സെക്‌സ് പൊസിഷനുകള്‍ എത്രയെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ഉള്ളതാണെന്നും അറിയാത്ത വീട്ടമ്മമാരടക്കമുള്ള സ്ത്രീകള്‍ക്കായി: യുവതിയുടെ കുറിപ്പ് വൈറല്‍

984

കൊച്ചി: സെക്‌സ് പൊസിഷനുകള്‍ ഇത്രയുമൊക്കെ ഉണ്ടെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ആഘോഷമാക്കാനുള്ളതാണെന്നു പോലും അറിയാത്തവരാണ് പല സ്ത്രികളുമെന്നും വ്യക്തമാക്കുന്ന യുവതിയുടെ കുറിപ്പ് വൈറല്‍.

ആഷ സൂസന്‍ എന്ന യുവതിഎഴുതിയ കുറിപ്പ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഇതിനെ കുറിച്ച് ഒന്നുമറിയാതെ വീട്ടു ജോലികളെല്ലാം തീര്‍ത്തു നടുവൊന്നു കട്ടിലിലേക്ക് ചേര്‍ത്തു നിവര്‍ത്തിയാല്‍ മതിയെന്നു കരുതുമ്പോ ആര്‍ക്കോ വേണ്ടിയെന്നോണം വീണ്ടും വേദനയും വെറുപ്പും കടിച്ചമര്‍ത്തി ശരീരം കുലുങ്ങിത്തീര്‍ത്തു കടമ നിര്‍വഹിച്ച ദീര്‍ഘനിശ്വാസത്തില്‍ ഇനിയെങ്കിലും ഉറങ്ങാമെന്നു കരുതുമ്പോളാവും കുഞ്ഞെണീക്കുക.

Advertisements

ശരീരത്തിന്റെ തളര്‍ച്ചയില്‍ അവിടെത്തന്നെ കിടത്തി താരാട്ടുമ്പോള്‍ ”അവിടെ കിടത്തി മൂളിച്ചു ബാക്കിയുള്ളവരുടെ കൂടി ഉറക്കം കളയല്ലേയെന്ന” ആക്രോശത്തില്‍ ശരീരത്തിന്റെ തളര്‍ച്ചയൊക്കെ പാടേ മറന്ന് അതിനെ എടുത്തു ഹാളിലേക്കും,

അതു മറ്റു മുറികളിലുള്ളവര്‍ക്ക് ശല്യമാവുമല്ലോ എന്നോര്‍ത്ത് അവിടെ നിന്നും അടുക്കളയിലേക്കും തള്ളപ്പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുമ്പോലെ മാറ്റി മാറ്റി ആട്ടിയും പാടിയും അതിനെ ഉറക്കി ശ്വാസം പോലെ വിടാതെ കിടത്തി ആഴത്തില്‍ ഒന്നുറങ്ങാതെ നേരം വെളുപ്പിക്കുന്ന എത്രയെത്ര സ്ത്രീകള്‍ എന്നും ആഷ സൂസന്‍ കുറിക്കുന്നു

ആഷ സൂസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്.

എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ മുന്നിൽ നിന്നിരുന്ന പെൺകുട്ടി അവളുടെ പതിനെട്ടാമത്തെ വയസ്സിൽ അമ്മയാവാൻ തയ്യാറെടുത്തപ്പോൾ ഉയർന്ന ചോദ്യങ്ങളിൽ ചിലതു താഴെ കൊടുക്കുന്നു.

ഇപ്പോഴെന്താ പീരിയഡ്‌സ് ആവാത്തത്? കുഞ്ഞ് എങ്ങനെയാണ് പുറത്തു വരിക? വീർത്തു വരുന്ന വയറിനെ ഓരോ ദിവസം ഇപ്പൊ പൊട്ടുമോന്ന് ഭയന്നും, ഉന്തി വരുന്ന പതുപതുത്ത പൊക്കിൾ നോക്കിയിട്ട് ഇനി ഇതിലൂടെയാവുമോ വരുന്നതെന്നും തുടങ്ങി ഒരു നൂറു കൂട്ടം സംശയങ്ങളായിരുന്നു.

ഒരു പെൺകുട്ടി അവളുടെ ശരീരത്തെയും ചിന്തകളെയും രൂപീകരിക്കേണ്ടത് ഭർത്താവിനും കെട്ടിക്കേറി ചെല്ലുന്ന വീടിനും വേണ്ടി മാത്രമാണെന്ന് ചുറ്റിലുമുള്ളവർ അവളെ കൂടെ കൂടെ ബോധ്യപ്പെടുത്തുമ്പോൾ, എങ്ങനെ നന്നായി പാചകം ചെയ്യാം, ദേഷ്യപ്പെടാതെ എത്ര സങ്കടം വന്നാലും അതിനെയെങ്ങനെ ഉള്ളിലൊതുക്കാം തുടങ്ങിയവയില്‍ കവിഞ്ഞു സ്വന്തം ശരീരത്തെയോ ലൈംഗീഗിതയെയോ കുറിച്ചു ചിന്തിക്കാനേ ശ്രമിച്ചിട്ടില്ലാത്ത കാലങ്ങൾ.

മൂന്നര കൊല്ലം മുന്നേ ഇസ്രായേലിൽ വരുമ്പോഴാണ് പ്രവാസത്തിന്‍റെ വിരസത മാറ്റാൻ ഫേസ്ബുക്കും അതിൽ കുറേ കുഞ്ഞു കുഞ്ഞു ക്ലോസ്ഡ് ഗ്രൂപ്പുകളിലുമൊക്കെ ചേരുന്നത്. സ്ത്രീവിരുദ്ധ തമാശകളിൽ പൊട്ടിച്ചിരിച്ചും, സദാചാരത്തെ പൊതിഞ്ഞു പിടിച്ചും പുരുഷൂസിന്‍റെ മുന്നിൽ നല്ല കുട്ടിയായി, പൊതുബോധം ആഗ്രഹിക്കുന്ന രീതിയിലുള്ള മറുപടികള്‍ പറഞ്ഞും, പിന്നിട്ട വഴികളെ അതേപോലെ അനുകരിച്ച് ഒരുവർഷം ഒതുങ്ങിക്കൂടി നടന്നു.

രണ്ടു കൊല്ലം മുന്നെയാണ് ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പിനെ കണ്ടുപിടിക്കുന്നതും മതത്തെ വിമർശനാത്മകമായി കാണാൻ തുടങ്ങുന്നതും, മതം സ്ത്രീയുടെ ശവക്കല്ലറയാണെന്നു ബോധ്യപ്പെടുന്നതും. യുക്തിയില്ലാത്ത എല്ലാത്തരം അശാസ്ത്രീയതയെയും കുഴിച്ചു മൂടിയപ്പോളാണ് അന്നോളം ശരിയെന്നു കരുതിയിരുന്ന പലതും തെറ്റാണെന്നും, പാപബോധത്തിൽ നിന്നും തെറ്റെന്നു കരുതിയിരുന്ന പലതും തെറ്റുകളല്ലായിരുന്നുവെന്നും മനസ്സിലായത്.

വീണ്ടും ഒന്നര കൊല്ലം മുന്നേ ഡേറ്റിങ് ഗ്രൂപ്പിലും ലൈംഗിക അറിവും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഗ്രൂപ്പിലും വന്നപ്പോഴാണ് ലൈംഗികതയെക്കുറിച്ചുള്ള “ഞെട്ടിക്കുന്ന” പല കാര്യങ്ങളും അറിയുന്നത്. അതിലൊന്നായിരുന്നു സ്ത്രീകളും സ്വയംഭോഗം ചെയ്യുമെന്ന അറിവ്. ലൈംഗിക സുഖം എന്നതൊക്കെ പുരുഷനു മാത്രം അനുഭവപ്പെടുന്ന ഒന്നാണെന്നും, അതിനു സഹകരിക്കേണ്ട, അല്ലേൽ അവനെ സന്തോഷിപ്പിക്കേണ്ട ബാധ്യത ഉള്ളവൾ മാത്രമാണ് സ്ത്രീയെന്നും ധരിച്ചിരുന്നയെനിക്ക് പലതുമറിയുമ്പോ അതിശയവും ഒപ്പം സങ്കടവുമായിരുന്നു.

സെക്സ് പൊസിഷനുകൾ ഇത്രയുമൊക്കെ ഉണ്ടെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ആഘോഷമാക്കാനുള്ളതാണെന്നു പോലും അറിയാതെ വീട്ടു ജോലികളെല്ലാം തീർത്തു നടുവൊന്നു കട്ടിലിലേക്ക് ചേർത്തു നിവർത്തിയാൽ മതിയെന്നു കരുതുമ്പോ ആർക്കോ വേണ്ടിയെന്നോണം വീണ്ടും വേദനയും വെറുപ്പും കടിച്ചമർത്തി ശരീരം കുലുങ്ങിത്തീർത്തു കടമ നിർവഹിച്ച ദീർഘനിശ്വാസത്തിൽ ഇനിയെങ്കിലും ഉറങ്ങാമെന്നു കരുതുമ്പോളാവും കുഞ്ഞെണീക്കുക.

ശരീരത്തിന്‍റെ തളർച്ചയിൽ അവിടെത്തന്നെ കിടത്തി താരാട്ടുമ്പോൾ “അവിടെ കിടത്തി മൂളിച്ചു ബാക്കിയുള്ളവരുടെ കൂടി ഉറക്കം കളയല്ലേയെന്ന” ആക്രോശത്തിൽ ശരീരത്തിന്‍റെ തളർച്ചയൊക്കെ പാടേ മറന്ന് അതിനെ എടുത്തു ഹാളിലേക്കും അതു മറ്റു മുറികളിലുള്ളവർക്ക് ശല്യമാവുമല്ലോ എന്നോർത്ത് അവിടെ നിന്നും അടുക്കളയിലേക്കും തള്ളപ്പൂച്ച കുഞ്ഞുങ്ങളെ ഇല്ലം മാറ്റുമ്പോലെ മാറ്റി മാറ്റി ആട്ടിയും പാടിയും അതിനെ ഉറക്കി ശ്വാസം പോലെ വിടാതെ കിടത്തി ആഴത്തിൽ ഒന്നുറങ്ങാതെ നേരം വെളുപ്പിക്കുന്ന എത്രയെത്ര സ്ത്രീകൾ!!!

പാഠപുസ്തകങ്ങൾ അടച്ചതിൽ പിന്നെ വല്ലപ്പോഴും മറച്ചു നോക്കുന്ന പത്രങ്ങളും ബൈബിളും മാത്രം വായിച്ചിരുന്ന, ഒരു കഥപുസ്തകം പോലും വായിക്കാത്ത, വീട്ടു സാധനത്തിന്‍റെ ലിസ്റ്റ് ഇടാൻ മാത്രം പേപ്പറും പേനയും കൈയ്യിലെടുത്തിരുന്ന എനിക്ക് അല്പമെങ്കിലും വെളിച്ചം കിട്ടിയത് അറിവുള്ളവർ അവരുടെ അറിവുകളും അനുഭവങ്ങളും പങ്കു വെയ്ക്കുന്ന ഫേസ്ബുക്കും, ബ്ലോഗ്ഗുകളും വായിച്ചു മാത്രമാണ്.

യാതൊരു അക്കാദമിക്ക് അറിവുമില്ലാത്ത ഞാനൊക്കെ അനുഭവത്തിൽ നിന്ന് മാത്രം ഓരോന്നു കുറിക്കുന്നത് എന്നെപ്പോലെയുള്ള നിരവധി സ്ത്രീകൾ നമ്മുടെ നാട്ടിലുണ്ടെന്ന സത്യം മറ്റാരെക്കാളും എനിക്ക് മനസ്സിലാവുന്നതു കൊണ്ടാണ്. ആ തിരിച്ചറിൽ നിന്നാണ് ഇന്നുമിതു പറയുന്നത്;

സകല പ്രിവിലേജിന്‍റെയും മുകളിലിരുന്ന് ഇതൊക്കെ തീർത്തും സ്വകാര്യതയല്ലേ എന്ന് ചോദിക്കുന്നവരോട് ഞാൻ വീണ്ടും പറയുന്നു “സ്ത്രീ ലൈംഗികതയെ കുറിച്ച് ആണത്ത ബോധത്തിൽ നിന്നും അവൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കാല്പനിക വിവരണമല്ല വേണ്ടത്, അതു പറയാൻ സ്ത്രീയ്ക്കാണ് അവകാശം. തന്‍റെ ഇഷ്ട്ടങ്ങൾ തിരിച്ചറിയാനും അത് ഡിമാന്റ് ചെയ്യാനും അവൾക്ക് അവകാശമുണ്ടെന്ന ബോധ്യം കിട്ടണമെങ്കിൽ ഇത്തരം തുറന്ന് പറച്ചിലുകളും അനുഭവങ്ങളും അത്യാവശ്യമാണ്.

ലൈംഗികതയെ കുറിച്ചുള്ള ചർച്ചകളിൽ തലയിടുന്ന പെണ്ണിനെ “വെടിയായി” കണ്ട് അവൾക്ക് വിലയിടുന്ന പുരുഷുവിന്റേയും, ഇതൊക്കെ ഒളിച്ചിരുന്നു വായിക്കുന്നതാണ് സ്ത്രീത്വത്തിന്‍റെ ലക്ഷണമെന്നു കരുതുന്ന കുലീനമഹിളകളുടെയും തലമുറ അന്യം നിൽക്കേണ്ടതുണ്ട്. അതിനു തുറന്നെഴുതാൻ ആർജ്ജവമുള്ള “നട്ടെല്ലുള്ള” സ്ത്രീകളതു തുടരണം. ഉറപ്പിച്ചുച്ചരിക്കാൻ അറച്ചിരുന്ന ആർത്തവം എന്ന വാക്ക് എങ്ങനെ സാധാരണമായോ അതുപോലെ ആവേണ്ട ഒന്നാണ് ലൈഗികതയും രാത്രി സഞ്ചാരവുമെല്ലാം.

യോനിയെന്നും, മുലയെന്നും, ആർത്തവമെന്നും, സ്വയംഭോഗമെന്നും, സെക്സ് എന്നുമൊക്കെ കേൾക്കുമ്പോളുണ്ടാവുന്ന ഈ കുരുപൊട്ടലുകൾ ഇല്ലാതാവുന്ന കാലത്തോളം ഇതൊക്കെ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കണം. അറിവും അനുഭവവും പങ്കുവെയ്ക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടികളോട് ഒന്നേ പറയാനുള്ളൂ “പുരുഷാധിപത്യ സമൂഹത്തിൽ നിന്ന് നീയാഗ്രഹിക്കുന്നതെന്തും നിനക്കും നിന്‍റെ പിന്നാലെ വരുന്നവർക്കും കിട്ടണമെങ്കിൽ നീ പൊതുബോധത്തോട് യുദ്ധം ചെയ്തേയത് നേടാനാവൂ, മുറിവുകൾ ഒരുപാട് ഏറ്റേക്കും, കൂട്ടത്തിൽ നിന്നു പോലും കുത്തേൽക്കും, പക്ഷേ തളരരരുത്.

നിങ്ങൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തിന് സ്ത്രീനവോദ്ധാനത്തിന്‍റെ വ്യക്തമായ അജണ്ടയുണ്ടാവണം. അതിനു വേണ്ടി ശബ്ദിക്കാൻ ധൈര്യം കാണിക്കുന്ന ഓരോ സ്ത്രീകളും ബഹുമാനത്തിൽ ചാലിച്ച അഭിനന്ദത്തിന്‍റെ കൈയ്യടികൾ അർഹിക്കുന്നു

Advertisement