പാചക കലയിലൂടെ അറിയപ്പെട്ട വ്യക്തിത്വമാണ് നൗഷാദ്. വളരെ ചുരുക്കം നല്ല സിനിമകളുടെ നിർമാതാവെന്ന നിലയിൽ ചലച്ചിത്ര രംഗത്തും തന്റേതായ ഇടം നേടയിട്ടുണ്ട് അദ്ദേഹം. സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ ‘കാഴ്ച’ നിർമ്മിച്ചായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള വരവ്.
തുടർന്ന്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ എന്നീ സൂപ്പർഹിറ്റുകളുൾപ്പടെ, ആറോളം സിനിമകൾ നൗഷാദിന്റെ ബിഗ് സ്‌ക്രീൻ പ്രൊഡക്ഷൻസ് നിർമിച്ചു. അതിലൊന്നായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘സ്പാനിഷ് മസാല’. ഒരു ഷെഫിന്റെ കഥ പറഞ്ഞ ഈ ചിത്രം മലയാളികളുടെ പ്രിയ രുചിത്തോഴനായ നൗഷാദിന്റെ കരിയറിലെ വൻ സിനിമകളിലൊന്നായിരുന്നു.
ALSO READ
നൗഷാദിന്റെ വിയോഗം ലാൽ ജോസിന് നഷ്ടപ്പെടുത്തുന്നത് ഒരു നല്ല സുഹൃത്തിന്റെ സാന്നിധ്യമാണ്. നിർമാതാവും സംവിധായകനുമെന്നതിനപ്പുറം ഒരു ആത്മബന്ധം ഇവർക്കിടയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നൗഷാദിന്റെ അകാല വിയോഗം ലാൽ ജോസിൽ സൃഷ്ടിക്കുന്ന വേദന ചെറുതല്ല. ഈ അവസരത്തിൽ ലാൽ ജോസിന്റെ വാക്കുകളാണ് നമ്മളെ നൊമ്പരപ്പെടുത്തുന്നത്.
”സ്പാനിഷ് മസാലയിലേക്ക് ഞാൻ എത്തുന്നത് ബെന്നി.പി.നായരമ്പലം വഴിയാണ്. ഞാൻ ബെന്നിയുടെ എറണാകുളത്തെ ഫ്‌ലാറ്റിലെത്തി കഥ കേട്ടു. വിദേശത്ത് ഷൂട്ട് ചെയ്യണം. വലിയ ചെലവു വരുന്ന ചിത്രം. അതിനു പറ്റിയ പ്രൊഡ്യൂസർ വേണം. അപ്പോൾ ബെന്നിയാണ് നൗഷാദിന്റെ കാര്യം പറഞ്ഞത്. നൗഷാദ് കഥ കേട്ടിരുന്നു. നിർമ്മിക്കാനും താൽപര്യമുണ്ട്. എനിക്ക് ആ സമയത്ത് നൗഷാദുമായി പരിചയമുണ്ടായിരുന്നില്ല. നൗഷാദിനെ കണ്ടു സംസാരിച്ചു. പ്രൊജക്ട് ഓൺ ആയി. അങ്ങനെ ലൊക്കേഷൻ കാണാൻ ഞാനും ബെന്നിയും നൗഷാദിന്റെ സുഹൃത്തും ലൈൻ പ്രൊഡ്യൂസറുമായ സജിത്തും സ്‌പെയിനിൽ പോയി. തിരിച്ചു വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ്, നൗഷാദ് കുറച്ച് സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഒരു ബിസിനസ്സ് പ്രൊജക്ടിന്റെ തിരക്കിലാണെന്നും സിനിമയിലുള്ള മറ്റു ചിലർ എന്നോട് പറഞ്ഞത്. ഞാനിത് ബെന്നിയുമായി പങ്കുവച്ചു. സിനിമ തുടങ്ങിയാൽ പണം നന്നായി ചെലവാകും. സ്‌പെയിനിൽ ചെന്ന് പെട്ടാൽ കുടുങ്ങും. വേറെ ഒരു രാജ്യമാണ്. പണം ധാരാളം വേണം.
നൗഷാദ് വലിയ അഭിമാനിയാണ്. വാക്ക് പറഞ്ഞാൽ പിൻമാറില്ല. ഞങ്ങൾ നൗഷാദിനോട് സംസാരിച്ചു. ഇത് സിനിമയാണ്. ദുരഭിമാനത്തിന്റെ പ്രശ്‌നമില്ല. സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിൽ ഇത്ര വലിയ ഒരു സിനിമ തൽക്കാലം ചെയ്യരുതെന്ന് ഞാൻ പറഞ്ഞപ്പോൾ, അങ്ങനെയൊരു പ്രശ്‌നമില്ല. ആൾക്കാര് വെറുതെ പറയുന്നതാണെന്നാണ് നൗഷാദ് പറഞ്ഞത്. അത് അദ്ദേഹം തെളിയിച്ചത് ആ പടത്തിന്റെ പൂജയ്ക്ക് പുതിയൊരു ബെൻസ് മേടിച്ച് വന്നിട്ടാണെന്ന് ലാൽ ജോസ് ഒരു പ്മുഖ ഓൺലൈൻ മാധ്യമത്തിനോട് പഞ്ഞു.
ALSO READ
ഷൂട്ടിങ് അവസാനിക്കാറായപ്പോൾ ചെറിയ സാമ്പത്തിക ഞെരുക്കങ്ങളുണ്ടായി. പ്രതീക്ഷിച്ച പോലെ പലതും ചിത്രീകരിക്കാനായില്ല. പ്രതീക്ഷിച്ച പോലെ പടം കളക്ടും ചെയ്തില്ല. സാധാരണ ഗതിയിൽ അങ്ങനെ സംഭവിച്ചാൽ പല ബന്ധങ്ങളും ഉലയാറാണ് പതിവ്. ”നേരത്തേ പറഞ്ഞതല്ലേ, എന്തിനാ വേണ്ടാത്ത റിസ്‌ക് എടുത്തേ” എന്നൊക്കെ ഞാൻ ചോദിച്ചപ്പോൾ ഒരിക്കൽ പോലും എന്നോട് മുഖം കറുപ്പിച്ച് ഒരു വാക്ക് നൗഷാദ് പറഞ്ഞിട്ടില്ല.
എറണാകുളത്തെ എന്റെ ഫ്‌ലാറ്റിന്റെ പാലുകാച്ചൽ തീരുമാനിച്ചപ്പോൾ നൗഷാദ് ചോദിച്ചു – ”എത്ര പേരുണ്ടാകും പരിപാടിക്ക്”. ഞാൻ എണ്ണം പറഞ്ഞപ്പോൾ, ”ബിരിയാണി എന്റെ വക” എന്നായി നൗഷാദ്. അതാണ് നൗഷാദ്. ഒരു പ്രത്യേക മനുഷ്യൻ. ജീവിതത്തെ വളരെ സന്തോഷത്തോടെ സമീപിച്ചയാൾ. എല്ലാവരോടും അങ്ങനെയാണ് ഇടപഴകുക. പിന്നീട് എവിടെ വച്ചു കാണുമ്പോഴും എന്നെ കംഫർട്ടാക്കാൻ നൗഷാദ് ശ്രമിക്കുമായിരുന്നു. ആ പടം കൊണ്ട് എനിക്കൊന്നും പറ്റിയിട്ടില്ല എന്നെന്നെ ബോധിപ്പിക്കാൻ എപ്പോഴും ശ്രമിക്കുമായിരുന്നു. അദ്ദേഹം നിർമിച്ച ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയിൽ ഞാൻ അഭിനയിക്കുകയും ചെയ്തു….ഒരു ചെറിയ സിനിമ ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നതുമാണ്… അതിനൊന്നും കാത്തു നിൽക്കാതെ നൗഷാദ് പോയി എന്നും ലാൽജോസ് വിഷമത്തോടെ പറയുന്നുണ്ട്.