മലയാളി സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ നിര്‍മ്മാതാവും ചലച്ചിത്ര വിതരണക്കാരനും സംവിധായകനും കൂടി ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. വിദേശമായിരുന്നു അദ്ദേഹത്തിന്റെ തട്ടകമെങ്കിലും സ്വന്തം നാടിനേയും കലയേയും അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നു. വൈശാലി പോലുള്ള കലാമൂല്യങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹം തയ്യാറായി.
അതേസമയം, അന്തരിച്ച അറ്റ്ലസ് രാമചന്ദ്രനെ അവഹേളിച്ച് അഡ്വ. എ ജയശങ്കര്‍. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലിയെന്നാണ് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ഉയരുന്നത്. ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനമെന്നാണ് സോഷ്യല്‍മീഡിയ കുറ്റപ്പെടുത്തുന്നത്.
അഡ്വ എ ജയശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’
അറ്റേലസ് രാമചന്ദ്രന്‍ മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. 2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്.
വയറിലെ മുഴയ്ക്കുള്ള ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണം. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്മശാനത്തില്‍.
കോവിഡ് പോസിറ്റീവായതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആയിരിക്കും സംസ്‌കാര ചടങ്ങുകളെന്ന് മകള്‍ ഡോ. മഞ്ജു അറിയിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ കാരണം ശനിയാഴ്ചയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഇന്ദു രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവര്‍ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. സഹോദരന്‍ രാമപ്രസാദും മരുമകന്‍ അരുണ്‍ നായരും ആശുപത്രിയിലെത്തിയിട്ടുണ്ട്.