പ്രണയിക്കുന്നെങ്കില്‍ നാല്‍പത് കഴിഞ്ഞവരെ പ്രണയിക്കണം, നാല്‍പതുകള്‍ പ്രണയത്തിന്റെ രണ്ടാമത്തെ പറുദീസ: യുവതിയുടെ കുറിപ്പ് വൈറല്‍

102

കൊച്ചി: പ്രണയിക്കുന്നെങ്കില്‍ നാല്‍പത് കഴിഞ്ഞവരെ പ്രണയിക്കണമെന്ന് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്. നാല്‍പതുകള്‍ കഴിഞ്ഞാണ് പ്രണയത്തിന്റെയും അതുവഴി ജീവിതത്തിന്റെയും സുന്ദരമൂഹൂര്‍ത്തമെന്ന് പ്രഖ്യാപിച്ച് മാനസി പികെ എന്ന യുവതി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. നാല്‍പതുകള്‍ കഴിഞ്ഞു നില്‍ക്കുന്നവര്‍ക്കും കൗമാരത്തിലെത്തി നില്‍ക്കുന്നവര്‍ക്കും ഒരേ മനസ്സും ഒരേ മോഹങ്ങളുമാണെന്ന് മാനസി പറയുന്നു. ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവര്‍ക്ക്, ഓരോ ചുംബനവും ഒരു പൂക്കാലമാണവര്‍ക്ക്, ഓരോ സ്പര്‍ശനവും ഓരോ മഴക്കാലമാണവര്‍ക്ക് മാനസി എഴുതുന്നു.

എന്തായാലും മുപ്പതുകഴിഞ്ഞാല്‍ ജീവിതം തീര്‍ന്നു എന്ന് കരുതുന്നവര്‍ക്ക് മാനസിയുടെ ഈ കുറിപ്പ് ഒരു പ്രചോദനമായിരിക്കും. ജീവിതത്തിന് ചെറുപ്പം നിലനിര്‍ത്തുന്നത് എന്നും പ്രണയമാണ്. നാല്‍പതുകഴിയുമ്പോള്‍ ആ പ്രണയത്തിന് കുറേക്കൂടി ആഴവും വ്യാപ്തിയും ഉണ്ടാകുമെന്ന് മാനസി പറയുന്നു. നാല്‍പതുകള്‍ പ്രണയത്തിന്റെ രണ്ടാമത്തെ പറുദീസയാണെന്നാണ് അവരുടെ അഭിപ്രായം. മധ്യവയസ്സിലെ ആ പ്രണയം മറ്റൊരു ലോകം തന്നെ നമുക്ക് മുന്നില്‍ തുറക്കുമെന്നും മാനസി പറഞ്ഞു വെക്കുന്നു.

Advertisements

മാനസിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

സത്യമാണ്, പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം.
നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ്,
ഒരേ ദാഹങ്ങളാണ്.
സ്നേഹിക്കപ്പെടാൻ വെമ്പി നിൽക്കുന്നവരാണവർ.
മോഹിക്കപ്പെടാൻ കാത്തു നിൽക്കുന്നവരാണവർ.
ചേർത്തു പിടിക്കുന്ന കൈകളെ അത്രമേൽ മനോഹരമായി തഴുകാൻ അവർക്ക് കഴിയുന്നത് പോലെ മറ്റാർക്കാണ് കഴിയുക.
ഏറ്റവും സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അവരെ പോലെ മറ്റാർക്കാണ് പറ്റുക.
നാൽപതുകൾ പ്രണയത്തിന്റെ രണ്ടാമത്തെ പറുദിസയാണ്.
ഒന്നിൽ നിന്നു തുടങ്ങുന്നതിന്റെ ഹൃദയമിടിപ്പുണ്ടവർക്ക്,
രണ്ടാം ജന്മത്തിന്റെ പെടപെടപ്പുണ്ടവർക്ക്,
ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവർക്ക്,
ഓരോ ചുംബനവും ഒരു പൂക്കാലമാണവർക്ക്,
ഓരോ സ്പർശനവും ഓരോ മഴക്കാലമാണവർക്ക്.
ഭ്രാന്തമായി പ്രണയിക്കാൻ പ്രത്യേക കഴിവാണവർക്ക്, ഭ്രാന്തുകളോട് ശക്തമായ
ഭ്രമമാണവർക്ക്, ഓരോ നോട്ടങ്ങളിലും ഓരോ യുഗം ഒളിപ്പിച്ചുവെക്കുന്നവർ, ഓരോ ചിരിയിലും ഓരോ പൂക്കാലം വിടർത്തുന്നവർ. ഓരോ ചുംബനങ്ങളിലും ഓരോ ലോകം കാണിക്കുന്നവർ, ഓരോ പരാഗണത്തിലും ഓരോ മരണം നൽകുന്നവർ. ഹൊ എന്തൊരു പ്രണയമാണവർക്ക്….
നിങ്ങളോട് വീണ്ടും പറയട്ടെ..
നാൽപതുകൾ ആത്മഹത്യാ മുനമ്പുകളുടെ നാളുകളെന്ന് കരുതുന്നവരേ നിങ്ങളോട് ഞാൻ പറയട്ടെ..
നാൽപതുകൾ പ്രണയത്തിന്റെ പൂമര കാഴ്ച്ചകൾ നിറഞ്ഞൊരു ലോകമാണ്..
ചെറിയൊരു തെന്നലായി വീശുവാൻ, ഓരോ പൂവുകളേയും തലോടിയുണർത്താൻ ഒരുവളോ/ ഒരുവനോ ഉണ്ടെങ്കിൽ അതൊരു പറുദീസ തന്നേയാണ്..സ്വപ്നങ്ങളുടെ, ഇടിപ്പുകളുടെ, തുടിപ്പുകളുടെ പറുദീസ.
ഹൊ… എന്തൊരു പ്രണയമാണത്.

Advertisement