കഴിഞ്ഞ ദിവസം വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടെന്ന സൂചന നൽകി പോലീസ്. പ്രതികൾക്ക് സഹായം നൽകിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന പ്രതികളുടെ അക്കൗണ്ട് വിശദമായി പരിശോധിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല.
തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ട് പോയി തട്ടിപ്പ് നടത്തിയ സംഘത്തിലെ ദേവു ഗോകുൽ ദമ്പതികൾക്ക് ഇൻസ്റ്റഗ്രാമിൽ അര ലക്ഷത്തിൽ അധികം ഫോളേവേഴ്‌സ് ഉണ്ട്.
കൂടുതൽ പേർ തട്ടിപ്പിനിരയായോ എന്ന കാര്യത്തിൽ സംശയമുള്ളതിനാൽ പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ദമ്പതികൾക്ക് പുറമേ കോട്ടയം പാലാ സ്വദേശി ശരത് (24), തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായത്.
ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ അന്വേഷണം ശക്തമാണെങ്കിലും കൂടുതൽ വിവരങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല. തൃശൂർ സ്വദേശിയായ വ്യവസായിയെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.
ഇക്കാരണത്താൽ തന്നെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സമാന രീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയോ, തട്ടിപ്പ് നടത്തിയത് എങ്ങനെ, സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്നീ കാര്യങ്ങളിലെല്ലാം അന്വേഷണമുണ്ടാകും. ഇരിങ്ങാലക്കുടയിലെ ധനകാര്യ സ്ഥാപന ഉടമയാണ് തട്ടിപ്പിനിരയായത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന ദേവു -ഗോകുൽ ദമ്പതികൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക അധിക്ഷേപമാണ് ഉയരുന്നത്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ദമ്പതികളുടെ റീൽസിന് താഴെ കമന്റുകൾ രൂക്ഷമാണ്.
ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോകൾ ചെയ്യുന്ന ദേവുവും ഗോകുലും യൂട്യൂബിലും സജീവമാണ്. വ്യവസായിയെ തട്ടിക്കൊണ്ട് പോയി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതിയായ ശരത് ആണ് സമൂഹമാധ്യമങ്ങളിലൂടെ തട്ടിപ്പിനായി ആളുകളെ കണ്ടെത്തുന്നത്.
സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ച് ബന്ധം സ്ഥാപിച്ച ശേഷം യുവതിയെക്കൊണ്ട് സന്ദേശം അയപ്പിച്ചാണ് ആളുകളെ കെണിയിൽ വീഴ്ത്തിയിരുന്നത്.
ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വെച്ച് യുവതിയെകണ്ടു മുട്ടുകയും ചെയ്തു. വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവർക്ക് ഒപ്പം ചേർന്നുള്ള തട്ടിപ്പ് നടന്നത്.
ഹണിട്രാപ്പിലെ പ്രധാന ആസൂത്രകനായ ശരത്തിന്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അതേ സമയം ഇൻസ്റ്റഗ്രാം റീൽസിലെ താരങ്ങൾ തട്ടിപ്പ് കേസിലും പീഡന കേസിലുമെല്ലാം പിടിയിലായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.
അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ മീശക്കാരൻ എന്നപേരിൽ അറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി വിനീത് പീഡനക്കേസിൽ പിടിയിലായത്. നിരവധി ആരാധികമാരുണ്ടായിരുന്ന യുവാവ് പീഡനക്കേസിൽ പിടിയിലായത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് റീൽസിൽ വൈറലായ ദമ്പതിമാരും ഹണിട്രാപ്പ് കേസിൽ പിടിയിലായിരിക്കുന്നത്.
കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂർ സ്വദേശിയായ ഗോകുൽ ദീപും വിവാഹതിരായത് ഒരുവർഷം മുമ്പാണ്. വീട്ടമ്മ ആണെന്നും നേരത്തെ ഏവിയേഷൻ കോഴ്സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവിൽ എംബിഎയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികൾ ചെയ്തശേഷം ഇപ്പോൾ റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുൽ അവകാശപ്പെട്ടിരുന്നത്. വർഷങ്ങൾക്ക് മുമ്പേ കണ്ണൂരിൽ നിന്ന് കൊച്ചിയിൽ എത്തി താമസമാക്കിയത് ആണെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞിരുന്നു.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹശേഷം ജീവിതം അടിപൊളിയാണെന്നുമാണ് ദേവു മറ്റൊരു വീഡിയോയിൽ പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 23ാം വയസ്സിലായിരുന്നു തന്റെ വിവാഹം. സ്വന്തമായി ജോലിയുണ്ടായിട്ട് കല്യാണം കഴിക്കുന്നതാകും നല്ലത്. ഇവനെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയതിനാൽ എന്റെ കാര്യം ഓക്കെയാണ്.
ആളുടെ വരുമാനം എന്റെ അക്കൗണ്ടിലാണ് വരുന്നത്. എന്റെ ആവശ്യത്തിന് ഉപയോഗിക്കാം. പക്ഷേ, എല്ലാവരുടെയും കാര്യം അങ്ങനെയാവില്ല. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. കാനഡയിൽ പോയി എംബിഎ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചേട്ടന് താത്പര്യമില്ലാത്തതിനാൽ അത് നടന്നില്ലെന്നും എന്നാലും വിവാഹശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും യുവതി വീഡിയോയിൽ പറഞ്ഞിരുന്നു.