കൂത്താട്ടുകുളം: പോലീസ് പിടിയിലായ മോഷണക്കേസ് പ്രതിയുടെ തൊണ്ടിമുതല്‍ പിടിച്ചെടുത്തത് കാമുകിയുടെ വീട്ടില്‍ നിന്നും. മോഷണമുതല്‍ കണ്ടെത്താന്‍ തെളിവെടുപ്പിന് പോകാനൊരുങ്ങിയപ്പോള്‍ കൈമുറിച്ച് പരിക്കേല്‍പ്പിച്ചു.
പാലക്കുഴ മൂങ്ങാന്‍കുന്നില്‍ ഒരു വിദേശമലയാളിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ മോഷണ മുതലായ ഫ്രിഡ്ജും എല്‍ഇഡി ടിവിയുമാണ് കൊള്ളസംഘത്തിന്റെ തലവനായ 19 കാരന്റെ കാമുകിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത്. പാലാ രാമപുരം സ്വദേശി ശരത്തിന്റെ പാലായിലുള്ള കാമുകിയുടെ വീട്ടില്‍ നിന്നുമാണ് എല്ലാം കണ്ടെത്തിയത്.
ടിവിയ്ക്കും ഫ്രിഡ്ജിനും പുറമേ വാഷിംഗ് മെഷീനും മ്യൂസിക് സിസ്റ്റവും നിലവിളിക്കുമെല്ലാമായി ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് സംഘം അടിച്ചുമാറ്റിയത്. കാമുകിയുടെ വീട്ടില്‍ നല്‍കിയതിന്റെ ബാക്കി സംഘം കൈമാറിയത് കൂത്താട്ടുകുളത്ത് ഒരു ആക്രിക്കടയില്‍ ആയിരുന്നു. ഇവയ്ക്ക് പുറമേ വിവിധ വാഹനങ്ങളില്‍ നിന്നും മോഷ്ടിച്ച അഞ്ച് വലിയ ബാറ്ററികളും അടിച്ചു മാറ്റിയിരുന്നു.
കാമുകിക്ക് സമ്മാനിച്ച ഗൃഹോപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ പോലീസ് പാലായിലെ കാമുകിയുടെ വീട്ടിലേക്ക് ബുധനാഴ്ച തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ശരത്ത് കയ്യില്‍ മുറിവേല്‍പ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് ചികിത്സ നല്‍കിയ ശേഷം വ്യാഴാഴ്ച രാവിലെയാണ് തൊണ്ടി മുതല്‍ പിടിക്കാന്‍ പോയത്.
ഇന്നലെ രാവിലെ ശരത്തിനെയും കൂട്ടുകാരായ ഫെബിനെയും ആദര്‍ശിനെയും കൊണ്ടു വന്ന് തൊണ്ടിമുതല്‍ കാമുകിയുടെ വീട്ടില്‍ നിന്നും പോലീസ് തിരിച്ചെടുത്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികളെ പോലീസ് ജാമ്യത്തില്‍ തിരിച്ചുവിട്ടു.
ശരത്തിനും ഫെബിനും 19 വയസ്സാണ് പ്രായം. ആദര്‍ശിന് 18 വയസ്സും. മോഷ്ടിച്ച വാഹനങ്ങളുടെ ബാറ്ററികള്‍ വില്‍പ്പന നടത്തിയ ആക്രിക്കടയിലും പോലീസ് എത്തി സാധനങ്ങള്‍ തിരിച്ചെടുത്തു. മുമ്പ് മോഷ്ടിച്ച വാഹനങ്ങളും ഇവിടെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.