കൊച്ചി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം കലൂര്‍ എസ്ആര്‍എം റോഡില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത് വാര്‍ഡില്‍ വെളിപ്പറമ്പില്‍ വീട്ടില്‍ സഞ്ജു സുലാല്‍ സേട്ട് (39) പോലീസ് പിടിയിലായി.
ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് വീട്ടിലെത്തിയ സഞ്ജു ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഞ്ജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സുഹൃത്ത് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതി പിന്നീട് പോലീസിനോട് പറഞ്ഞു. ‘എനിക്ക് പറ്റിപ്പോയി. സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.’ എന്നാണ് കൊലപാതക ശേഷം സഞ്ജു പൊലീസിനോട് പറഞ്ഞത്.
ഒരു പ്രശ്‌നവും ഈ കുടുംബത്തിലുണ്ടായിരുന്നില്ലെന്നാണ് കൊലപാതകം നടന്ന വീട് വാടകയ്ക്ക് എടുത്ത് കൊടുത്ത റഷീദ് പറയുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് റഷീദ്, അഫ്‌സയ്ക്ക് വീട് വാടകയ്ക്ക് എടുത്ത് നല്‍കിയത്. അന്നു മുതല്‍ അഫ്‌സയെയും കുടുംബത്തെയും അടുത്ത് അറിയാമായിരുന്നു. ഒരു പ്രശ്‌നവും ആ വീട്ടുകാരെയോ സംബന്ധിച്ച് കേട്ടിട്ടില്ല. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടില്‍ നല്ല അഭിപ്രായയമായിരുന്നു എന്ന് റഷീദ് പറഞ്ഞു.
കൊലപാതകം നടക്കുമ്പോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കള്‍ ആലപ്പുഴയിലെ ബന്ധു വീട്ടിലായിരുന്നു. വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെക്കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പൊലീസ് ഇയാളെ പിടികൂടി. ഗള്‍ഫിലായിരുന്ന സഞ്ജു മൂന്ന് ദിവസം മുമ്ബാണ് നാട്ടില്‍ എത്തിയത്.
ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് സുഹൃത്ത് വഴി അറിഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ നാട്ടിലെത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ തെളിവുകളും ലഭിച്ച സാഹചര്യത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പൊലീസിന് നല്‍കിയ ആദ്യമൊഴി.