വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ നാടോടി സംഘത്തിലെ സ്ത്രീയെ സധൈര്യം നേരിട്ട മൂവാറ്റുപുഴ സ്വദേശി കൃഷ്ണയാണ് ഇപ്പോൾ നാട്ടിലും വീട്ടിലും താരം. എൽഎൽബി വിദ്യാർഥിനിയാണ് കൃഷ്ണ.
നാടോടി സ്ത്രീയുമായുള്ള മൽപിടിത്തത്തിൽ കൃഷ്ണയുടെ കഴുത്തിൽ പരുക്കേറ്റിരുന്നു. ശേഷം മുറിവിന്റെ ഭാഗത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചൊറിഞ്ഞു തടിക്കുകയും കഴുത്തിൽ കറുത്ത പാടുകൾ തെളിഞ്ഞുവരികയും ചെയ്തിരുന്നു. നാടോടി സ്ത്രീ പ്രയോഗിച്ചത് രാസപദാർഥമാണോ എന്ന സംശയത്തിലാണ് പൊലീസ്.
ALSO READ
കെഎസ്ആർടിസി ബസിൽ സാധാരാണക്കാരനെ പോലെ യാത്രചെയ്ത് സന്തോഷ് പണ്ഡിറ്റ്, കൈയ്യടിച്ച് ആരാധകർ
തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് കടാതി നടുക്കുടി ബിജുവിന്റെ വീട്ടിൽ നാടോടി സ്ത്രീ മോഷണത്തിന് എത്തിയത്. ഈ സമയം ബിജുവിന്റെ മകൾ കൃഷ്ണ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓൺലൈൻ ക്ലാസിൽ പഠനത്തിലായിരുന്നു കൃഷ്ണ. പെട്ടെന്ന് തൊട്ടടുത്ത മുറിയിൽനിന്ന് എന്തൊക്കെയോ ശബ്ദം കേട്ടു. ചെന്നു നോക്കുമ്പോൾ കണ്ടത് മുറിയിൽ അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെയാണ്. തുടർന്ന് നാടോടി സ്ത്രീയുമായി മൽപ്പിടിത്തമായി കൃഷ്ണ.
‘അവർക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. മോഷണം തടയാൻ ശ്രമിക്കുന്നതിന് ഇടയിൽ ഞാൻ ഉച്ചത്തിൽ ബഹളം വച്ചു. അവരുടെ വലതു കയ്യിലെ രണ്ടു വിരലുകളുടെ നഖത്തിൽ മാത്രം കറുപ്പു നിറത്തിലുള്ള നെയിൽ പോളിഷ് പോലെന്തോ പുരട്ടിയിരുന്നു. എന്റെ കഴുത്തിൽ നഖം അമർത്തിയതോടെ ശബ്ദം പുറത്തേക്കു വരാത്ത അവസ്ഥയിലായി. ശക്തമായ വേദന അനുഭവപ്പെട്ടു. ഞാനറിയാതെ എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നുവെങ്കിലും ഭയം തോന്നിയില്ല.
ആളുകളെ അറിയിച്ച് മോഷ്ടിക്കാനെത്തിയ സംഘത്തെ പിടികൂടണമെന്ന വാശിയായിരുന്നു. എന്നെ കീഴടക്കാൻ നെറ്റിയുടെ നടുക്ക് വിരൽ അമർത്താൻ നാടോടി സ്ത്രീ ആവർത്തിച്ചു ശ്രമിച്ചെങ്കിലും തല വെട്ടിച്ച് മാറ്റി ഇതിൽ നിന്നു രക്ഷപ്പെട്ടു. കയ്യിൽ കിട്ടിയ വടി എടുത്ത് അടിച്ചു. രക്ഷയില്ലെന്നു കണ്ടപ്പോൾ അവർ എന്റെ കയ്യിലും കാലിലും പിടിത്തമിട്ടു. കൈവിരലുകൾ കൊണ്ട് പ്രത്യേക രീതിയിൽ അമർത്തിയതോടെ വേദന സഹിക്കാൻ കഴിയാതെ വന്നു. ഇതോടെ അവർക്കു മേലുള്ള എന്റെ പിടിവിട്ടു. എഴുന്നേൽക്കാൻ കഴിയാത്ത വിധത്തിലായി. അതിനിടയിൽ അവർ രക്ഷപ്പെടുകയും ചെയ്തു.” – സംഭവത്തെ കുറിച്ച് വിശദീകരിച്ച് കൃഷ്ണ പറഞ്ഞു
ALSO READ
ഒരു വർഷം മുൻപും വീട്ടിൽ അതിക്രമിച്ചു കടന്ന മറ്റൊരു മോഷ്ടാവിനെയും കൃഷ്ണ തന്ത്രപൂർവം പിടികൂടിയിരുന്നു. വീടിന്റെ ജനലിന് അരികിൽ ആളനക്കം കണ്ട കൃഷ്ണ കട്ടിലിനു താഴെ ഇറങ്ങി ഇഴഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുറിയിൽ എത്തി അവരെ വിവരം അറിയിക്കുകയും എല്ലാവരും ചേർന്ന് മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു.
വീടിനുള്ളിൽ അപ്രതീക്ഷിതമായി മോഷ്ടാക്കളെ കണ്ടാൽ ധൈര്യം കൈവിടാതിരിക്കുകയാണ് ആദ്യം വേണ്ടതെന്ന് കൃഷ്ണ പറയുന്നു. നേരിട്ട് ഇവരെ പിടികൂടാൻ കഴിയില്ലെന്നു തോന്നിയാൽ ഇവരെ വീടിനുള്ളിൽ പൂട്ടിയിടാനെങ്കിലും ശ്രമിക്കണമെന്നും ഐപിഎസ് മോഹം ഉള്ളിൽ കൊണ്ടുനടക്കുന്ന കൃഷ്ണ പറയുന്നു.