തൊടുപുഴ: ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി. കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മൂന്നാര്‍ ട്രിബ്യൂണണലിന്റെ പരിധിയില്‍ വരുന്ന എട്ട് വില്ലേജുകളിലെ നിര്‍മ്മാണ നിരോധനം പിന്‍വലിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈറേഞ്ചില്‍ ജനകീയ സമരങ്ങള്‍ ശക്തമാകുകയും സിപിഐഎം അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും സമരത്തില്‍ അണിനിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം ജനകീയ സമരത്തിന്റെ മുന്‍ നിരയിലേയ്ക്ക് എത്തിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ്സും യുഡിഎഫും ജനകീയ സമരത്തിന് പിന്തുണ നല്‍കി മറ്റ് പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നിലവില്‍ നാളെ യുഡിഎഫ് ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹര്‍ത്താലില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ തൊടുപുഴ മേഖലയെ ബാധിയ്ക്കുന്നതല്ലാത്തതിനാല്‍ തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാല്‍, പത്രം, ആശുപത്രി ആവശ്യങ്ങള്‍, വിവാഹം തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.