മലപ്പുറം: ഒമ്പതുവയസുകാരനെ പ്രളയത്തിനിടയില്‍ പുഴയിലേക്കെറിഞ്ഞ കേസിലെ പ്രതി പിടിയില്‍. മേലാറ്റൂര്‍ എടയാറ്റൂരില്‍ നടന്ന അരുംകൊലയില്‍ കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദാണ് അറസ്റ്റിലായത്.
മംഗലത്തൊടി അബ്ദുള്‍ സലീം- ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹീനെയാണ് ഇയാള്‍ ആര്‍ത്തലച്ചെത്തിയ കടലുണ്ടി പുഴയിലേക്ക് പ്രളയസമയത്ത് എറിഞ്ഞത്. ആനക്കയം പാലത്തിനു മുകളില്‍ നിന്നാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. സ്വന്തം സഹോദരനില്‍ നിന്ന് പണം തട്ടിയെടുക്കാനായിരുന്നു ഇയാള്‍ കുട്ടിയെ തട്ടിയെടുത്തതെന്നാണ് സൂചന.
ഈ മാസം പതിമൂന്ന് മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെയാണ് ഇയാള്‍ അരുംകൊല ചെയ്യാന്‍ തീരുമാനിച്ചത്. കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ പുഴയിലും പരിസര പ്രദേശങ്ങളിലും പുരോഗമിക്കുകയാണ്.
ബൈക്കില്‍ ഇയാള്‍ക്കൊപ്പം കുട്ടിയും യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് കിട്ടിയതോടെയാണ് അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിച്ചത്. രണ്ടു ലക്ഷം രൂപ കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കുട്ടിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിപ്പിച്ച നിരവധി പ്രതിഷേധങ്ങളിലെല്ലാം മുഹമ്മദും പങ്കെടുത്തിരുന്നു.