പയ്യോളി: രണ്ടു യുവാക്കൾ പീഡിപ്പിച്ചതിന് പോലീസിൽ പരാതി നൽകാൻ യുവതിയെ സഹായിച്ചയാൾ ഒടുവിൽ പീഡനത്തിന് അറസ്റ്റിൽ.
അതേ യുവതിയുടെ പരാതിയിലാണ് ഇയാൾ കുടുങ്ങിയതെന്നതാണ് കൗതുകം. പയ്യോളി പോലീസ് അറസ്റ്റ് ചെയ്ത കീഴൂർ കുന്നുംപുറത്ത് മുഹമ്മദിനെ (37) പേരാമ്പ്ര കോടതിയാണ് റിമാൻഡ് ചെയ്തത്.
പള്ളിക്കരയിലെ 35 വയസ്സുള്ള വീട്ടമ്മയാണ് പരാതിക്കാരി. ഇവരുടെ ഭർത്താവ് ഏഴുവർഷമായി ഗൾഫിലാണ്. വീട് നിർമാണത്തിന് ഭർത്താവ് ചുമതലപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ ബന്ധുവായ മുഹമ്മദിനെ.
വീട് നിർമാണത്തിന് കല്ല് ഇറക്കാൻ വന്ന രണ്ടുപേർ മാനഭംഗപ്പെടുത്തിയതായും സ്വർണം കവർന്നതായും യുവതി കഴിഞ്ഞമാസം 21-ന് പോലീസിൽ പരാതി നൽകിയിരുന്നു.
ഈ കേസിൽ കീഴരിയൂർ തൂങ്കുഴിയിൽ അൻസാറിനെ (27) പയ്യോളി സി.ഐ. പി. നാരായണൻ, എസ്.ഐ. കെ. പ്രകാശൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
അൻസാറിനൊപ്പം ഉണ്ടായിരുന്ന വയനാട് സ്വദേശിയും മേപ്പയ്യൂരിൽ താമസക്കാരനുമായ യൂനസ് ഒളിവിലാണ്.
ഈ സംഭവത്തിൽ യുവതിയെക്കൊണ്ട് പരാതികൊടുപ്പിക്കാനും മറ്റും അവർക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത് മുഹമ്മദായിരുന്നു.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി പയ്യോളി സ്റ്റേഷനിലെത്തിയത്.
മുഹമ്മദ് പലതവണ ബലാത്സംഗം നടത്തിയതായും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മുഹമ്മദിന്റെ പേരിൽ നേരത്തേ വേറെയും കേസുകളുണ്ട്.