കൃപാസനത്തിൽ വിശ്വസിച്ചാൽ ഏത് അസുഖവും മാറുമെന്ന് പ്രചരിപ്പിച്ച കൃപാസനം ഡയറക്ടർ ഫാദർ ജോസഫ് വലിയവീട്ടിൽ പനി ബാധിച്ച് ആശുപത്രിയിൽ

57

ആലപ്പുഴ: കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ വിപി ജോസഫ് വലിയവീട്ടിലിനെ പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോസഫിനെ ആലപ്പുഴയിലെ സഹൃദയ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കൃപാസനം അച്ഛൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ആശുപത്രിയിൽ പോകാതെ കൃപാസനത്തിൽ വിശ്വസിച്ചാൽ അസുഖം മാറുമെന്നാണ് ഫാദർ ജോസഫ് അടക്കമുള്ളവർ പറഞ്ഞിരുന്നത്. പല രോഗങ്ങൾ മാറ്റാൻ കൃപാസനം പത്രത്തിനാവും എന്നാണ് അവകാശവാദം. രോഗം മാറാൻ പത്രം അരച്ച് ഭക്ഷണമാക്കാനും പഠനത്തിലെ മികവിനായി പുസ്തത്തിന് ഇടയിൽ പത്രം വെക്കാനുമൊക്കെയാണ് നിർദേശം.

Advertisements

കൃപാസനം പത്രം ദോശമാവിനൊപ്പം അരച്ചു കഴിച്ച യുവതി അടുത്തിടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കൂടാതെ പട്ടണക്കാട് സർക്കാർ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അദ്ധ്യാപിക കൃപാസനം പത്രം വിതരണം ചെയ്തതും വിവാദമായിരുന്നു.

പാഠപുസ്തകത്തിനിടയിലും കിടക്കുമ്പോൾ തലയിണയ്ക്കടിയിലും പത്രം വയ്ക്കണമെന്നും അദ്ധ്യാപിക നിർദ്ദേശിച്ചിരുന്നു. അങ്ങനെ ചെയ്താൽ പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുമെന്നായിരുന്നു ഉപദേശം.

മൂന്ന് കുപ്പി ബ്ലഡ് കയറ്റേണ്ടിവരുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഡെങ്കിപ്പനി ബാധിതനെ കൃപാസനം പത്രത്തിൽ കിടത്തിപ്പോൾ സൗഖ്യം ഉണ്ടായെന്ന പ്രചാരണവും ഏറെ വിമർശനങ്ങൾക്കിടയാക്കി. കൈ ഒടിഞ്ഞയാൾക്ക് രണ്ടു മാസം പ്ലാസ്റ്റർ ഇട്ടിട്ടും അസ്ഥി കൂടിയില്ല. ഒടുവിൽ കൃപാസനം പത്രം കൈയിൽ പൊതിഞ്ഞു വച്ചപ്പോഴാണ് അസ്ഥി കൂടിയതെന്നും പ്രചരണമുണ്ടായി. ഇതെല്ലാം രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Advertisement