കാക്കകൾക്കും തെരുവുനായകൾക്കും അന്നദാതാവായി ബഷീർ മുസ്ലിയാർ

109

എടപ്പാൾ: കാക്കകൾക്കും തെരുവുനായകൾക്കും അന്നം നൽകി അബ്ദുൽ ബഷീർ മുസ്ലിയാർ. കാക്കകളും അബ്ദുൽ ബഷീർ മുസ്ലിയാരും തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ ആർക്കും ഉത്തരമറിയില്ല.പക്ഷെ, കഴിഞ്ഞ 6 വർഷമായി പന്താവൂർ മേഖലയിൽ സുപ്രഭാതം പത്രം വിതരണം നടത്തുന്ന ഈ പള്ളിജീവനക്കാരനെയും കാത്ത് 200 ലധികം കാക്കകളാണ് ദിവസവും ഭക്ഷണത്തിനായ് കാത്തിരിക്കുന്നത്.

പന്താവൂർ പാലം സ്റ്റോപ്പിൽ പത്രത്തിന്റെ കെട്ട് എടുക്കാൻ ബഷീർ പുലർച്ച എത്തിയാൽ 200 ഓളം കാക്കകൾ ഉടൻ പറന്നെത്തും. എല്ലാവർക്കുമുള്ള ഭക്ഷണവുമായാണ് പെരുമുക്ക് പള്ളിയിലെ ജീവനക്കാരനായ ബഷീർ എത്തുക. കൂടെ തെരുവുനായകളും എത്തും.അപ്പോഴേക്കും നൂറുകണക്കിന് കാക്കകൾ സമീപത്തെ മരച്ചില്ലകളിൽ കാത്തിരിക്കുന്നുണ്ടാകും.

Advertisements

Also Read
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാക്സ്വെൽ ഇന്ത്യയുടെ മരുമകനാകുന്നു, വധു തമിഴ്നാട് സ്വദേശിനി വിനി രാമൻ, വൈറലായി തിരുമണ പത്രികൈ

ബഷീറിന്റെ ഇരുചക്രവാഹനത്തിന്റെ ശബ്ദം കേട്ടാൽ പിന്നെ അവ ഒന്നൊന്നായി പറന്ന് താഴെയിറങ്ങും. കൈയിൽ കരുതിയ പൊറോട്ടയും ചപ്പാത്തിയും അവയ്ക്ക് കീറിയെറിഞ്ഞുകൊടുക്കും. ഇത് കലപിലകൂട്ടി അവ കൊത്തിത്തിന്നും. അപ്പോഴേക്കും ബഷീർ ചെറിയൊരു ബക്കറ്റിൽ കുടിവെള്ളം ഒഴിച്ചുകൊടുക്കും. അതുംകുടിച്ച് ദാഹമകറ്റി അവ പറന്നകലും. എല്ലാവരും പോയിക്കഴിഞ്ഞാലേ ബഷീർ പത്രവിതരണത്തിന് പോകൂ.

പന്താവൂർപാലം സ്റ്റോപ്പിൽ മാത്രമല്ല കാളാച്ചാൽ പാടത്തും ബഷീറിനെയും കാത്ത് നാല്പതോളം കാക്കകൾ ഉണ്ടാകും. ഇവർക്കും വയറ് നിറയെ ഭക്ഷണം നൽകും. വീട്ടിൽ ബാക്കിയാവുന്ന ഭക്ഷണമാണ് ഇവർക്കായ് കരുതിവെക്കുക.ഭക്ഷണം ബാക്കിയായില്ലെങ്കിൽ കാക്കകൾക്ക് കൊടുക്കാൻ വേണ്ടി ബിസ്‌ക്കറ്റും വാങ്ങി മാത്രമെ ബഷീർ എത്തൂ.

കാക്കകൾക്ക് തന്നോട് വലിയ സ്‌നേഹമാണെന്നാണ് ബഷീർ പറയുന്നത്. രാവിലെ പത്രവിതരണത്തിനിറങ്ങുമ്പോൾ മാത്രമല്ല എപ്പോൾ പുറത്തുപോകുമ്പോഴും കവറിലും ടിഫിൻ പാത്രത്തിലുമായി ഭക്ഷണം കരുതും. വഴിയരികിൽ വിശക്കുന്നവർക്കും തെരുവുനായകൾക്കും ഭക്ഷണം നൽകും.

Also Read
ജനിച്ച് വെറും പതിനൊന്ന് ദിവസത്തിനുള്ളിൽ ദത്ത് നൽകി ; ഇരുപത്തിമുന്നാം വയസ്സിൽ സ്വന്തം അമ്മയെ കണ്ടെത്തി മകൾ : വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഗ്രാമം

നാൽപ്പത്തിയേഴുകാരനായ ബഷീർ മൗലവി കൊഴിക്കര വടക്കുമുറി സ്വദേശിയാണെങ്കിലും കഴിഞ്ഞ 13 വർഷമായി പെരുമുക്കിലാണ് താമസം. പെരുമുക്ക് പള്ളിയിലെ ജീവനക്കാരൻ കൂടിയായ ബഷീർ പുതിയൊരു ചെടിവിൽപ്പന കടയും തുറന്നിട്ടുണ്ട്. മക്കളൊന്നുമില്ലാത്ത ബഷീറിനും ഭാര്യ ഫാത്വിമയ്ക്കും കൂട്ട് പക്ഷികളും മൃഗങ്ങളുമാണ്.

റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ പന്താവൂർ

Advertisement