കൃഷ്ണഗിരി: ടിക് ടോകിലൂടെ കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിനിക്ക് കിട്ടിയത് തന്റെ നാടുവിട്ടുപോയ ഭർത്താവിനെയാണ്. കൃഷ്ണഗിരി സ്വദേശിനി ജയപ്രദക്കാണ് മൂന്ന് വർഷം മുമ്പ് തന്നേയും രണ്ട് മക്കളേയും ഉപേക്ഷിച്ച് നാടുവിട്ടു പോയ ഭർത്താവിനെ ടിക്ടോകിലൂടെ കണ്ടെത്തി തിരികെ കൊണ്ടുവരാൻ സാധിച്ചത്.
2016ലാണ് ഭർത്താവ് സുരേഷ് ജയപ്രദയേയും മക്കളെയും ഉപേക്ഷിച്ച് സ്ഥലംവിട്ടത്. പിന്നീട് പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ജയപ്രദയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും സുരേഷിനെ അന്വേഷിച്ച് ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു.
ഇതിനിടെയാണ് ജയപ്രദയുടെ ഒരു ബന്ധു സുരേഷിനോട് രൂപ സാദൃശ്യമുള്ള ഒരാളുടെ വീഡിയോ ടിക് ടോകിൽ കാണുന്നത്. ഒപ്പം ഒരു ട്രാൻസ്ജൻഡറുമുണ്ടായിരുന്നു. ഈ ദൃശ്യം കണ്ട ജയപ്രദ അത് സുരേഷ് ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസിനെ അറിയിച്ചു. പൊലീസ്വില്ലുപുരം എന്ന സ്ഥലത്തുവെച്ച് സുരേഷിനെ കണ്ടെത്തി തിരികെ കൊണ്ടു വരികയായിരുന്നു.