ഇതുവരെ ആശ്രയമേകിയ വീട് വിട്ടിറങ്ങിയപ്പോൾ അശ്വതിയുടെയും ശ്രീലക്ഷ്മിയുടെയും കണ്ണുകൾ നിറഞ്ഞെങ്കിലും പുതുജീവിതത്തിലേയ്ക്കാണെന്ന് ആശ്വസിപ്പിച്ചപ്പോൾ ഇരുവരും കരച്ചിലടക്കി. വാത്സല്യവും കരുതലുമായി നേർവഴി നയിച്ച ശ്രീ ചിത്ര പൂവർഹോം അധികൃതരോടും ഇതുവരെ കൂട്ടായുണ്ടായിരുന്ന അന്തേവാസികളോടും യാത്ര പറഞ്ഞ് ഇരുവരും ഇറങ്ങി. ഇനി പുതിയ ജീവിതം. കോവിഡ് അനിശ്ചിതത്വങ്ങൾക്കിടയിലും ശ്രീ ചിത്ര പൂവർഹോമിൽ അന്തേവാസികളായിരുന്ന രണ്ടു പെൺകുട്ടികളുടെ വിവാഹമാണ് ഇന്നലെ നടന്നത്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എൽ.ജെ. അശ്വതി പൂവർ ഹോമിൽ അന്തേവാസിയായി എത്തുന്നത്. പ്ലസ് ടു വരെ പഠിച്ച ശേഷം തയ്യൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പാരിപ്പള്ളിയിലെ ക്ഷേത്ര ശാന്തിയാണ് അശ്വതിയുടെ ജീവിതസഖാവ് വിഷ്ണുദത്ത്. പുത്തൻകുളം കരിംപാലൂർ കാനാതാരിൽ മഠത്തിൽ പരേതനായ എസ്.ആർ.ശ്രീകുമാറിന്റെയും എ.ജയശ്രീയുടെയും മകൻ. ദത്തെടുത്തു വളർത്തിയിരുന്ന ദമ്പതികൾ പ്രായാധിക്യത്താൽ വലഞ്ഞപ്പോഴാണ് എം. ശ്രീലക്ഷ്മിക്ക് 15ാം വയസിൽ പൂവർ ഹോം ആശ്രയമായത്. ബികോം പഠനം പൂർത്തിയാക്കിയ ശ്രീ ലക്ഷ്മിയും തയ്യലിൽ മികവു തെളിയിച്ചു.
ALSO READ
‘മറക്കുവാൻ പറയാൻ എന്തെളുപ്പം’ ; വിവാഹ വാർഷിക ദിനത്തിൽ ഭർത്താവിനെ കുറിച്ചോർത്ത് താര കല്ല്യാൺ
വരൻ ബി.വിശാൽ പെയിന്റിങ് കോൺട്രാക്ടറാണ്. പാച്ചല്ലൂർ ഏറുവിളാകത്തു മേലെ വീട്ടിൽ കെ. ബാലചന്ദ്രന്റെ മകൻ. സ്‌പോൺസർഷിപ്പു വഴി ലഭിച്ച 10 പവന്റെ സ്വർണാഭരണങ്ങൾക്കു പുറമേ പൂവർ ഹോമിന്റെ വകയായി 6 ലക്ഷം രൂപ അശ്വതിക്കും ശ്രീലക്ഷ്മിക്കും സമ്മാനമായി നൽകി.
ALSO READ
തടി കുറച്ച് സ്‌റ്റൈലിഷ് ലുക്കിൽ മൃദുല മുരളി ; കളിയാക്കിയവർ തന്നെ കൈയ്യടിച്ച് നടിയുടെ മേക്കോവർ വീഡിയോ
ജീവനോപാധിയായി ഇരുവർക്കും ഓരോ തയ്യൽ യന്ത്രവും നൽകി. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.സലിം, കൗൺസിലർ എസ്.രാജേന്ദ്രൻ നായർ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ സബീന ബീഗം, ശ്രീ ചിത്ര പൂവർ ഹോം സൂപ്രണ്ട് എസ്.ജെ.സുജ എന്നിവർ വധൂവരൻമാർക്കു ആശംസ അർപ്പിച്ചു സംസാരിച്ചു.