അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ്് ഡോ. ഷാഹിന. നാലുവയസ്സിൽ, ചേച്ചിമാരുടെ കൂടെ പഠിക്കാനിരുന്ന ഒരു സന്ധ്യയിലാണ് കുപ്പിവിളക്കു മറിഞ്ഞ് ജീവിതം പൊള്ളിപ്പോയത്.
വർഷങ്ങളോളം ഉള്ളാകെ വേദനകൊണ്ട് പുളഞ്ഞെങ്കിലും കാലങ്ങൾ കൊണ്ട് അത് മറികടക്കാനായെന്നതാണ്് ഷാഹിനയുടെ നേട്ടം. വേദനിപ്പിച്ച ഭൂതകാലത്തിന്റെ കടംവീട്ടി പിൽക്കാലത്ത് ഡോക്ടർ കുപ്പായത്തിലേക്കാണ് ഷാഹിന നടന്ന് കയറിയത്.
ALSO READ
മലയാളി മനസ്സിൽ മരിക്കാത്ത ‘ജോൺ ഹോനായ്’ ; സുന്ദരനായ വില്ലൻ
ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി ഷാഹിന പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും നിറഞ്ഞ മനസോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ മനോഹരമായൊരു ചിത്രത്തിന്റെ അകമ്പടിയോടെ ഷാഹിന പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. കോട്ടയം മലരിക്കലിലെ ആമ്പൽ ഭംഗിയുടെ പശ്ചാത്തലത്തിലുള്ള ഒരു മനോഹരമായ ചിത്രത്തോടൊപ്പമാണ് ഷാഹിന കുറിപ്പ് പങ്കുവച്ചത്.
‘പൊള്ളിക്കരിഞ്ഞിരിക്കുകയല്ലേ, എന്തിനാ പഠിപ്പിച്ചു പൈസ കളയുന്നേ’; ഷാഹിനയെ ഡോക്ടർ ഷാഹിനയാക്കിയതും അതേ തീ നാളങ്ങൾ.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
കഴിഞ്ഞ കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു.. മുഖമുയർത്തി മനുഷ്യരോട് സംസാരിക്കാൻ ഭയന്ന, വേദനയും പരിഹാസവും കാരണം പുറത്തിറങ്ങാൻ മടിച്ച കാലം..പലപ്പോഴും ഇങ്ങനെ ഒരു പരീക്ഷണം എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ട്, തളർന്നിട്ടുണ്ട്..
പക്ഷെ, ദൈവം ഒന്ന് തീരുമാനിച്ചിട്ടുണ്ട്.. കൂടെ നിൽക്കാനും താങ്ങി നിർത്താനും മനുഷ്യരുള്ള കാലത്തോളം തോറ്റ് കൊടുക്കില്ല, വീണ് പോയാലും പിന്നെയും ഉയിർത്തെഴുന്നേൽക്കും..
READ MORE
“പൊള്ളിയാൽ ഭാഗ്യം പോയി ” എന്ന് മുഖത്ത് നോക്കി പറഞ്ഞവർക്കിടയിലൂടെയാണ് എന്റേതായ ഐഡന്റിറ്റിയിൽ അഭിമാനത്തോടെ മുഖമുയർത്തി നടക്കുന്നത്.. ഞാൻ എന്നെ സ്‌നേഹിക്കുന്നു, ഓരോ നിമിഷവും ജീവിതം ആസ്വദിക്കുന്നു, സന്തോഷത്തോടെ സമാധാനത്തോടെ ചിറകുകൾ ഉയർത്തി പറക്കാൻ ശ്രമിക്കുന്നു..
“എനിക്ക് ചുറ്റുമുള്ള തീയേക്കാൾ എന്റെ ഉള്ളിലെ അഗ്‌നി കൂടുതൽ ജ്വലിച്ചതിനാൽ ഞാൻ അതിജീവിച്ചു”