ഓച്ചിറ: കഴിഞ്ഞ ദിവസങ്ങളില്‍ ഓച്ചിറയില്‍ നിന്നും രാജാസ്ഥാനി പെണ്‍കുട്ടിയെ റോഷന്‍ എന്ന യുവാവ് തട്ടിക്കൊണ്ട് പോയത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. ഇന്നലെ അവരെ മുംബൈയില്‍ നിന്നും പോലീസ് കണ്ടെത്തി. തന്നെ ആരു തട്ടിക്കൊണ്ടു പോയതല്ലന്നും തങ്ങള്‍ പ്രണയത്തിലാണെന്നും സ്വമേധേയ പോയതാണെന്നും പെണ്‍കുട്ടി മൊഴിനല്‍കി.
ഈ വിഷയത്തില്‍ റോഷന്റെ കുടുംബത്തെ ആക്രമിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും ഏറെ ശ്രമം ഉണ്ടായിരുന്നു. ഏതായാലും ഇവരെ കണ്ടെത്തിയതോടെ അതെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
അതേ സമയം ഈ വിഷയം ഉണ്ടായ സമയത്ത് ഓച്ചിറക്കാരനായ യുവാവ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ഇ ഷാനവാസ് ഖാന്‍ എന്ന യുവാവാണ് സംഭവത്തിലെ സത്യാവസ്ഥ വിശദീകരിച്ച് അന്നേ പോസ്റ്റിട്ടത്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ഒരു കുടുംബത്തെ കുരിശിലേറ്റരുത്
ഓച്ചിറയില്‍ പതിമൂന്ന് വയസുള്ള രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഒരുകൂട്ടം ആള്‍ക്കാര്‍ മാതാപിതാക്കളെ മര്ദിച്ചവശരാക്കിയ ശേഷം തട്ടിക്കൊണ്ടു പോയി.. ഇതാണ് വാര്‍ത്ത.
എന്റെ വീട്ടില്‍നിന്നും ഒന്നര കിലോമീറ്റര്‍മാത്രം അകലെയാണ് ഈ പറയുന്ന രാജസ്ഥാന്‍ സ്വദേശികള്‍ കഴിഞ്ഞ ആറുവര്‍ഷമായി വാടകക്ക് താമസിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് ഞാന്‍ ആ വീട്ടില്‍ പോവുകയും ആ കുട്ടികള്‍ സ്‌കൂളില്‍ പോകാത്തതിനെ കുറിച്ച് സംസാരിക്കുകയും അവരുടെ ഫോട്ടോസ് എടുത്തു എഫ്ബിയില്‍ പോസ്റ്റുകയും ചെയ്തതാണ്.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ മൂന്നു ഫാമിലി ആയിരുന്നു ആ ചെറിയവീട്ടില്‍ താമസം. ഏതാണ്ട് ഏഴോളം കുട്ടികളും. നാഷണല്‍ ഹൈവേയുടെ ഓരത്തായ് സ്ഥിതിചെയ്യുന്ന ചെറുതെങ്കിലും അടച്ചുറപ്പുള്ള വീട്. തൊട്ടരികയിലായി മൂനോളം വീടുകള്‍ അവിടെ പ്രദേശവാസികള്‍ ആയ മലയാളികള്‍ താമസിക്കുന്നു.
പ്ലാസ്ട്രോ പാരീസില്‍ ശില്പങ്ങള്‍ നിര്‍മിച്ചു ഹൈവേയുടെ സൈഡില്‍ തന്നെ നിരത്തിവെച്ചു വില്‍കുന്നതാണ് അവരുടെ ഉപജീവനമാര്‍ഗം. കഴിഞ്ഞ ആറുവര്‍ഷമായി തികച്ചും സമാധാനത്തോടെ സ്വന്തം നാടുപോലെകരുതി അവര്‍ അവിടെ കഴിഞ്ഞുപോകുന്നു. ഇതാണ് കേരളത്തിലെ അവരുടെ ചരിത്രം.
ഇനി വിഷയത്തിലേക്ക് വരാം. റണാകുളത് നിന്നും ട്രിവാന്‍ഡ്രം പോകുന്ന നാഷണല്‍ ഹൈവേയില്‍ കായംകുളത്തിനും കരുനാഗപ്പള്ളിക്കും മധ്യത്തില്‍ ആയി ഓച്ചിറക്ക് അടുത്തുള്ള വലിയകുളങ്ങരയില്‍ ആണ് സംഭവം. എന്റെ വീട് ചങ്ങന്‍കുളങ്ങര.
തട്ടിക്കൊണ്ടു പോയി എന്ന് പറയപ്പെടുന്ന പയ്യന്റെ തൊട്ടടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന രാജസ്ഥാന്‍ കുടുംബത്തിലെ പെണ്‍കുട്ടിയും പയ്യനും കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തില്‍ ആണ്. മാധ്യമങ്ങള്‍ ചിലത് 13വയസെന്നും, ചിലത് പതിനഞ്ചു വയസെന്നും പറയുന്ന പെണ്‍കുട്ടിക്ക് ഉദ്ദേശം ഒരു പതിനേഴു വയസ് പ്രായം വരും.
കാഴ്ച്ചയില്‍ അതിലേറെ പക്വത്വയും. കഴിഞ്ഞ ആറുവര്‍ഷമായി തൊട്ടയല്‍ക്കാരായി കഴിഞ്ഞുവരുന്നു പെണ്‍കുട്ടിയും,പയ്യനും. മുന്‍പൊരിക്കല്‍ ഇവര്‍ രണ്ടുപേരും കൂടി ഒരുമിച്ചു ജീവിക്കുവാന്‍ വേണ്ടി നാടുവിടുകയുണടായി.
സംസ്ഥാനം കടക്കുന്നതിനു മുന്‍പ് പോലീസ് രണ്ടുപേരെയും പിടികൂടുകയൂം പ്രായപൂര്‍ത്തി ആകാത്തതിനാല്‍ രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തു. വീണ്ടും ഇവരുടെ പ്രണയം പഴയതുപോലെ തുടര്‍ന്നു.
കഴിഞ്ഞ ദിവസം സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടുപേരും കൂടി നാടുവിടാന്‍ തീരുമാനിക്കുകയും തൊട്ടടുത്ത പരബ്രഹ്മഹോസ്പിറ്റലിന്റെ മുന്‍പില്‍ വെച്ച് അമ്മയുടെ കൂടെ വന്ന പെണ്‍കുട്ടി കാറില്‍ കയറി പോവുകയുമാണ് ഉണ്ടായത്.
കാറില്‍ കയറുന്നത് തടഞ്ഞ അമ്മയെ പെണ്‍കുട്ടിത്തന്നെ പിടിച്ചു തള്ളുകയും അമ്മ മറിഞ്ഞുവീഴുകയും ചെയ്തു. രാത്രി പത്തരമണിക്ക് വീട്ടില്‍ ചെന്ന് നാലുപേര്‍ മാതാപിതാക്കളെ ആക്രമിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് പ്രചരിപ്പിക്കുന്നവര്‍ ഒന്നോര്‍ക്കണം.
നാഷണല്‍ ഹൈവേയോട് ചേര്‍ന്ന് നില്‍ക്കുന്ന വീട്, തൊട്ടടുത്ത പയ്യന്റെ വീട് ഉള്‍പ്പെടെ പലവീടുകള്‍. ഹൈവേയില്‍ കൂടി ആ സമയങ്ങളില്‍ നിരന്തരം വാഹനങ്ങള്‍ പോകുന്നു. പോരാഞ്ഞിട്ട് ഹൈവേ പോലീസ് പത്തുമിനിറ്റ് ഇടവിട്ട് പെട്രോളിംഗ് നടത്തുന്നു.
എങ്ങനെ സംഭവിക്കും അങ്ങനെ ഒരു സാഹചര്യത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വീട്ടുകാരെ ആക്രമിച്ചു കടത്തികൊണ്ടുപോകല്‍. അതുമാത്രമോ പെണ്‍കുട്ടിയുമായി പോയ കാര്‍ റയില്‍വേസ്‌റേഷനില്‍ ഉപേക്ഷിച്ചു ട്രേയില്‍ ആണ് പയ്യനും പെണ്‍കുട്ടിയും നാടുവിട്ടത്.
ട്രെയിനില്‍ തട്ടിക്കൊണ്ടു പോകല്‍ എങ്ങനെ സാധിക്കും.? കൗമാരത്തിന്റെ അറിവില്ലായ്മയില്‍ രണ്ടുകൗമാരക്കാര്‍ക്ക് പറ്റിയ അബദ്ധത്തില്‍ മുതലെടുപ്പ് നടത്തി രാഷ്ട്രീയം കളിക്കുന്നവര്‍ ഒന്നോര്‍ക്കണം.
പയ്യന്റെ വീട്ടില്‍ അയാള്‍ മാത്രമല്ല സമൂഹത്തില്‍ പൊതുരംഗത് നില്‍ക്കുന്ന അച്ഛനും,നിരപരാധിയായ അമ്മയും ഒരു സഹോദരിയുമുണ്ട്. സോഷ്യല്‍മീഡിയയില്‍ കൂടിയും പത്രമാധ്യമങ്ങള്‍കൂടിയും കള്ളപ്രചാരണങ്ങള്‍ നടത്തി ആ കുടുംബത്തെ വേട്ടയാടുന്നവര്‍ നാളെ വലിയൊരപകടത്തിലേക്ക് അവരുടെ മാനസികാവസ്ഥയെ കൊണ്ടുചെന്നെത്തിക്കരുത്.
‘പയ്യന്‍ ചെയ്തത് തെറ്റുതന്നെയാണ്. പ്രണയത്തിന്റെ പേരില്‍ നിഷ്‌കളങ്കയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എന്തിന്റെ പേരില്‍ ആയാലും വശീകരിച്ചു കൊണ്ടുപോകുന്നത് തെറ്റുതന്നെയാണ്.’ നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് കിട്ടുകതന്നെ വേണം.
നിലവില്‍ കൂടെ സഹായിക്കാന്‍ പോയ രണ്ടുപേരെ പോസ്‌കോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ബാംഗ്ലൂരിലേക്ക് കടന്നുവന്നുകരുതുന്ന പെണ്‍കുട്ടിക്കും പയ്യനുമായി പോലീസ് അന്വഷണം ആരംഭിച്ചു.
ഉടനെ തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു അവരെയും അപകടകരമായ മാനസികാവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കരുത്. ഞങ്ങളുടെ നാട്ടുകാര്‍ മറ്റെല്ലാ വ്യത്യാസവും മാറ്റിവെച്ചു പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ട്.
എല്ലാസഹായവും അവര്‍ക്കുവേണ്ടി ചെയ്തുകൊടുക്കുന്നുമുണ്ട്. പുറത്തുനിന്നു രാഷ്ട്രീയലാക്കോടെ വരുന്നവര്‍ക്ക് ഈ അവസരത്തില്‍ രാഷ്ട്രീയനേട്ടം മാത്രമാണ് ലക്ഷ്യം. അവരുടെ കള്ളപ്രചാരണങ്ങളില്‍ വിശ്വസിച്ചുകൊണ്ട് ഒരു കുടുംബത്തെ നിങ്ങള്‍ കുരിശിലേറ്റരുതേ.