മീൻ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതി നൽകിയിരിയ്ക്കുകയാണ് കരമനയിൽ വഴിയോര വിൽപനക്കാരിയായ മരിയ പുഷ്പം. പരാതി വ്യാജമെന്നാണ് പോലീസ് പറയുന്നത്. സാക്ഷിമൊഴികൾ അനുസരിച്ചും സ്ഥലം സന്ദർശിച്ച ഫോറൻസിക് വിദഗ്ധരുടെ വിലയിരുത്തൽ അനുസരിച്ചും പരാതിക്കാരി തന്നെയാണ് മീൻ തട്ടിത്തെറിപ്പിച്ചതെന്നാണു പോലീസിന്റെ വാദം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഫോർട്ട് അസി.കമ്മിഷണർ എസ്. ഷാജി സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് നൽകി. അതേസമയം ജീപ്പിലെത്തിയ പൊലീസ് തന്നെയാണു വാഹനത്തിലിരുന്നു പാത്രത്തിലെ മീൻ തട്ടിത്തെറിപ്പിച്ചു പോയതെന്ന് മീൻ വിൽപന നടത്തിയ വലിയതുറ സ്വദേശി മരിയ പുഷ്പം ആവർത്തിച്ചു.
പൊലീസ് അതിക്രമത്തിനെതിരെ മരിയ ഉൾപ്പെടെ പങ്കെടുത്ത പ്രതിഷേധ സമരവും ഇന്നലെ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്നു. പൊലീസ് സംഭവം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മത്സ്യത്തൊഴിലാളി സംഘടനകളും ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി. ശിവൻകുട്ടി ജില്ലാ ലേബർ ഓഫിസറോട് നിർദേശിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നാണു പൊലീസ് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നതെങ്കിലും ഒരു സിസി ടിവിയും ആ ഭാഗത്ത് ഇല്ലെന്ന് ഫോർട്ട് എസി പറയുന്നു.
ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യം മാത്രമാണുള്ളത്. ഇതിൽ പൊലീസ് വാഹനത്തിലിരുന്ന് മരിയയോട് സംസാരിക്കുന്നതു വരെയേ ഉള്ളൂ. ഈ ദൃശ്യമെടുത്തയാളും ഒരു ഓട്ടോറിക്ഷ ഡ്രൈവറും ഉൾപ്പെടെ മൂന്നു ദൃക്‌സാക്ഷികൾ മീൻ പോലീസല്ല തട്ടിത്തെറിപ്പിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നതെന്നും എസി അറിയിച്ചു. ആരോപണ വിധേയരായ കരമന എസ്‌ഐ ഉൾപ്പെടെയുള്ളവരിൽ നിന്നും എസി വിവരങ്ങൾ ആരാഞ്ഞു.
കരമന പാലത്തോട് ചേർന്ന ഭാഗത്തു മീൻ വിൽപന നടത്തുന്നത് ഗതാഗത കുരുക്കുണ്ടാക്കുമെന്നതിനാൽ അവിടെ നിന്നു മാറ്റണമെന്ന് ഒരു തവണ വാഹനത്തിലിരുന്ന് നിർദേശിച്ചെന്നും ജംക്ഷനിൽ പോയി തിരികെ വന്നപ്പോഴും മാറ്റാത്തതിനെ തുടർന്ന് വാഹനത്തിലിരുന്നു സംസാരിക്കവെ ക്ഷുഭിതയായി മരിയ തന്നെ മീൻ തട്ടിത്തെറിപ്പിച്ചെന്നുമാണ് അവരുടെ മൊഴി. ഡോർ തുറന്നു പുറത്തിറങ്ങാതെ മീൻ പാത്രം തട്ടിക്കളയാനാവില്ലെന്നും പോലീസ് വാദിക്കുന്നുണ്ട്. ദൃശ്യമനുസരിച്ച് ഉള്ളിലിരുന്ന് തട്ടിതെറിപ്പിക്കാവുന്ന അകലത്തിലുമല്ല വാഹനമുള്ളത്.
പോലീസ് വാഹനം നിന്നിരുന്ന ദിശയിൽ നിന്നു തട്ടിത്തെറിപ്പിച്ചാൽ വീഴുന്ന ഭാഗത്തേക്കല്ല മീൻ തെറിപ്പിച്ചിരുന്നതെന്നാണ് വിദഗ്ധ സംഘം പരിശോധന നടത്തി കണ്ടെത്തിയതെന്നും എസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുമില്ല. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരടക്കം ഒത്തുകളിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നുണ്ട്.