ശോഭാ സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

24

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പോലീസ് കസ്റ്റഡിയില്‍. വടക്കാശേരിക്കരയില്‍ നിരോധനാജ്ഞ ലംഘിച്ച് റോഡ് ഉപരോധിച്ചതിനാണ് കസ്റ്റഡിയില്‍ എടുത്തത്. ഏഴ് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisements

വടക്കാശേരിക്കരയില്‍ ഇവരുള്‍പ്പെടെയുളള പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയുമായിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഇന്നും ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള ഇന്നലെ വ്യക്തമാക്കിയിരുന്നു.

ശബരിമലയില്‍ കലാപശ്രമം നടത്തിയ കേസില്‍ തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥ്, രാഹുല്‍ ഈശ്വര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

പ്രതീഷ് വിശ്വനാഥിനൊപ്പം 18 സംഘ്പരിവാര്‍ പ്രവര്‍ത്തകരേയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചുള്ള പ്രകടനം നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കം ആറുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

41 പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞ് അല്‍പസമയത്തിന് ശേഷമായിരുന്നു ഇന്നലത്തെ പ്രകടനം.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായുളള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പമ്പ,നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ശബരിമലയെ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി ആക്ടിവിസ്റ്റുകള്‍ കാണരുതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യാത്ര തുടങ്ങുന്നതിന് മുന്‍പ് പൊലീസിന് രണ്ട് യുവതികളുടെ പശ്ചാത്തലം അന്വേഷിക്കാമായിരുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുത്. ആക്ടിവിസ്റ്റുകള്‍ എത്തിയപ്പോഴാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

‘നിയമം നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കും. വിശ്വാസികളല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് യുവതികളെ നടപ്പന്തലില്‍ തടഞ്ഞത്.’

നേരത്തെ നടപ്പന്തലിന് മുന്നില്‍ പ്രതിഷേധിക്കുന്നവരുമായി ഏറ്റുമുട്ടലിനില്ലെന്ന് ഐ.ജി ശ്രീജിത്തും പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് വിശ്വാസത്തിന്റെ ബാധ്യത മാത്രമേ ഉള്ളുവെന്നും ഞങ്ങള്‍ക്ക് നിയമത്തിന്റെ ബാധ്യത കൂടി ഉണ്ടെന്നുമായിരുന്നു ശ്രീജിത്ത് പറഞ്ഞത്.

Advertisement