തൃശൂര്‍; തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡിനു സമീപം ടിബി റോഡിലുള്ള ഷെമീന കോംപ്ലക്‌സിലെ റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തില്‍ സ്ഥാപന ഉടമയെയും ജീവനക്കാരിയായ യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി.
വിഷം കഴിച്ചാണ് മരിച്ചതെന്നാണു ആദ്യം സംശയിച്ചതെങ്കിലും ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ വിഷവാതകം ശ്വസിച്ചതാകാം മരണ കാരണമെന്നു പോലീസ് പറഞ്ഞു. വിശദമായ പരിശോധന നടന്നുവരികയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ശക്തന്‍ സ്റ്റാന്റിനു സമീപം റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ ഉടമ വടക്കാഞ്ചേരി അകമല പടിഞ്ഞാറേ കുഴിക്കണ്ടത്തില്‍ ബിനുജോയ് (32), ജീവനക്കാരി ഗോവ വെരം ബോര്‍ഡസില്‍ പൂജ രാത്തോഡ് (20) എന്നിവരാണ് മരിച്ചത്.
അവധിയായിട്ടും ഞായറാഴ്ച വൈകിട്ട് ഇരുവരും സ്ഥാപനത്തില്‍ എത്തിയിരുന്നതായി സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലുള്ളവര്‍ പറഞ്ഞു.
ഷമീന കോംപ്ലക്‌സിലെ ഒന്നാംനിലയിലാണ് സ്ഥാപനം. തിങ്കളാഴ്ച രാവിലെ സ്ഥാപനത്തില്‍ ജോലിക്കെത്തിയവരാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.വിവരം അറിയിച്ചതിനെത്തുടര്‍ന്നു പൊലീസ് എത്തുകയായിരുന്നു. ജനറേറ്റര്‍ സ്ഥാപനത്തിനുള്ളിലായിരുന്നു.
ഷട്ടര്‍ അകത്തുനിന്നു അടയ്ക്കുകയും ചെയ്തിരുന്നു.ബിനുവിന്റെ കാര്‍ കെട്ടിടത്തിനു താഴെ നിര്‍ത്തിയിട്ടിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴരയ്ക്കുശേഷവും എത്താഞ്ഞതിനെത്തുടര്‍ന്ന് പൂജ താമസിക്കുന്ന ഹോസ്റ്റലിന്റെ അധികൃതര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് രാത്രി അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൃശൂര്‍ എ.സി.പി. വി.കെ. രാജുവും നെടുപുഴ പോലീസും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.