സ്ത്രീധന പീഡനത്തിന്റെ പേരിൽ മരിച്ച വിസ്മയയുടെ വീട് സന്ദർശിക്കാനെത്തിയ സുരേഷ് ഗോപിയോട് വിസ്മയയുടെ അമ്മ കരഞ്ഞു പറഞ്ഞത്, സുരേഷ് ഗോപിയെ അവൾ പല തവണ ഫോണിൽ വിളിച്ചിരുന്നുവെന്നും കിട്ടിയില്ലെന്നുമാണ്. തന്നോടു സംസാരിച്ചിരുന്നെങ്കിൽ വിസ്മയ മരിക്കില്ലായിരുന്നുവെന്ന് സുരേഷ് ഗോപിയും പറഞ്ഞു.
ഈ വാർത്ത കണ്ട് ഞെട്ടിയത് തൃശൂർ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കൽ മനോജ് ആണ്. സുരേഷ് ഗോപി അല്ലേ എന്ന ചോദ്യത്തിന് അല്ല എന്ന് പെട്ടെന്നുത്തരം പറഞ്ഞ് കട്ട് ചെയ്ത ആയിരക്കണക്കിനു ഫോൺ കോളുകളിൽ ഒന്ന് വിസ്മയയുടേത് ആയിരുന്നോ എന്നാണ് മനോജിന്റെ സംശയം. രണ്ടു മൂന്നു വർഷം മുൻപാണ് സുരേഷ് ഗോപി അല്ലേ എന്ന ചോദ്യവുമായി മനോജിന്റെ 8129136797 എന്ന നമ്പറിലേക്കു വിളി വന്നു തുടങ്ങുന്നത്. ആദ്യം കാര്യമാക്കിയില്ല. പിന്നെ വിളികളുടെ എണ്ണം കൂടിയപ്പോൾ കാര്യം തിരക്കിയപ്പോഴാണ് ഗൂഗിളിൽ സുരേഷ് ഗോപിയുടെ നമ്പർ തിരഞ്ഞാൽ തന്റെ നമ്പറാണു കിട്ടുന്നതെന്നു മനസ്സിലായത്.
ALSO READ
സുരേഷ് ഗോപി തിരഞ്ഞെടുപ്പിനു മത്സരിക്കാൻ എത്തിയതോടെ ആവശ്യങ്ങളും പരാധീനതകളും പറഞ്ഞുള്ള വിളികൾ കൂടി. പണം ചോദിച്ചും ജോലി തേടിയുമുള്ള വാട്‌സാപ് സന്ദേശങ്ങൾക്കു മറുപടി കൊടുത്ത് മനോജിനു മടുത്തു.
സുരേഷ് ഗോപി അല്ലേ എന്ന ചോദ്യം മറുതലയ്ക്കൽ നിന്നു കേൾക്കുന്ന ഉടനെ, നമ്പർ തെറ്റാണെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്യുകയാണു പതിവ്. അങ്ങനെ വന്ന വിളികളിൽ വിസ്മയയുടെ വിളിയും ഉണ്ടായിരുന്നിരിക്കാം എന്നാണ് മനോജ് ഇപ്പോൾ കരുതുന്നത്.
ALSO READ
എരുമപ്പെട്ടി പൊലീസിൽ മനോജ് നേരത്തേ പരാതി നൽകിയിരുന്നു. സുരേഷ് ഗോപിയെ ഒരിക്കൽ കണ്ട ശേഷം സഹായം ചോദിച്ച് ഈ നമ്പർ സഹിതം ഒരു സന്ദേശം അയച്ചതല്ലാതെ അദ്ദേഹവുമായി മറ്റൊരു ബന്ധവുമില്ല മനോജിന്.
വീടുകളുടെയും സ്ഥാപനങ്ങളുടെയും ഇന്റീരിയർ ജോലികൾ ചെയ്യുന്ന മനോജിന് ആവശ്യക്കാരുടെ വിളി വരുന്നതിനാൽ ഏറെക്കാലമായുള്ള നമ്പർ മാറ്റാനും കഴിയില്ല.