എലവഞ്ചേരി: നെന്മാറ-കൊല്ലങ്കോട് പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ക്ഷേത്രദര്‍ശനത്തിന് കാറില്‍ വരികയായിരുന്ന നവദമ്പതിമാര്‍ മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ പൊന്നൂക്കര മതിക്കുന്ന് കോളനിയിലെ തെക്കേത്തറ പരേതനായ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍ (32) ഭാര്യ മല്ലിക(24) എന്നിവരാണ് മരിച്ചത്. കുമ്പളക്കോട് പാലത്തിന് സമീപം വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പൊള്ളാച്ചിയില്‍ നിന്ന് തൃശ്ശൂരിലേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്സും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
മല്ലിക അപകടസ്ഥലത്തു തന്നെ മരിച്ചു. മണികണ്ഠന്‍ തൃശ്ശൂര്‍ ആസ്പത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു. കുമ്പളക്കോട് ഇറക്കത്തില്‍ ബസും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. മാര്‍ച്ച് 18നായിരുന്നു ഇവരുടെ വിവാഹം. സ്വര്‍ണതൊഴിലാളിയാണ് മണികണ്ഠന്‍. ഇരുവരുടെയും സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് വടൂക്കര ശ്മശാനത്തില്‍ നടത്തും. ഇടുങ്ങിയ പാതയും വളവുമുള്ള കുമ്പളക്കോട്ടില്‍ സമീപകാലത്തുണ്ടായ എട്ടാമത്തെ അപകടമാണിത്.