ഭാര്യക്ക് അവിഹിതമെന്ന് സംശയം, പാലക്കാട് ചിറ്റൂരില്‍ യുവാവ് ഭാര്യയേയും 2 മക്കളേയും വെട്ടിക്കൊന്നു

26

ചിറ്റൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന ഭാര്യയേയും രണ്ടു മക്കളേയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസില്‍ കീഴടങ്ങി. ചന്ദനപ്പുറത്ത് കണ്ടന്റെ മകന്‍ മാണിക്യനാ(45)ണ് കീഴടങ്ങിയത്. ഭാര്യ കുമാരി (35), മകന്‍ മനോജ് (15), മകള്‍ മേഘ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് മാണിക്യന്‍ പൊലീസിനു മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ‌് ചെയ‌്തു.

Advertisements

മാണിക്യനും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ‌്കൂളിനു സമീപത്തെ വീട്ടിലാണ‌് സംഭവം. ഞായറാഴ്ച് രാത്രി പത്തിനും രണ്ടിനും ഇടയ‌്ക്കാണ‌് കൊലപാതകമെന്ന് സംശയിക്കുന്നു. ഉറങ്ങിക്കിടന്നവരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച് രാവിലെ ആറിനാണ‌് നാട്ടുകാര്‍ വിവരം അറിയുന്നുത‌്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ കുട്ടികള്‍ രണ്ടു പേരും കട്ടിലിലും കുമാരിയെ കട്ടിലിനു താഴെയുമാണ‌് ഉണ്ടായിരുന്നത‌്. കുമാരിയുടെ കഴുത്തിനു ചുറ്റും ദേഹത്തും വെട്ടേറ്റിട്ടുണ്ട്.

മേഘയ്ക്കും മനോജിനും പിന്‍കഴുത്തിലും തലയിലും ആഴത്തില്‍ വെട്ടേറ്റു. മനോജിന്റെ കൈവിരലുകളും അറ്റുപോയി. കൊലപാതകത്തിനുശേഷം വീടിന‌് പുറത്ത് കുറച്ചു സമയം ഉറങ്ങിയ മാണിക്യന്‍ തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ ചന്ദനപ്പുറത്തെ തറവാട്ടിലെ‌ത്തി. തുടര്‍ന്ന് കരിഞ്ഞാലിപ്പള്ളത്തെ സ്വന്തം വീടിന്റെ ആധാരവും മറ്റ് രേഖകളും കവറിലാക്കി അമ്മയെ ഏല്‍പ്പിച്ചു.എന്താണിതെന്ന് ചോദിച്ചപ്പോള്‍ കുറച്ചു കഴിഞ്ഞ് അറിയാമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ നിന്നും പോയെന്നും പിന്നീട് ചിറ്റൂരിലെത്തി ചായ കുടിച്ച ശേഷമാണ്പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്ന‌ും പൊലീസ‌് പറഞ്ഞു. കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു.

കൊല്ലങ്കോട് രാജാസ് സ്കൂളിലെ എട്ടാം ക്ലാസ‌് വിദ്യാര്‍ഥിയാണ് മനോജ്. ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ‌് വിദ്യാര്‍ഥിനിയാണ് മേഘ. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് മാണിക്യനും കുമാരിയും ചെയ്തിരുന്നത്. കുമാരി സമീപ വീടുകളില്‍ ജോലിക്കും പോയിരുന്നു.

ഫോറന്‍സിക്, വിരലടയാള വിദഗ‌്ധരും തെളിവെടുത്തു. എസ‌്പി ദേബേഷ് കുമാര്‍ ബെഹ്റ, പാലക്കാട‌് ഡിവൈഎസ‌്പി ജി ഡി വിജയകുമാര്‍, ചിറ്റൂര്‍ സിഐ വി ഹംസ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement