കണ്ണൂർ: മട്ടന്നൂരിൽ ഭർത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടി മേട്ടുപ്പാളയത്ത് വാടക വീട്ടിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ഉരുവച്ചാൽ കുഴിക്കലിലെ ജാനകി നിവാസിൽ സുരേഷിന്റെ ഭാര്യ എം റീന (38)യെയാണ് മേട്ടുപ്പാളയത്ത് താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു റീന രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അയൽവാസിയായ ഷാനവാസിനോടൊപ്പം ഒളിച്ചോടിയത്.
റീനയെ കാണാനില്ലെന്ന് ഭർത്താവ് സുരേഷ് മട്ടന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. സുരേഷിന്റെ ബാഗിൽ നിന്ന് പണവും മൊബൈൽ ഫോണും എടുത്ത് പോയതിനും ഭാര്യയെ ഷാനവാസ് തട്ടിക്കൊണ്ടുപോയതായും കാണിച്ചായിരുന്നു സുരേഷ് പോലീസിൽ പരാതി നൽകിയിരുന്നത്. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് റീന മരിച്ചതായുള്ള വിവരം ലഭിച്ചത്.
മട്ടന്നൂർ സിഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേട്ടുപ്പാളയത്തെത്തി ഷാനവാസിനെ കസ്റ്റഡിയിലെടുത്ത് മട്ടന്നൂർ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. ഷാനവാസിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
മാനസികമായി പീഡിപ്പിച്ചതായി ഷാനവാസിന്റെ ഭാര്യയുടെയും പണവും മൊബൈലും എടുത്തതിന് സുരേഷിന്റെയും പരാതിയിലാണ് ഷാനവാസിനെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാകേസ് മേട്ടുപ്പാളയത്തായതിനാൽ പീഡനക്കേസും പണവുമായി മുങ്ങിയ കേസുമാണ് മട്ടന്നൂർ പോലീസ് അന്വേഷിക്കുന്നത്. യുവതി ആത്മഹത്യ ചെയ്ത ശേഷം കയർ അറുത്ത് യുവതിയെ രണ്ട് ദിവസത്തോളം കട്ടിലിൽ കടത്തിയതായും അയൽവാസികളാണ് മൃതദേഹം കണ്ടു പോലീസിൽ അറിയിച്ചതെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
മേട്ടുപ്പാളയത്ത് നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ അർധരാത്രി നാട്ടിലെത്തിച്ച മൃതദേഹം രാവിലെ എട്ടിന് തറവാട് വീടായ മട്ടന്നൂർ പരിയാരത്ത് പൊതുദർശനത്തിന് വച്ചു. തുടർന്ന് കരിത്തൂർ പറമ്പിലെ വാതകശ്മശാനത്തിൽ സംസ്കരിച്ചു. പരേതനായ കുഞ്ഞിരാമന്റെയും പാർവതിയുടെയും മകളാണ്. മക്കൾ: അഭിന, അശ്വിൻ കൃഷ്ണ (ഇരുവരും വിദ്വാർഥികൾ). സഹോദരങ്ങൾ: ശോഭ, ബാബു, രാജേഷ്.