20 വര്‍ഷം മുമ്പ് 500 രൂപയ്ക്ക് കൊച്ചിയിലെത്തി ഇപ്പോള്‍ 5000 രൂപ ശമ്പളം വാങ്ങുന്നു. ജോലി ചെയ്യുന്ന വീട്ടുകാര്‍ ലുലു മാളിലും മറ്റും പോകുമ്പോള്‍ കാറില്‍ പാര്‍ക്കിംഗില്‍ മണിക്കൂറുകളോളം കാത്തിരുന്നവള്‍. വീട്ടുകാര്‍ മുന്തിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുമ്പോള്‍ തിരികെ വീട്ടിലെത്തി വീട്ടില്‍ അവശേഷിക്കുന്ന ഭക്ഷണം കഴിക്കാനായി വിശപ്പടക്കി കത്തിരിക്കുന്നവള്‍! ഇത് കൊലഞ്ചിയുടെ കഥ. വനിതാ ദിനത്തില്‍ അഖില്‍ പി ധര്‍മജന്‍ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് സോഷ്യല്‍ മീഡിയയുടെ കയ്യടി.
അഖില്‍ പി ധര്‍മജന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
500 രൂപയ്ക്ക് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തെ ഒരു വീട്ടില്‍ ജോലിക്കായി വന്ന് ഇപ്പോള്‍ 5000 രൂപ മാസ ശമ്പളത്തിന് അതേ വീട്ടില്‍ തുടരുന്നവള്‍…
ആ വീട്ടുകാര്‍ ലുലു മാളിലും മറ്റും പോകുമ്പോള്‍ കാറില്‍ പാര്‍ക്കിംഗില്‍ മണിക്കൂറുകളോളം കാത്തിരുന്നവള്‍…വീട്ടുകാര്‍ മുന്തിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുമ്പോള്‍ തിരികെ വീട്ടിലെത്തി വീട്ടില്‍ അവശേഷിക്കുന്ന ഭക്ഷണം കഴിക്കാനായി വിശപ്പടക്കി കത്തിരിക്കുന്നവള്‍..!
ഇത് ‘കൊലഞ്ചി’ സ്വദേശമായ സേലത്തേക്ക് നാട്ടുകാര്‍ ആരുടെയോ മരണ വിവരം അറിഞ്ഞ് പോകുകയാണ്…പിറ്റേന്നുതന്നെ തിരികെയെത്തണം എന്ന നിബന്ധനയില്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടശേഷം ആ വീട്ടുകാര്‍ പോയി…ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ എനിക്കരികില്‍ വന്നിരിക്കുമ്പോള്‍ എന്നോട് ചോദിച്ചിട്ടാണ് ഒപ്പം ഇരുന്നത് പോലും…
അതുകൊണ്ടുതന്നെ എന്തോ ഒരു കൗതുകത്തിന്റെ പേരില്‍ പരിചയപ്പെട്ടതാണ്…ഒരുപാട് സമയമെടുത്തു കാര്യങ്ങള്‍ തുറന്ന് പറയാന്‍…
ഒടുവില്‍ എറണാകുളം മുതല്‍ സേലം വരെ ഞങ്ങള്‍ സംസാരിച്ചു…സംസാരിക്കാന്‍ ഒരാളെ കിട്ടാന്‍ കത്തിരുന്നവളെപ്പോലെ അവര്‍ അവരുടെ വിശേഷങ്ങള്‍ പങ്കുവച്ചു…എന്റെ വിശേഷങ്ങള്‍ താല്‍പ്പര്യത്തോടെ കേട്ടിരുന്നു…ട്രെയിനില്‍ ഇടയ്ക്കിടെ ഉണ്ടായ തമാശകള്‍ കണ്ട് എനിക്കൊപ്പം എല്ലാം മറന്ന് ഉറക്കെ ചിരിച്ചു…
ഇതില്‍ നിമിത്തം എന്തെന്ന് വച്ചാല്‍ ആറ് മാസങ്ങള്‍ക്ക് മുന്‍പ് ഞാനും വീട്ടുകാരും ചേര്‍ന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഉത്സവ നാളില്‍ പോയപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ മറ്റൊരു മുറിയില്‍ ഈ അമ്മയും ആ വീട്ടുകാര്‍ക്കൊപ്പം ഉണ്ടായിരുന്നുവത്രേ…
ഒരുപക്ഷേ തമ്മില്‍ കണ്ടിരിക്കാം ഇല്ലായിരിക്കാം…പക്ഷേ ഈ യാത്രയില്‍ ഞങ്ങള്‍ കണ്ടുമുട്ടി…ലുലു മാളിന്റെ ഉള്ളില്‍ കയറണം എന്നതും ബൈക്കിന്റെ പിന്നില്‍ കയറി സഞ്ചരിക്കണം എന്നതുമാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് ആഗ്രഹങ്ങള്‍ എന്ന് പറഞ്ഞു…
ഇനി ഒരുപക്ഷേ തമ്മില്‍ കണ്ടില്ലെങ്കിലോ എന്നോര്‍ത്ത് കയ്യോടെ ഞാന്‍ നമ്പര്‍ വാങ്ങി…ഇനി ചെന്നൈയില്‍ നിന്നും തിരികെ നാട്ടില്‍ എത്തിയശേഷം ആദ്യംതന്നെ അവരുടെ ഈ രണ്ട് ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണം…ഇല്ലെങ്കില്‍ എന്നോട് യാത്ര പറഞ്ഞ് സേലത്ത് ഇറങ്ങുമ്പോള്‍ അവരുടെ നിറഞ്ഞ കണ്ണുകളോട് ഞാന്‍ ചെയ്യുന്ന തെറ്റായിരിക്കും അത്…!
എന്റെ അമ്മ കഴിഞ്ഞാല്‍ ഞാന്‍ ബഹുമാനിക്കുന്ന സ്ത്രീകള്‍ ഇതുപോലെയുള്ളവരെയാണ്…അല്ലാതെ തിന്നിട്ട് എല്ലിന്റെ ഇടയില്‍ കേറി ഓരോന്നും കാണിച്ചുകൂട്ടുന്നവരെയല്ല…!
ഏവര്‍ക്കും വനിതാദിനാശംസകള്‍…!