മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ പതിനഞ്ച് ദിവസത്തിന് ശേഷം തിരിച്ചെത്തി, ഞെട്ടിത്തരിച്ച്‌ ഒരു ഗ്രാമം, കണ്ണീരോടെ സജി

31

പുല്‍പ്പള്ളി: മരിച്ചെന്ന് കരുതി അടക്കിയ പരേതന്‍ പതിനഞ്ച് ദിവസം തിരിച്ചെത്തി. ഒരു നാടിനെയാകെ ഞെട്ടിച്ച സംഭവമാണ് വയനാട് ജില്ലയിലെ പുല്‍പ്പള്ളി ടൗണില്‍ നടന്നത്. കഴിഞ്ഞ മാസം 16നാണ് പുല്‍പ്പള്ളി ആടിക്കൊല്ലി തേക്കനാം കുന്നേല്‍ മത്തായിയുടെ സജി മത്തായിയെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ അടക്കം ചെയ്തത്. എന്നാല്‍ ഒരു ഗ്രാമത്തെയാകെ ഞെട്ടിച്ച്‌ സജി ഇന്ന് വീണ്ടും പുല്‍പ്പള്ളിയിലെത്തി.

Advertisements

സംഭവം ഇങ്ങനെ; ഇടയ്ക്കിടെ വീട് വിട്ട് പോകുന്ന സ്വഭാവം സജിക്കുണ്ട്. രണ്ട് മാസം മുമ്ബാണ് സജി അവസാനമായി വീട് വിട്ട് പോയത്. ദിവസങ്ങളോളം ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് സജിയുടെ വീട്ടുകാര്‍ ആശങ്കയിലായിരുന്നു.അതിനിടെ കര്‍ണാടകയിലെ എച്ച്‌.ഡി കോട്ട എന്ന സ്ഥലത്ത് അഴുകിയ നിലയില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി ബീച്ചനഹള്ളി പൊലീസ് സ്റ്റേഷനുകള്‍ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം നടത്തിയിരുന്നു.

ഈ സമയത്താണ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് സജിയുടെ സഹോദരന്‍ ജിനേഷ് പുല്‍പ്പള്ളി സ്റ്റേഷനില്‍ എത്തുന്നത്. ഇവിടെ നിന്നും യാദൃശ്ചികമായി അജ്ഞാത മൃതദേഹത്തെ കുറിച്ച്‌ അറിഞ്ഞ സജിയുടെ ബന്ധുക്കള്‍ പരിശോധിച്ചതോടെയാണ് കാര്യങ്ങള്‍ മാറുന്നത്.

സജിയുടേതിന് സമാനമായ രീതിയില്‍ കാലിന് പരിക്കുള്‍പ്പെടെ മൃതദേഹത്തില്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ മൃതദേഹം സജിയുടേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ പതിനാറിന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ അടക്കവും നടന്നു.

ഇന്ന് രാവിലെയാണ് സജി വീണ്ടും പുല്‍പ്പള്ളിയില്‍ എത്തുന്നത്. താന്‍ മരിച്ച വിവരവും പള്ളിയില്‍ അടക്കിയ വിവരവും അറിഞ്ഞ് സജി ഞെട്ടി. പ്രശ്നം ഇത്ര സങ്കീര്‍ണമാകുമെന്ന് കരുതിയില്ലെന്നും കണ്ണൂര്‍ ധര്‍മ്മശാലയില്‍ ജോലി ചെയ്യുകയായിരുന്നെന്നും സജി കണ്ണീരോടെ നാട്ടുകാരോട് പറഞ്ഞു.

Advertisement