കൊച്ചി: ഇഷ്ടപ്പെട്ട യുവാവിനൊപ്പം താന്‍ ഒളിച്ചോടുകയാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നത് ഒരു ന്യൂജന്‍ ട്രെന്‍ഡ് ആയി മാറുന്നു.
കഴിഞ്ഞദിവസം ഇത്തരത്തില്‍ വീഡിയോ നല്‍കിയ പെണ്‍കുട്ടി മണിക്കൂറുകള്‍ക്കകം വീട്ടില്‍ തിരിച്ചെത്തിയത് ചര്‍ച്ചയാകുന്നതിനിടെയാണ് ഇപ്പോള്‍ പുതിയൊരു വീഡിയോ പ്രചരിക്കുന്നത്.
മാര്‍ച്ച് 26ന് വീട്ടില്‍ നിന്ന് കാമുകനൊപ്പം ഇറങ്ങിയെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കമിതാവിനൊപ്പം ഇരുന്ന് പോസ്റ്റ് നല്‍കിയിട്ടുള്ളത്.
ഒളിച്ചോട്ടം ലൈവ് വിഡിയോയിലൂടെ ലോകത്തെ അറിയിച്ച കമിതാക്കളായിരുന്നു രണ്ട് നാള്‍ മുമ്പ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
പ്രണയത്തിനു തടസ്സംനിന്ന വീട്ടുകാരെ വിട്ട് കാമുകനൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. വീട്ടുകാരുടെ പീഡനം മടുത്ത് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു എന്നെല്ലാം പറഞ്ഞ് വീഡിയോയും നല്‍കി.
എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കാമുകനുമായി തെറ്റി. ഒരു വിശ്വാസത്തിന്റെ പുറത്ത് അതും വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രം പുറത്തു വിടും എന്ന നിബന്ധനയില്‍ ഷൂട്ട് ചെയ്ത വിഡിയോ പുറത്തു വിട്ട് തന്നെ കാമുകന്‍ വഞ്ചിച്ചുവെന്ന വാദവുമായി പെണ്‍കുട്ടിയെത്തി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി ഉയര്‍ന്നാലോ പൊലീസ് എത്തിയാലോ തട്ടിക്കൊണ്ടു പോയതല്ലെന്നും പെണ്‍കുട്ടി സ്വയം ഇറങ്ങി വന്നതാണെന്നും പറഞ്ഞാല്‍ രക്ഷപ്പെടും എന്ന് വിശ്വസിപ്പിച്ചാണ് വീഡിയോ എടുത്തതെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്.
പക്ഷേ, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ക്കകം എത്തിയതോടെ വാക്കിന് വിശ്വസിക്കാന്‍ കൊള്ളാത്ത കാമുകനെ വിട്ട് പെണ്‍കുട്ടി ടോര്‍ച്ചര്‍ ചെയ്തു എന്ന് പറഞ്ഞ് വീട്ടുകാരുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തി.
പക്ഷേ, ഇതൊന്നും പാഠമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കഥ. ചങ്ങനാശേരി സ്വദേശിയായ പെണ്‍കുട്ടിയാണ് ഒളിച്ചോട്ട കഥയിലെ പുതിയ നായിക.
ഇത്തവണ ഒളിച്ചോടിയ കാരണം മാത്രമല്ല ഒളിച്ചോടിയ സമയവും തീയതിയും ഉള്‍പ്പെടെ വിളിച്ചുപറഞ്ഞ് പാതിരാ ഒളിച്ചോട്ട സാഹസികത വിവരിക്കുന്നുമുണ്ട്.
വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തിരുന്നു എന്നും ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് ഒളിച്ചോടുകയാണ് എന്നും പെണ്‍ കുട്ടി വ്യക്തമാക്കുന്നുണ്ട്.
സ്വയം പരിചയപ്പെടുത്തിയതിന് ശേഷം മാര്‍ച്ച് 26ന് പുലര്‍ച്ചെ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് താന്‍ കാമുകനൊപ്പം ഒളിച്ചോടിയതെന്ന് പെണ്‍കുട്ടി സെല്‍ഫി വീഡിയോയില്‍ ഒരു യുവാവിനൊപ്പം ഇരുന്ന് പറയുന്ന ദൃശ്യമാണ് പുറത്തുവന്നത്. ‘ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യം.
രണ്ടുവര്‍ഷം മുമ്പ് യുവാവിനെതിരെ കേസുകൊടുക്കേണ്ടി വന്നു. അത് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടായിരുന്നു. എനിക്കതിന് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനാണ് താല്‍പര്യം. – പെണ്‍കുട്ടി പറഞ്ഞു നിര്‍ത്തുന്നു.
ഏതായാലും വിഷയം വലിയ ചര്‍ച്ചയായതോടെ പെണ്‍കുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുകയാണ് സോഷ്യല്‍ മീഡിയ.
പൊന്നുമോളേ നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത് എന്നാണ് ഒരാള്‍ കുറിച്ചത്.
ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങള്‍ ഒക്കെ കരുതുന്നത്? കഷ്ടം’ എന്നാണ് മറ്റൊരു കമന്റ്.
നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ.
ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരില്‍ നീ ദഹിച്ചുപോകാതെ നോക്കിക്കോ. എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. ഇത്തരത്തില്‍ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്ക്കൊപ്പം വരുന്നത്.