എക്കാലത്തും രണ്ടാം വിവാഹത്തെ അംഗീകരിക്കാൻ എന്നും ബുദ്ധിമുട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. അവിടെയാണ് ഗോകുൽ ശ്രീധറിൻറെ ഫേസ്ബുക്ക് പോസ്റ്റ് വ്യത്യസ്തമാകുന്നത്.
‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്.
അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’ എന്നാണ് എസ് എഫ് ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയായ ഗോകുൽ എഴുതിയിരിക്കുന്നത്.
നേരത്തത്തെ ദാമ്പത്യത്തിൽ അമ്മ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അടികൊണ്ട് നെറ്റിയിൽ നിന്നും ചോരയൊലിക്കുമ്പോൾ എന്തിനാണ് ഇങ്ങനെ സഹിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്.
തനിക്ക് വേണ്ടിയാണ് എന്നാണ് അമ്മ പറഞ്ഞതെന്നും ഗോകുൽ ഓർക്കുന്നു. അന്ന് അമ്മയുടെ കയ്യും പിടിച്ചിറങ്ങുമ്പോൾ തീരുമാനിച്ചതാണ് ഇങ്ങനെയൊരു നിമിഷമെന്നും ഗോകുൽ എഴുതുന്നുണ്ട്.
ഗോകുൽ ശ്രീധറിൻറെ ഫേസ്ബുക്ക് പോസ്റ്റ്:
അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.
സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല.
ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?
അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.
അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്.
യൗവ്വനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്. കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.