന്ന ആസനങ്ങളോടോ അല്ലാ എന്ന് അൽപം വൈകിയായാലും ഞാൻ തിരിച്ചറിഞ്ഞു. ഭാരത്തെ നിലയ്ക്കു നിർത്തണമെങ്കിൽ ആദ്യം നിലയ്ക്കു നിർത്തേണ്ടത് ഭക്ഷണങ്ങളെയാണെന്ന് ആരോ മനസിലിരുന്നു മന്ത്രിച്ചു.

ഭക്ഷണത്തോട് സന്ധിയില്ലാ സമരം

നാലും അഞ്ചും ആറും ഇഡ്ഡലിയിൽ നിന്ന് രണ്ടിലേക്ക് ചുരുങ്ങിയ നാളുകൾ. ചിക്കനും ബീഫും ഒഴിവാക്കി സാലഡുകൾ കൊണ്ട് വയർ ഫില്ലാക്കി അതു കൂട്ടിന് ഒരു ചെറിയ കരണ്ടി ചോറ്. സ്നാക്സുകൾ കൊതിച്ച നാവിനെ ഇലക്കറികളും പഴങ്ങളും കൊണ്ട് തൃപ്തിപ്പെടുത്തി. ഇതൊക്കെഒരൊറ്റ ശ്വാസത്തിൽ ഇതെല്ലാം പറഞ്ഞൊപ്പിച്ചുവെന്ന് കരുതരുതേ. എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെ പിരിഞ്ഞുള്ള ആ നാളുകളിൽ ഞാൻ ശീലിച്ച ഡയറ്റ്…എന്താ പറയുക എന്നെ കെട്ടിയിട്ട് ഭക്ഷണം തരുന്നതിന് തുല്യമായിരുന്നു. എന്ത് ചെയ്യാം…എല്ലാം എനിക്കു വേണ്ടിയല്ലേ…കഷ്ടപ്പെട്ടാൽ ഫലം കിട്ടുമെന്നല്ലേ പറയാറ്…അത് വെറുതെയായില്ല. ഒന്ന് രണ്ട് മാസം കൊണ്ട്106ൽ നിന്ന് 95ലേക്ക് ബാക്കടിച്ചു.

ദൗർബല്യങ്ങളല്ലേ നമ്മളെ കീഴ്പ്പെടുത്തുന്നത്. ഒരു പത്തു കിലോ കുറഞ്ഞപ്പോൾ പഴയ രീതിയിലേക്ക് മടങ്ങിപ്പോകാന്‍ മനസ് മന്ത്രിച്ചു. അങ്ങനെ സംഭവിച്ചാൽ ഈ ചെയ്തതെല്ലാം വെറുതെയാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പോയില്ല..കടിച്ചു പിടിച്ച് കല്ലുപോലെ പിടിച്ചു നിന്നു. ഒരേയൊരു ലക്ഷ്യം ശരീരം 75 കിലോയാക്കി ചുരുക്കുക. ഇക്കുറി കൂട്ടിനൊരു ട്രെഡ് മില്ലും കൂടിയുണ്ടായിരുന്നു. ദിവസം മൂന്നും നാലും മണിക്കൂർ ഓടടാ ഓട്ടം…സംഭവം വർക് ഔട്ടായി…ഡോക്ടർ പിന്റോ റാഫേൽ മുപ്പത്തിയഞ്ച് വയസ് 75 കിലോ–ഡോക്ടർ പറഞ്ഞു നിർത്തി.

ഡബിള്‍ എക്സലിനും മേലെ ഡ്രസുണ്ടോ മോനേ എന്ന് സെയിൽസ്മാൻ പയ്യനോട് ചോദിച്ചിരുന്ന പിന്റോ ഡോക്ടർ ഇന്ന് ആ കൺഫ്യൂഷനിൽ നിന്നെല്ലാം ഫ്രീയാണ്. ഭക്ഷണം ക്രമപ്പെടുത്താൻ രോഗികളെ ഉപദേശിക്കുമ്പോൾ കക്ഷി സ്വന്തം അനുഭവം തന്നെ റെഫർ ചെയ്യാറുണ്ട്. കളിയാക്കലുകളെ കാറ്റിൽപ്പറത്തി…ബിഎംഐ റേറ്റ് കുത്തിനോവിക്കാത്ത തടിയുമായി കക്ഷി ഡോക്ടർ പണിയിൽ സജീവമാണ്…സ്ലിം ഫിറ്റ് ഡോക്ടർ‌ പിന്റോയായി.

Advertisement