പ്രതീകാത്മക കല്യാണത്തിലൂടെ ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ ഓഫ് തൃശൂർ (ഇമാറ്റ്) നടത്തിയ പ്രതിഷേധ പരിപാടിയുടെ കാര്യമാണ് പറയുന്നത്. പൂമാലയണിഞ്ഞ് വരനും വധുവും. കൊട്ടും കുരവയുമായി പരിവാരങ്ങൾ. മൊത്തത്തിലൊരു കല്യാണാന്തരീക്ഷം ആയിരുന്നു വടക്കേ സ്റ്റാൻഡിനു സമീപം. വഴിയാത്രക്കാരെല്ലാം ആദ്യം കാര്യം മനസ്സിലാകാതെ അന്തം വിട്ടു.
പിന്നിടാണ് ശ്രദ്ധിച്ചത് വരന്റെ വേഷത്തിലൊരു പന്തികേട്. മുകളിൽ കോട്ടും താഴെ ലുങ്കിയും! കല്യാണവണ്ടിയിൽ നിന്നിറങ്ങിയ സംഘത്തിൽ ചിലരുടെ കയ്യിൽ റീത്തും പ്ലക്കാർഡുകളും. കല്യാണപ്പാർട്ടി റോഡിൽ നിരന്നു മുദ്രാവാക്യം വിളിച്ചു തുടങ്ങിയപ്പോഴാണു കാഴ്ചക്കാർക്ക് കാര്യം മനസ്സിലായത്.
Read More
കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ വിവേചനം പുലർത്തുന്നു എന്ന് പറഞ്ഞാണ് വേറിട്ട രീതിയിൽ പ്രതിഷേധം. ഓടുന്ന ബസിൽ വിവാഹച്ചടങ്ങ് പ്രതീകാത്മകമായി നടത്തിയത് തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ ആണ്. നാദസ്വരം, തകിൽ എന്നിവ താലികെട്ടിന് അകമ്പടിയായി. അലങ്കരിച്ചൊരുക്കിയ സൈക്കിൾ റിക്ഷയും കല്യാണവണ്ടിയെ അനുഗമിച്ചു.
വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 100 ആയി വർദ്ധിപ്പിക്കുക, വൈദ്യുതി കുടിശിക തവണകളായി അടയ്ക്കാൻ അനുവദിക്കുക, ജിഎസ്ടി വകുപ്പിന്റെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു.
Read More
ഇമാറ്റ് പ്രസിഡന്റ് പി.എസ്. ജെനീഷ്,വൈസ് പ്രസിഡന്റ് ഉല്ലാസ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. കല്യാണത്തിനു ശേഷം വിലാപയാത്രയായാണ് ഇക്കുട്ടർ ശക്തൻ സ്റ്റാൻഡിലെത്തിയത് അവിടെ വച്ചായിരുന്നു സമാപനം.