തിരുവല്ല: തിരുവല്ലയിൽ നിന്നും യുവതിയെയും രണ്ടു പെൺമക്കളെയും കാണാതായിട്ട് എട്ടുദിവസം. ഭർത്താവ് പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണമില്ലെന്നും ആരോപണം.
തിരുവല്ല ഓതറ സ്വദേശിനി ജോസിനി (29), മക്കളായ അൽക്കമോൾ (9), അൽമ(4) എന്നിവരെയാണ് ജൂലൈ മൂന്നു മുതൽ കാണാതായത്.
ബന്ധുക്കൾ ആരോ മരിച്ചുവെന്ന് പറഞ്ഞ് സ്‌കൂളിലെത്തി കുട്ടികളെയും കൂട്ടി ജോസിനി സ്ഥലം വിടുകയായിരുന്നുവെന്ന് ഭർത്താവ് രഞ്ജി മാത്യു നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ അത്തിക്കയം സ്വദേശി പ്രവീണിനൊപ്പമാണ് ജോസിനിയും മക്കളും പോയത് എന്ന് വിവരം ലഭിച്ചു.
ഫേസ്ബുക്ക് വഴിയാണ് ഇരുവരും അടുത്തത്. പ്രവീൺ ആകട്ടെ ഫേസ് ബുക്ക് മുഖേനെ ചാറ്റിങ് നടത്തി അനവധി സ്ത്രീകളെ വലയിലാക്കിയ ആളുമാണ്.
ഇയാളുടെ പേരിൽ ഇതിനോടകം തന്നെ ഇത്തരം പരാതിയിൽ നാലു കേസ് നിലവിലുണ്ട്. മാൻ മിസിങ്ങിന് ഭർത്താവ് നൽകിയ പരാതി അനുസരിച്ച് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമം. വാട്‌സാപ്പ്, ഫേസ് ബുക്ക് വഴി ലുക്ക് ഔട്ട് നോട്ടീസ് വിടുക മാത്രമാണ് പൊലീസ് ചെയ്തിരിക്കുന്നത്.