റോഡില്‍ വാഹനം നിര്‍ത്തിയതിനെച്ചൊല്ലി തര്‍ക്കം: മലപ്പുറം വേങ്ങരയില്‍ ആള്‍ക്കൂട്ടം 55 കാരനെ അടിച്ചും ചവിട്ടിയും കൊന്നു

23

മലപ്പുറം: വാഹനം നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 55കാരന്‍ കൊല്ലപ്പെട്ടു. കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പറപ്പൂര്‍ പൊട്ടിപ്പാറ പൂവളപ്പില്‍ കോയ (55) ആണ് കൊല്ലപ്പെട്ടത്.

Advertisements

പൊട്ടിപ്പാറ സ്വദേശികള്‍ തന്നെയായ ഒരു സംഘമാളുകള്‍ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

വാഹനം റോഡില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍, ജബ്ബാര്‍, അസ്‌കര്‍, ഹക്കിം, മൊയ്തീന്‍ഷാ എന്നിവരുടെപേരില്‍ വേങ്ങര പൊലീസ് കേസെടുത്തു.

മരിച്ച കോയ ചുമട്ടുതൊഴിലാളിയാണ്. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഖബറടക്കും. ആസിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല.

Advertisement