ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സര്‍ക്കാരിനെ കടുത്തഭാഷയില്‍ വിമര്‍ശിച്ചതിന് നടപടി വന്നേക്കും. സര്‍ക്കാര്‍ നിലപാടുകളില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും സര്‍ക്കാരിനെതിരെ പൊതുവേദിയില്‍ ജേക്കബ് തോമസ് ആഞ്ഞടിക്കുന്നത് ഇതാദ്യമാണ്. അതേസമയം അടുത്തവര്‍ഷം ആദ്യത്തോടെ ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുമെന്നും സൂചനയുണ്ട്.
സര്‍ക്കാരിന്റ ഭാഗമായി നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക. ഗുരുതരമായ ചട്ടലംഘനമായാണ് ഇതിനെ ആഭ്യന്തരവകുപ്പ് കാണുന്നത്. അനുമതി വാങ്ങിയാണോ ജേക്കബ് തോമസ് സെമിനാറില്‍ പങ്കെടുത്തതെന്ന് പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റ നിര്‍ദേശത്തിന്റ അടിസ്ഥാനത്തിലായിരിക്കും ആഭ്യന്തരവകുപ്പ് നടപടിയെടുക്കുക. ഇതിന് മുന്നോടിയായി പ്രസംഗത്തിന്റ വീഡിയോയും പരിശോധിക്കും. അനുമതിയില്ലാതെ ജേക്കബ് തോമസ് സര്‍വീസ് സ്റ്റോറി എഴുതിയത് കുറ്റകരമാണന്ന് കണ്ടെത്തിയെങ്കിലും കടുത്തനടപടി സ്വീകരിച്ചിട്ടില്ല. ആദ്യം ക്രിമിനല്‍ കേസെടുക്കാന്‍ ആലോചിച്ചെങ്കിലും വകുപ്പ്തല നടപടിയായി ചുരുക്കിയിരുന്നു. ആഴ്ചകള്‍ക്കുള്ളിലാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് ആഞ്ഞടിച്ചിരിക്കുന്നത്.
ആരേയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്ന ന്യായീകരണമായിരിക്കും ജേക്കബ് തോമസ് നിരത്തുക. എന്നാല്‍ അത് എത്രത്തോളം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് കണ്ടറിയണം. ഇതിനിടെ ജേക്കബ് തോമസ് സ്വയം വിരമിക്കാന്‍ തയാറെടുക്കുന്നുവെന്നും സൂചനയുണ്ട്. മൂന്നു വര്‍ഷത്തെ സര്‍വീസ് കൂടി ബാക്കിയുണ്ടെങ്കിലും അടുത്തവര്‍ഷം ആദ്യത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കാനാണ് ആലോചിക്കുന്നത്.