ഒരു തവണത്തേക്ക് പ്രതിഫലം ആയിരം ദിർഹം: 2 മാസത്തിനിടെ സെറീന അത് ചെയ്തത് 8 തവണ

31

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസംപിടികൂടിയ വൻ സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചത് മൂന്നംഗ സംഘം.

സംഘത്തിനു നേതൃത്വം നൽകിയ അഡ്വ. ബിജു മനോഹരനെ പുറമെ ജിത്തു, വിഷ്ണു എന്നിവരാണു സംഘത്തിലെ മുഖ്യകണ്ണികൾ.

Advertisements

ജിത്തു ദുബായിലും മറ്റുള്ളവർ കേരളത്തിലും ഇടപാടുകൾക്കു നേതൃത്വം നൽകിയാണ് സ്വർണക്കടത്ത്. അഭിഭാഷകന്റെ സംഘം രണ്ടരമാസത്തിനിടെ എട്ടുതവണ സ്വർണം കടത്തിയതായി ഡിആർഐയുടെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒരു യാത്രയ്ക്കു ആയിരം ദിർഹം പ്രതിഫലമെന്ന് അറസ്റ്റിലായ സുനിൽ വെളിപ്പെടുത്തി. സെറീനയും സുനിലും കുറ്റം സമ്മതിച്ചെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിനു പിടിയിലായ സുനിൽകുമാറും സെറീനയും ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന്റെ മുഖ്യകണ്ണികളാണ്.

ആറു മാസത്തിനിടെ അഞ്ച് തവണ ഇരുവരും ചേർന്നു സ്വർണം കടത്തി.ഒളിവിലുള്ള അഭിഭാഷകൻ അഡ്വ. ബിജു മനോഹരന് ഇരുവരുമായി വർഷങ്ങളുടെ ബന്ധമുണ്ടെന്നും ഡിആർഐ സ്ഥിരീകരിച്ചു. ബിജുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ഭാര്യയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

കഴിഞ്ഞ ദിവസം പിടികൂടിയ ഇരുപത്തിയഞ്ച് കിലോയിൽ ഒതുങ്ങുന്നതല്ല സെറീനയുടെയും സുനിൽകുമാറിന്റെയും സ്വർണക്കടത്ത് ചരിത്രം.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സമീപകാലത്തായി അഞ്ച് തവണ സ്വർണം കടത്തിയെന്നാണു ഡിആർഐയ്ക്ക് മൊഴി ലഭിച്ചിരിക്കുന്നത്.

ദുബായിൽ ബ്യൂട്ടി പാർലർ നടത്തുന്ന സെറീനയാണ് സ്വർണം എത്തിക്കുന്നതിനു നേതൃത്വം നൽകുന്നത്. കഴക്കൂട്ടം സ്വദേശിയായ സെറീന ഇതിനായി ഭൂരിഭാഗം ദിവസങ്ങളിലും ദുബായിലാണ് താമസം.

ഒരാഴ്ച മുൻപ് തിരുവനന്തപുരത്തിയപ്പോഴാണ് ഇപ്പോൾ പിടിയിലായ സ്വർണക്കടത്ത് ആസൂത്രണം ചെയ്തത്.

തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിൽകുമാർ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആർടിസി കണ്ടക്ടർ ജോലിയിൽ നിന്ന് അവധിയെടുത്താണ് സ്വർണക്കടത്തിന് ഇറങ്ങിയത്.

സെറീനയ്‌ക്കൊപ്പമല്ലാതെ രണ്ട് മാസത്തിനിടെ നാല് തവണ ദുബായിൽ പോയി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഈ യാത്രകളിലും സ്വർണം കടത്തിയതായാണ് ഡിആർഐയുടെ നിഗമനം. ഇവരെ നിയോഗിച്ച അഡ്വ. ബിജു മനോഹരൻ വിമാനത്താവളത്തിലെത്തിക്കുന്ന സ്വർണം അത് വാങ്ങിയവർക്ക് എത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെന്നാണ് സൂചന.

ബിജുവിന്റെ സഹായിയടക്കം മറ്റ് മൂന്നു പേരുടെ പങ്കും സംശയിക്കുന്നുണ്ട്. സെറീനയും സുനിൽകുമാറും റിമാൻഡിലായതോടെ കൂടുതൽ കണ്ണികളെ പിടിക്കാനായി ഇരുവരുടെയും മൊഴികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Advertisement