കോട്ടയം: ആകാശത്ത് ചുവന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേരളത്തിലെ ക്ഷേത്രങ്ങളുടെ നടയെല്ലാം അടച്ചിട്ടിരിക്കുകയാണ്, ഒന്ന് ഒഴിച്ച്. കോട്ടയത്തെ തിരുവാര്‍പ്പു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമാണ് ഗ്രഹണസമയത്ത് പോലും തുറന്നിടുന്നത്. ഭാരതത്തിലെ തന്നെ ഏറ്റവും ആദ്യം നട തുറന്ന പൂജ നടത്തുന്ന ക്ഷേത്രമാണു തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
1500 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. മീനച്ചിലാറിന്റെ തീരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. കംസ നിഗ്രഹത്തിനു ശേഷം വിശന്നുവലഞ്ഞു നില്‍ക്കുന്ന ശ്രീകൃഷ്ണനാണു തിരുവാര്‍പ്പിലെ പ്രതിഷ്ഠ. നിവേദ്യം മുടക്കാന്‍ പാടില്ലന്നതിനാലാണു പൂജകള്‍ മുടക്കം കൂടാതെ നടക്കുന്നത്.
ഒരിക്കല്‍, വളരെ നേരം നീണ്ടു നിന്ന ഒരു ഗ്രഹണ സമയത്തു പൂജ മുടങ്ങിയെന്നും പിന്നീടു നട തുറന്നപ്പോള്‍ ഭഗവാന്റെ അരയിലെ കിങ്ങിണി അരങ്ങാണം അഴിഞ്ഞു കാല്‍ക്കല്‍ കിടക്കുന്നതായി കണ്ടു. ഇതിനെ തുടര്‍ന്നു പ്രശ്നം വച്ചു നോക്കിയപ്പോഴാണു നിവേദ്യം ഒരിക്കല്‍ പോലും മുടങ്ങാന്‍ പാടില്ല എന്നു കണ്ടെത്തിയത്. അതിനു ശേഷം പൂജകള്‍ക്കോ നിവേദ്യത്തിനോ മാറ്റം വരുത്തിട്ടില്ല.