വള്ളം മുങ്ങി നിലയില്ലാക്കയത്തില്‍ അകപ്പെട്ട് മരണം മുന്നില്‍ കണ്ട മുത്തശ്ശിയെ അതിസാഹസികമായി രക്ഷപെടുത്തി പത്തുവയസ്സുകാരന്‍

104

അമ്പലപ്പുഴ: ഹൗസ്‌ബോട്ട് ഇടിച്ചുമറിഞ്ഞ കൊതുമ്പുവള്ളത്തിൽനിന്ന് നിലയില്ലാക്കയത്തിലേക്ക‌് വീണ മുത്തശ്ശിയെ ജീവിതത്തിലേക്ക‌് കൈപിടിച്ചുയർത്തി ആറാം ക്ലാസുകാരൻ.

Advertisements

പൂക്കൈതയാറിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴ‌്ന്ന മുത്തശ്ശി മറിയാമ്മ (60) രക്ഷപ്പെട്ടത‌് കൊച്ചുമകൻ റോജി (10)ന്റെ ആത്മധൈര്യം ഒന്നുകൊണ്ടുമാത്രം. ഞായറാഴ‌്ച രാവിലെ 6.45 ഓടെ പൂക്കൈതയാറിൻെറ മധ്യത്തായിരുന്നു അപകടം.

ചെമ്പുംപുറത്തെ നർബോനപുരം പള്ളിയിലേക്ക‌് റോജിനും മറിയാമ്മയും പോകുന്നതിനിടെ അമിതവേഗത്തിലെത്തിയ ഹൗസ് ബോട്ട് ഇടിച്ച‌് വള്ളം മറിയുകയായിരുന്നു. ഭയന്നുവിറച്ച് ശരീരം തളർന്ന് നീന്താനാകാതെ മറിയാമ്മ വെള്ളത്തിൽ മുങ്ങിത്താഴ‌്ന്നു.

ഈ സമയം മനക്കരുത്ത് കൈവിടാതെ റോജിൻ വള്ളം നിവർത്തി‌. മറിയാമ്മയെ കൈപിടിച്ചുകയറ്റി. തുഴതിരഞ്ഞു പിടിച്ച‌് മിയാമ്മയെ സുരക്ഷിതമായി മറുകരയെത്തിച്ചു. സ്ഥലത്തെത്തിയ പള്ളിയിലെ വൈദികരും നാട്ടുകാരും റോജിൻെറ ആത്മധൈര്യത്തെ അഭിനന്ദിച്ചു.

പുന്നപ്ര തെക്ക‌് പഞ്ചായത്ത് 17–-ാം വാർഡിൽ പുത്തൻപുരക്കൽ വീട്ടിൽ റോബർട്ടിന്റെയും ജിൻസിയുടെയും മകനാണ‌് റോജിൻ. പുന്നപ്ര എൻഎസ്എസ് യുപി സ‌്കൂൾ വിദ്യാർഥിയാണ‌്.

അഞ്ച‌് ദിവസം മുമ്പായിരുന്നു റോജിന്റെ അമ്മയുടെ അച്ഛൻ കരിച്ചിറ വാളേക്കോട് വീട്ടിൽ വി ജെ ജോസഫ‌് മരിച്ചത‌്.

പള്ളിയിലെ കുഴിമാടത്തിൽ പ്രാർഥിക്കാൻ പോകുന്നതിനിടെയാണ‌് റോജിനും മറിയാമ്മയും അപകടത്തിൽപ്പെട്ടത‌്. ഹൗസ്ബോട്ട‌് ജീവനക്കാരുടെ അശ്രദ്ധയാണ‌് അപകടത്തിന‌് കാരണമെന്ന‌് നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാതെ സ്ഥലംവിട്ട ജീവനക്കാർക്കെതിരെ പരാതി നൽകുമെന്ന് റോബർട്ട് പറഞ്ഞു.

Advertisement