തിരുവനന്തപുരം: ടെലിവിഷൻ സംവിധായികയുടെ ആരോപണത്തിൽ മറുപടിയുമായി നടന്‍ മുകേഷ്. പെൺകുട്ടിയെ പരിചയമല്ലെന്നും സംഭവത്തെക്കുറിച്ച് അറിയില്ലെന്നും മുകേഷ് പ്രതികരിച്ചു.
ടെസ് ജോസഫ് എന്ന മാധ്യമപ്രവർത്തകയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകർ ചോദിച്ച ചോദ്യത്തിനായിരുന്നു മുകേഷിന്റെ പ്രതികരണം.
ഈ സംഭവം ഗൗരവമായി എടുക്കുന്നില്ലെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുകേഷ് പറഞ്ഞു. താനൊരു എംഎൽഎ ആയ കൊണ്ടാകാം ഇത്തരത്തിലൊരു നീക്കമെന്നും ഇതിന് പിന്നിൽ ഗൂഡലക്ഷ്യമുണ്ടെന്നും മുകേഷ് വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു.