താനൂര്‍: മത്സ്യത്തൊഴിലാളി സവാദിന്റെ കൊലപാതം ആസൂത്രിതമായെന്ന് പൊലീസ്. സവാദിന്റെ ഭാര്യ സൗജത്തും സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സവാദിനെ തലയ്ക്കടിച്ച് വീഴ്ത്തുകയും മരണം ഉറപ്പിക്കാന്‍ കഴുത്തു മുറിച്ചതും സൗജത്തായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദാണ്(40) വ്യാഴാഴ്ച കൊലചെയ്യപ്പെട്ടത്. മകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന സവാദിനെ തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലും വ്യാഴാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ കണ്ടെത്തുകയായിരുന്നു. സൗജത്ത് തന്നെയാണ് അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്.
പിന്നീട് പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ തലയില്‍ ഗുരുതരമായ ക്ഷതങ്ങളേറ്റ സവാദിന്റെ കഴുത്തിലും നെഞ്ചിലുമായി എട്ടിടത്തു കത്തികൊണ്ട് വരഞ്ഞതായും കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം അഞ്ചുടി മുഹ്യുദ്ദീന്‍ പള്ളിയില്‍ കബറടക്കി. താനൂര്‍ സിഐ എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു.
സംഭവത്തില്‍ ഭാര്യ സൗജത്തിനെയും മുഖ്യപ്രതി ബഷീറിന്റെ സുഹൃത്ത് സുഫിയാനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീറിനായി പൊലീസ് തരച്ചില്‍ തുടരുകയാണ്.
അതേസമയം, സൗജത്തിന്റെ കൂടെ കൃത്യത്തിനുണ്ടായിരുന്ന പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. കൃത്യം നടത്താനായി മാത്രം വിദേശത്ത് നിന്നും രണ്ട് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി. സവാദിനെ കൊന്നത് പ്രതിക്കൊപ്പം ജീവിക്കാനാണെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞു.