കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ സബ് ജയിലിലാണ് സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ മൂന്നുപേരെയാണ് സൗമ്യ വിഷം കൊടുത്ത് കൊന്നത്. സൗമ്യയുടെ മാതാപിതാക്കളും മകളുമാണ് കൊല്ലപ്പെട്ടത്.
പിണറായി പടന്നക്കര വണ്ണത്താംവീട്ടിൽ കുഞ്ഞിക്കണ്ണന്റെ മരണത്തോടെയാണ് ഒരു കുടുംബത്തിലെ തുടർച്ചയായ നാല് മരണങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ സംശയം ജനിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരുടെ വീട് സന്ദർശിക്കുകയും മരണകാരണം കണ്ടെത്താൻ പോലീസിനോട് നിർദേശിക്കുകയും ചെയ്തു. ഇതോടെ ജില്ലാ പോലീസ് മേധാവി സംഭവത്തിൽ ഇടപെടുകയും സിഐ കെഇ പ്രേമചന്ദ്രനെ അന്വേഷണം ഏൽപ്പിക്കുകയും ചെയ്തു. നാല് പേരുടെയും മരണത്തിന് കാരണം അപൂർവ്വരോഗമാണെന്ന സംശയത്തിലായിരുന്നു പോലീസ് ആദ്യഘട്ടത്തിൽ അന്വേഷണം ആരംഭിച്ചത്.
അപൂർവ്വരോഗമല്ല നാലുപേരുടെയും മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് സംഘം വളരെ കരുതലോടെയാണ് തുടർന്നുള്ള അന്വേഷണം നടത്തിയത്. സൗമ്യയ്ക്ക് കാര്യമായ അസുഖമില്ലെന്ന് മനസിലാക്കിയ പോലീസ് വളരെ തന്ത്രപൂർവ്വം അവരെ ദിവസങ്ങളോളം ഐസിയുവിലാക്കി. ഇതിനിടെ പുറത്തുനിന്ന് പോലീസ് വളരെ രഹസ്യമായി തെളിവുകൾ ശേഖരിക്കുകയും സൗമ്യയുമായി അടുപ്പമുള്ള യുവാക്കളെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ഈ ചോദ്യം ചെയ്യലിലാണ് പിണറായിയിലെ ദുരൂഹ മരണങ്ങൾ കൊലപാതകമാണെന്ന സത്യത്തിലേക്ക് വിരൽചൂണ്ടുന്ന നിർണ്ണായക മൊഴികൾ ലഭിച്ചത്.
ജയിലിലെ കശുമാവില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ സബ് ജയിലില്‍ ജീവനൊടുക്കിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു. നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്
ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്. കുടിവെള്ളത്തിലെ പ്രശ്നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു