അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. ഡിഎൻഎ പരിശോധനയ്ക്കായി വനിതാ ശിശുവകുപ്പ് ഉദ്യോഗസ്ഥർ പാളയത്തെ നിർമ്മല ശിശുഭവനിൽ എത്തി കുഞ്ഞിൽ നിന്നും ഡിഎൻഎ സാമ്പിൾ ശേഖരിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫിസറുടെ സാന്നിധ്യത്തിലായിരുന്നു നടപടി ക്രമങ്ങൾ. അതേ സമയം ഈ വിഷയത്തിൽ സിബി ബോണി എന്ന യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കുറിപ്പ് ഇങ്ങനെ:
ഈ ചിത്രം കണ്ട് ഹൃദയം പൊടിഞ്ഞതിനാൽ ഒരു കാര്യം പറയാതെ പോവാൻ വയ്യ. അക്ഷയ കേന്ദ്രം നടത്തുന്ന ഞാൻ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ ദത്തെടുക്കാനുള്ള ഓൺലൈൻ ആപ്ലിക്കേഷൻ വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നയാളാണ്.
തങ്ങൾക്ക് ഇനി കുട്ടികൾ ഉണ്ടാകില്ല എന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുമായി ഒരു ഭാര്യയും ഭർത്താവും കൂടെ അക്ഷയയിൽ വന്നു. മേശക്കരിൽ ഇരുന്ന് ഓരോന്നും ശ്രദ്ധാപൂർവ്വം നോക്കുമ്പോൾ ഇവർക്ക് കുട്ടിയെ നോക്കാനുള്ള സാമ്പത്തിക ശേഷിയും ആരോഗ്യസ്ഥിതിയും ഉണ്ടെന്ന് വാർഡ് മെമ്പർ വരെ സാക്ഷ്യപ്പെടുത്തിയ ലെറ്ററുമെല്ലാമുണ്ട്.
വർഷങ്ങൾ ഒരുപാടായി ഒച്ചയും അനക്കവുമില്ലാത്ത ജീവിതത്തിൽ നിന്ന് പലപ്പോഴും ചികിത്സ ചെയ്ത് പ്രതീക്ഷകൾ അസ്തമിച്ച് കടക്കെണിയിൽ ആകുമ്പോഴാണ് ഇങ്ങനെയൊരു തീരുമാനത്തിലവർ എത്തുന്നത്. ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ തന്നെ അവരുടെ ആവേശം ഒന്ന് കാണേണ്ടതായിരുന്നു ഏറെ കൊതിച്ച ഒരു വസ്തു നമ്മുടെ കൈകളിലെത്തുമ്പോഴുണ്ടാകുന്ന അതേ വികാരം.
എന്താണ് നിങ്ങളുടെ മുൻഗണന പ്രായം സെ ക് സ് ചെറിയ കുട്ടി മതി നമുക്ക് പെൺകുഞ്ഞ് മതിയെന്ന് അത് ആദ്യം വയ്ക്കാം എന്ന് ഭാര്യ പറഞ്ഞപ്പോൾ തന്നെ ഭർത്താവിന്റെ കണ്ണിൽ നിന്ന് വന്ന സന്തോഷ കണ്ണീരാവണം അയാൾ കരഞ്ഞു. അതു കണ്ട് അയാളുടെ ഭാര്യയും കരഞ്ഞു പോയി.
രണ്ടു പേരുടെയും കണ്ണീർ കണ്ടപ്പോൾ ഞാനും നിശബ്ദയായി എന്റെ മനസും വല്ലാതെ സങ്കടപ്പെട്ടു എനിക്കും കരച്ചിൽ വന്നു. അതിന് മുന്നും ശേഷവും ഒരു പാട് അപേക്ഷകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഫീൽ ചെയ്ത സംഭവം ആദ്യമാണ്..ഭർത്താവിന്റെ കൈയ്യിൽ ചേർത്തു പിടിച്ചു കൊണ്ടാണ് പിന്നീട് ആ സ്ത്രീ ആ ആപ്ലിക്കേഷൻ ഫോം പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുന്നത് വരെയിരുന്നത്.
കൃത്യമായ ഇടവേളകളിൽ വന്ന് മുൻഗണനാ ക്രമം നോക്കുകയും എന്നെ ക്കൊണ്ട് തന്നെ അഡോപ്ഷൻ സെന്ററിലേക്ക് ഉദ്യോഗസ്ഥയെ വിളിപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കാത്തിരിപ്പിനൊടുവിൽ അങ്ങനെയവർക്കുള്ള അലോട്ട്‌മെന്റായി സന്തോഷത്തോടെ വന്ന് കുട്ടിയെ എടുക്കാൻ പോണ കാര്യം പറഞ്ഞു.
പോയി വാ എന്ന് അതിലേറെ സന്തോഷത്തോടെയും ഞാൻ പറഞ്ഞു: ഞാനീ കാര്യമൊക്കെ മറന്ന് പോയിരുന്നു കുട്ടിയെ കിട്ടിയോ എന്നൊന്നും തിരക്കിയതുമില്ല: ഒരു ദിവസം കരുനാഗപ്പള്ളിയിൽ ബേക്കറിയിൽ നിൽക്കുമ്പോഴാണ്. സിബി എന്ന വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്.
അത് അവരായിരുന്നു ആ ദമ്പതികൾ ദാ നോക്കിയേ ഇതാണ് ഞങ്ങളുടെ കുഞ്ഞ് എന്ന് പറഞ്ഞ് ഒരു കുഞ്ഞുവാവയെ തലയിൽ നിന്നു ഫ്‌ലാനൽ മാറ്റി കാണിച്ചു തന്നു മോള് നിൽക്കുന്നത് കണ്ട് കാണിക്കാൻ വന്നതാണ് എനിക്ക് സന്തോഷം അടക്കാനായില്ല: അവർക്ക് അങ്ങനെ തോന്നിയല്ലോ.
കാലിൽ സ്വർണ്ണ പാദസരവും കമ്മലും മാലയും വളയുമൊക്കെ ഇട്ട ഒരു കൊച്ചു സുന്ദരി അവളെന്നെ നോക്കി ചിരിച്ചു. കൈ നീട്ടിയപ്പോഴേക്കും എന്റെ കൈകളിലേക്ക് ചാഞ്ഞു. ഞാനവരെ നോക്കി അടിമുടി മാറിയിരിക്കുന്നു ചെറുപ്പമായതു പോലെ മുഖം പ്രസന്നവുമായിരിക്കുന്നു ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ:
അവർ നിറഞ്ഞ് ചിരിച്ചു കൊണ്ട് മൂന്നുപേരായി നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു. പറഞ്ഞു വന്നത് ഇത്രയും സന്തോഷത്തിലുള്ള രക്ഷകർത്താക്കളിൽ നിന്ന് കുഞ്ഞിനെ അടർത്തിമാറ്റിയാലുള്ള ആ മെന്റൽ ട്രോമ എത്ര വലുതായിരിക്കും.
മനസു നിറയെ ആന്ധ്രയിലെ ആ ദമ്പതികളാണ് അവരുടെ ഹൃദയ വേദനയാണ് കുഞ്ഞിന്റെ മണമുള്ള ഉടുപ്പുകൾ കെട്ടിപ്പിടിച്ച് കരയുന്ന അവരെയോർത്താണ് ഞാനീ രാത്രിയിൽ സങ്കടപ്പെടുന്നത്. മാതൃത്വം എന്നത് പ്രസവത്തിലൂടെ സംഭവിക്കുന്ന പദവിയാണെങ്കിലും അത് പൂർണ്ണമാകുവാൻ പ്രസവിച്ചു എന്നത് മാത്രം കാരണമാകുന്നില്ല.
അമ്മയെക്കാൾ പോറ്റമ്മയുടെ മഹത്വമറിഞ്ഞപലരും നമുക്കിടയിലുണ്ട്. ദൈവമേ ഈ കാലവും കടന്നുപോകാൻപോറ്റമ്മയായ പോറ്റച്ഛനായആ നല്ല മനുഷ്യർക്ക് ശക്തി നൽകണേ.