തലശേരി: ട്യൂഷനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം. ട്യൂഷൻ ടീച്ചറുടെ ഭർത്താവിനെ നാട്ടുകാരും പോലീസും ചേർന്ന് വീടിന്റെ വാതിൽ തകർത്ത് പിടികൂടി. ഇന്നലെ രാത്രി ഏഴോടെ തലശേരി നഗരത്തിനു സമീപത്താണ് സംഭവം.
ട്യൂഷൻ ടീച്ചർ സ്ഥലത്തില്ലാത്ത വിവരം അറിയാതെ ട്യൂഷനായി വീട്ടിലെത്തിയ പന്ത്രണ്ടുകാരിയെ 58 കാരനായ പ്രതി തന്ത്രപൂർവ്വം വീട്ടിനുള്ളിലാക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ടീച്ചറുടെ ഭർത്താവ് കൂടിയായ പ്രതിയുടെ പെരുമാറ്റം അതിരുകടന്നതോടെ പെൺകുട്ടി പൊട്ടിക്കരഞ്ഞു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കോടി.
സംഭവം അറിഞ്ഞ് നാട്ടുകാരും വീട്ടുകാരും എത്തുമ്പോഴേക്കും പ്രതി വീട്ടിനുള്ളിൽ കയറി വാതിലടച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തിയിട്ടും പ്രതി വാതിൽ തുറക്കാൻ തയാറായില്ല.
തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടി തുറന്നാണ് പ്രതിയെ പിടികൂടിയത്. എസ്ഐ എ.അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ സ്റ്റേഷനിലെത്തിച്ചു.
പ്രതിക്ക് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നു രാവിലെ വനിതാ പോലീസ് പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.