അജാസിന്റെ ഫോൺ നിറയെ സൗമ്യയുടെ ചിത്രങ്ങൾ, വാട്‌സാപ്പ് നിറയെ സന്ദേശങ്ങളും

49

കായംകുള: ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്ക് അടുത്ത് വള്ളികുന്നത്ത് കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയോട് പ്രതിയായ അജാസ് വിവാഹാഭ്യർഥന നടത്തിയതായി സൗമ്യയുടെ മാതാവ് വ്യക്തമാക്കി.

ഇത് നിരസിച്ചതിനെ തുടർന്ന് നിരവധി തവണ ഫോൺ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നതായും സൗമ്യയുടെ മാതാവ് മൊഴി നൽകി.

Advertisements

എന്നാൽ തനിക്ക് സൗമ്യയുമായി അടുപ്പം ഉണ്ടായിരുന്നതായാണ് അജാസ് മൊഴി നൽകിയത്. സൗമ്യയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. തർക്കത്തിലായതിനെ തുടർന്ന് പണം തിരികെ ചോദിച്ചു.

പക്ഷെ തിരികെ തന്നില്ല എന്നും അജാസ് പറയുന്നു. എന്നാൽ അജാസ് സൗമ്യയോട് വിവഹാഭ്യർഥന നടത്തിയിരുന്നെന്നും സൗമ്യ അത് നിരസിക്കുകയും ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഗുരുതരമായി പരുക്കേറ്റത് കൊണ്ട് തന്നെ അജാസിനെ അന്വേഷണ സംഘം കൂടുതൽ ചോദ്യം ചെയ്തില്ല.

അജാസും സൗമ്യയും തമ്മിൽ നിരവധി തവണ ഫോൺ ചെയ്തതിന്റേയും വാട്‌സ്ആപ്പിൽ സന്ദേശം അയച്ചതിന്റേയും വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടത്തിയിട്ടുണ്ട്.

ഫോൺ വിളികളിലെ ഉളളടക്കവും പൊലീസ് പരിശോധിക്കുകയാണ്. സന്ദേശങ്ങൾ കൂടാതെ അജാസിന്റെ ഫോണിൽ നിന്ന് സൗമ്യയുടെ ധാരാളം ചിത്രങ്ങളും കണ്ടെത്തി.

സൗമ്യക്ക് പ്രതി അജാസിന്റെ ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകൻ പറഞ്ഞു. അജാസിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നെന്ന് അമ്മ പറഞ്ഞതായാണ് പ്രായപൂർത്തിയാകാത്ത മകൻ പൊലീസിനോട് വെളിപ്പെടുത്തിയത്.

എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നു. മരിച്ച് പോവുകയെങ്ങാനും ചെയ്താൽ ഇയാളുടെ പേര് പറഞ്ഞാൽ മതിയെന്ന് അമ്മ പറഞ്ഞിരുന്നു,’ സൗമ്യയുടെ മകൻ പൊലീസിന് മൊഴി നൽകി.

45 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിൽ ഇന്ന് തന്നെ മൊഴിയെടുക്കും.

തൃശൂർ പൊലീസ് അക്കാദമിയിൽ വച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്.

പിന്നീട് കൊച്ചിയിൽ ഒരേ സ്റ്റേഷനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതുമായാണ് വിവരം. ഇവർക്കിടയിൽ സാമ്ബത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥയെ തീവച്ചുകൊന്ന സംഭവം ദാരുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

കൊല്ലപ്പെട്ട വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആലുവ ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥനായ അജാസാണ് കൊല നടത്തിയത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരുക്കേൽപ്പിച്ചു.

ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

വിവാഹശേഷമാണ് സൗമ്യയ്ക്ക് പൊലീസിൽ നിയമനം ലഭിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയുടെ ഭർത്താവ് സജീവ് വിദേശത്താണ്.

ഏറ്റവും ഒടുവിൽ നാട്ടിലെത്തി പതിനഞ്ച് ദിവസം മുൻപാണ് ഇയാൾ ജോലിസ്ഥലത്തേക്ക് മടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലാണ് സൗമ്യയുടെ കുട്ടികൾ പഠിക്കുന്നത്. ഏറ്റവും ഇളയ കുട്ടിക്ക് മൂന്നരവയസാണ്.

Advertisement