കാട്ടാക്കട : ആക്രമണകേസിലെ പ്രതികളെ പിടികൂടാൻ പോലീസ് അനാസ്ഥകാട്ടിയെന്ന ആരോപണം നിലനിൽക്കെ വീട്ടിൽ കയറി സാമൂഹിക വിരുദ്ധ സംഘം ഗർഭിണിയെ ആക്രമിച്ചു. വിവരമറിഞ്ഞെത്തിയ യുവതിയുടെ ഭർതൃസഹോദരൻമാരെ വെട്ടി പരുക്കേൽപ്പിച്ചു.
മർദനമേറ്റ കട്ടയ്ക്കോട് ചെവിയംകോട് ഷൈൻ ഭവനിൽ ഷൈനിന്റെ ഭാര്യ ആൻസി (19) എസ്എടി ആശുപത്രിയിലും, വെട്ടേറ്റ ഭർതൃസഹോദരങ്ങളായ അഖിൽ (20), അഭിലാഷ് (22) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘത്തിൽ ആറുപേർ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇതിൽ ചെവിയംകോട് സ്വദേശി സിനു(20) വിനെ പിടികൂടി. ഗർഭിണിയായ ആൻസിയുടെ നേർക്ക് സിനു വാണ് ക്രൂരമായ മർദനം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ഗർഭം കലക്കുക എന്ന ലക്ഷ്യത്തിലാണ് സിനു വന്നത്. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഓണത്തിന് ഇരുവിഭാഗങ്ങൾ ചെവിയംകോട് ഏറ്റുമുട്ടിയിരുന്നു. ഒരു ഭാഗത്തു ഷൈനും കൂട്ടാളികളുമായിരുന്നു. ഈ കേസിൽ ആരെയും പിടികൂടിയിരുന്നില്ല.
പ്രതികളുടെ മൂന്നു ബൈക്കുകൾ ഓണത്തല്ലിൽ അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ സംഭവം .വൈകിട്ട് ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആൻസി മാത്രമാണ് ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് എത്തിയ ഭർതൃസഹോദരൻമാർ അക്രമികൾ തമ്പടിച്ച വീട്ടിലെത്തി. ഈ സമയം ഇവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
ഓണത്തിന് അടി നടന്ന വിവരം പോലീസിൽ അറിയിച്ചിരുന്നുവെങ്കിലും നടപടി എടുത്തില്ല. അതിനെ തുടർന്നാണ് വീട് കയറി ആക്രമണം നടത്തിയത്. ആദ്യ കേസിലുൾപെട്ട പ്രതികളാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നും ഇവരെ പിടിക്കാൻ പോലീസ് മിനക്കെട്ടില്ലെന്നും ഇതുകൊണ്ടാണു വീണ്ടും ആക്രമണം നടന്നതെന്നും ആരോപിച്ച് ഇന്നലെ രാത്രി ബിജെപി പ്രവർത്തകർ സ്റ്റേഷനിൽ കുത്തിയിരുന്നിരുന്നു.തുടർന്ന് പ്രതികളെ പിടിക്കാമെന്ന് പോലീസ് ഉറപ്പും നൽകിയിരുന്നു.
കാട്ടാക്കട പോലീസ് സ്റ്റേഷനിൽ അടിക്കടി ആക്രമണങ്ങളും മോഷണവും നടക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വീട് കയറി മൂന്നര പവനും 35000 രൂപയും കവർന്നത്. കാട്ടാക്കട സ്റ്റേഷൻ അതിർത്തിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 10 ഓളം അടിപിടികളാണ് നടന്നിരിക്കുന്നത്. ഇതിൽ ഒരു പ്രതിയെ പോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതിനിടയ്ക്കാണ് വീട് കയറി ആക്രമണം നടന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണത്തിന് മുതിരുകയായിരുന്നു