തിരുവനന്തപുരം: വട്ടപ്പാറയിൽ യുവാവിന്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ പുതിയ വഴിത്തിരിവ്.
വട്ടപ്പാറയ്ക്ക് സമീപം കല്ലയം കാരമൂട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിനോദിന്റെ മൃതശരീരമാണ് കഴിഞ്ഞ ഞായറാഴ്ച കഴുത്തറുത്ത നിലയിൽ കാണപ്പെട്ടത്.
ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ബഹളം കേട്ട് അയൽക്കാരെത്തി നോക്കുമ്പോൾ വിനോദിനെ കഴുത്തിന് കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ മരണം കൊലപാതകമാണെന്ന തരത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് മകന്റെ മൊഴി. ഭാര്യയുടെ സുഹൃത്ത് കൊലപ്പെടുത്തിയെന്നാണ് മൊഴി.
മരിച്ച വിനോദിന്റെ മകൻ നൽകിയ മൊഴി അനുസരിച്ച് കാരമൂട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
കുടുംബവഴക്കിനെ തുടർന്ന് സ്വയം കുത്തി മരിച്ചെന്നായിരുന്നു ഭാര്യ ലേഖ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞിരുന്നത്.
വിനോദും ഭാര്യയും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് വഴക്കിൽ കലാശിച്ചതെന്നും പറയുന്നു.
മകന്റെ മൊഴി പ്രകാരം ആരോപണ വിധേയനായിരിക്കുന്ന ലേഖയുടെ സുഹൃത്തായ മനോജ് കാരമൂട്ടിലെ ഓട്ടോ ഡ്രൈവറാണ്.
മനോജ് വിനോദിനെ കുത്തിയെന്നാണ് മകന്റെ മൊഴി. ഇയാളെ കണ്ടെത്താനും വട്ടപ്പാറ പൊലീസ് ശ്രമം തുടങ്ങി.
എട്ട് വയസുകാരന്റെ മൊഴിയായത് കൊണ്ട് തന്നെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അന്തിമ നിഗമനത്തിലെത്താനാണ് പൊലീസിന്റെ ആലോചന.
അതേസമയം കൊലപാതകമാണെന്ന് വിനോദിന്റെ ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.