പത്തനാപുരം: ഓടിക്കെണ്ടിരുന്ന ട്രെയിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തത് കാമുകിയെ വെട്ടിപരിക്കേൽപ്പിച്ചശേഷം. വർഷങ്ങളായി പ്രണയത്തിലായിരുന്ന മൂന്ന് കുട്ടികളുടെ മാതാവായ യുവതിയെ വെട്ടി പരിക്കേല്പിച്ച ശേഷമാണ് കുരയിലെത്തി ഓടിക്കൊണ്ടിരുന്ന ട്രെയിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തത്.ആവണീശ്വരം പ്ലാമൂട് കല്ലൂർകോണം മുകളുവിളവീട്ടിൽ പൗലോസ് – സിസിലി ദമ്പതികളുടെ മകൻ രതീഷ് (33) ആണ് മരിച്ചത്.
തലവൂർ കുര ഓവർബ്രിജിന് സമീപം ഇന്നലെ വൈകുന്നേരം 4.15 നായിരുന്നു സംഭവം . ഇരുചക്ര വാഹനത്തിൽ എത്തിയ രതീഷ് വാഹനം റെയിൽവേ പാതയ്ക്ക് സമീപം പാർക്ക് ചെയ്ത ശേഷം ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഇരുചക്ര വാഹനത്തിൽ നിന്നും ലഭിച്ച ഇലക്ഷൻ തിരിച്ചറിയല് കാർഡിൽ നിന്നാണ് യുവാവിനെ തിരിച്ചറിഞ്ഞത് .അവിവാഹിതനാണ്.
രതീഷ് വിവാഹിതയായ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കുറെ നാൾ മുൻപ് നാടുവിട്ട് മൂന്ന് മാസത്തോളം ഇവർ ഒന്നിച്ച് താമസിച്ചിരുന്നതായി പറയുന്നു. പിന്നിട് രതീഷിനെ വിട്ട് ഭർത്താവിനും കുട്ടികൾക്കൊപ്പം യുവതി താമസിച്ചു വരികയായിരുന്നു.
ഇന്നലെ വൈകുന്നേരം നാലോടെ കുട്ടികളെ സ്കൂളിൽ നിന്നും വിളിക്കാനായി യുവതി സ്കൂട്ടറിൽ പോകുമ്പോൾ കാത്ത് നിന്ന രതിഷ് നിനക്ക് ഇപ്പോൾ എന്നെ വേണ്ടയോ എന്നും ഫോൺ വിളിച്ചാൽ എടുക്കില്ലേ എന്നും ചോദിച്ച് കൈയിൽ കരുതിയ കത്തികൊണ്ട് യുവതിയെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നുപറയുന്നു.
റോഡിൽ വീണുപോയ യുവതിയെ സമീപവാസികൾ എത്തി കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. യുവതിയെ വെട്ടിവീഴ്ത്തിയ ശേഷം ഇരുചക്ര വാഹനത്തിൽ കടന്ന രതീഷ് കുരയിലെത്തി ഓടികൊണ്ടിരുന്ന ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കുന്നിക്കോട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നല്കും.കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു രതീഷ്. മനോജ്, മനു എന്നിവരാണ് സഹോദരങ്ങൾ.